പുനലൂർ: കെഎസ്ആർടിസിയിൽ ആകെ മൊത്തം പ്രശ്‌നങ്ങളാണ്. വിഷുവിന് ജീവനക്കാർക്ക് ശമ്പളം നല്കാൻ പോലും സാധിച്ചില്ല. കടത്തിൽ മുങ്ങിയ കോർപ്പറേഷൻ മുന്നോട്ടു പോകാൻ പാടുപെടുന്ന അവസ്ഥയിലുമാണ്. കെഎസ്ആർടി പുറത്തിറക്കിയ സ്വിഫ്റ്റ് ബസ് സംവിധാനത്തിലും പരാതികൾ ഉയരുകയാണ്. ഇങ്ങനെ നിരവധി പ്രശ്‌നങ്ങളിൽ ഉഴറുന്ന കെഎസ്ആർടിസിയെ പരിഹസിച്ചും കെ ബി ഗണേശ് കുമാർ എംഎൽഎ രംഗത്തുവന്നു.

ഗതാഗത മന്ത്രിയാകാതിരുന്നത് നന്നായെന്ന് കെ.ബി. ഗണേശ് കുമാർ എംഎൽഎ പറയുന്നത്. ഗതാഗത മന്ത്രിയായിരുന്നെങ്കിൽ ഈ ദുരിതം മുഴുവൻ ഞാൻ അനുഭവിക്കേണ്ടി വന്നേനെയെന്ന് അദ്ദേഹം പറഞ്ഞു. പുനലൂർ എസ് എൻ ഡി പി യൂണിയൻ പരിധിയിലെ കമുകുംചേരി ശാഖയിൽ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേശ് കുമാർ.

മന്ത്രി ആയിരുന്നെങ്കിൽ സ്വിഫ്റ്റ് ഇടിക്കുന്നതിനെല്ലാം ഉത്തരം പറയേണ്ടി വന്നേനെ എന്ന് ഗണേശ് കുമാർ പറഞ്ഞു. 'ദൈവമുണ്ടെന്ന് ഞാൻ പ്രസംഗിക്കുമ്പോൾ ചിലരുടെയൊക്കെ മുഖത്ത് പുച്ഛം, ഓ.. ഇയാളുടെ കൂടെ ഇനി ദൈവവും ഉണ്ടോ.എന്റെ കൂടെ ദൈവമുണ്ടെന്ന് ഇന്നത്തെ പത്രം വായിച്ചാൽ മനസ്സിലാവില്ലേ. സ്വിഫ്റ്റ് അവിടെയിടിക്കുന്നു, ഇവിടെയിടിക്കുന്നു...ഇതിനെല്ലാം ഞാൻ ഉത്തരം പറയേണ്ടി വന്നേനെ' അദ്ദേഹം പറഞ്ഞു.

'എല്ലാം നല്ലതിന് വേണ്ടിയേ ചെയ്യൂ. മന്ത്രിയായാൽ ഞാൻ കെഎസ്ആർടിസിക്ക് ഗുണം ചെയ്‌തേനെയെന്ന് അന്ന് ഹരിദാസേട്ടൻ അനൗൺസ് ചെയ്തിരുന്നു. ആ ചേട്ടൻ തന്നെ ഇയാൾ അതിന്റെ ശേഷക്രിയ നടത്തിയെന്നും പറയാൻ ഇടവന്നില്ലല്ലോയെന്ന് വിചാരിച്ചാൽ മതി. നമ്മൾ ആള് രക്ഷപ്പെട്ടല്ലോയെന്നാണ് എന്റെ തോന്നൽ. ഞാൻ അതിനേക്കാളും സന്തോഷത്തിൽ ഇരിക്കുവാ'' ഗണേശ് കുമാർ കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾക്കായി ആരംഭിച്ച കെ സ്വിഫറ്റ് ബസ് സർവീസുകൾ കന്നിയാത്ര മുതൽ അപകടത്തിൽപ്പെടുന്നത് വലിയ ചർച്ചയായിരുന്നു. എന്നാൽ കെ സ്വിഫ്റ്റിനെതിരെ നടക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നും നടക്കുന്നത് സംഘടിത ആക്രമണമാണെന്നും കെഎസ്ആർടിസി ആരോപിച്ചിരുന്നു.

അതേസമയം കെഎസ്ആർടിസി സ്വിഫ്റ്റിന് നേരെ ഉയർന്ന വിമർശങ്ങൾക്കിടയിലും സംരംഭത്തിന് ലഭിച്ച സ്വീകാര്യതയിൽ നന്ദി അറിയിച്ച് കെഎസ്ആർടിസി ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവർ' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്, അതാണ് കെഎസ്ആർടിസി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യതക്ക് കാരണമെന്നും പോസ്റ്റിൽ പറയുന്നു.