തിരുവനന്തപുരം: നടി ശ്രീവിദ്യയുടെ വിൽപ്പത്രം നടപ്പാക്കിയില്ലെന്ന പരാതിയിൽ കെ ബി ഗണേശ് കുമാർ എംഎൽഎക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. നടി ശ്രീവിദ്യയുടെ വിൽപ്പത്രം അട്ടിമറിച്ചെന്ന പരാതിയിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവു നൽകിയത്. ഇതു സംബന്ധിച്ചു ശ്രീവിദ്യയുടെ സഹോദരൻ ശങ്കരരാമൻ മന്ത്രിക്കു നൽകിയ പരാതി ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യനു കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ശുപാർശ പ്രകാരമാണ് കേസ് െ്രെകം ബ്രാഞ്ചിനു കൈമാറിയത്. ഇതു സംബന്ധിച്ച കേസ് ലോകായുക്തയിലും നിലവിലുണ്ട്.

തന്റെ സ്വത്തിൽ ഒരു ഭാഗം പാവപ്പെട്ട വിദ്യാർത്ഥികൾക്കു ധനസഹായം നൽകാനും സംഗീതനൃത്ത വിദ്യാലായം ആരംഭിക്കാനും ഉപയോഗിക്കണം, സഹോദരന്റെ രണ്ട് ആൺമക്കൾക്കും അഞ്ചു ലക്ഷം രൂപ വീതം നൽകണം, രണ്ടു ജോലിക്കാർക്കു ഒരു ലക്ഷം രൂപ വീതം നൽകണം എന്നെല്ലാം ശ്രീവദ്യ വിൽപ്പത്രത്തിൽ പറഞ്ഞിരുന്നു. അതു നടപ്പാക്കാൻ ഗണേശ് കുമാറിനെയാണു ചുമതലപ്പെടുത്തിയത്. എന്നാൽ ഗണേശ് ഇതൊന്നും ചെയ്തില്ലെന്നാണു പരാതി.

ശ്രീവിദ്യ ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത വിൽപ്പത്രത്തിലാണു മരണാനന്തരം ചെയ്യേണ്ട കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്. സംഗീത, നൃത്ത സ്‌കൂൾ തുടങ്ങണം, ട്രസ്റ്റ് രൂപവത്കരിച്ച് പാവപ്പെട്ട വിദ്യാർത്ഥികൾക്കു ധനസഹായം നല്കണം, സഹോദരന്റെ മക്കൾക്ക് അഞ്ചു ലക്ഷം രൂപ വീതം നല്കണം തുടങ്ങിയവയായിരുന്നു വിൽപ്പത്രത്തിലെ കാര്യങ്ങൾ. ഇക്കാര്യങ്ങൾ ചെയ്യാൻ ഗണേശ് കുമാറിനെയാണു ശ്രീവിദ്യ ചുമതലപ്പെടുത്തിയിരുന്നത്.

എന്നാൽ ശ്രീവിദ്യ പറഞ്ഞ കാര്യങ്ങളൊന്നും ഗണേശ് ചെയ്തിട്ടില്ലെന്നാണു സഹോദരന്റെ ആരോപിച്ചിരുന്നത്. ഇക്കാര്യം ഇദ്ദേഹം ലോകായുക്തയിൽ നൽകിയ മൊഴിയിലും രേഖപ്പെടുത്തിയിരുന്നു. തന്റെ മക്കൾക്ക് ഇതുവരെ പണം നല്കിയിട്ടില്ല. ട്രസ്റ്റ് രൂപവത്കരിച്ചെങ്കിലും ഒരു പ്രവർത്തനവും നടക്കുന്നില്ലെന്നും സഹോദരൻ മൊഴി നല്കി. ഗണേശിനെതിരേ രണ്ടു തവണ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അതിനാലാണ് വീണ്ടും പരാതിയെന്നും ശങ്കരരാമൻ പറഞ്ഞു.

വിൽപ്പത്രം ഗണേശ് അട്ടിമറിച്ചുവെന്നാരോപിച്ച് പാലക്കാട് സ്വദേശി രവീന്ദ്രനാഥാണു ലോകായുക്തയെ സമീപിച്ചത്. കേസിൽ സാക്ഷിയാണു ശ്രീവിദ്യയുടെ സഹോദരൻ ശങ്കരരാമൻ. നടിയുടെ ആഗ്രഹം സഫലമാക്കാതെ മറ്റ് ആവശ്യങ്ങൾക്ക് ഗണേശ് പണം ഉപയോഗിച്ചു എന്ന ആരോപണം അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ തന്നെ സഹോദരൻ ഉന്നയിച്ചിരുന്നു. ഇപ്പോൾ മന്ത്രിസ്ഥാനം പോകുകയും ഗണേശ് മറുകണ്ടം ചാടുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.