- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെങ്ങിൻ തൈ വയ്ക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്; വച്ച തെങ്ങിൽ നിന്നുള്ള തേങ്ങയ്ക്ക് വിലയില്ലാത്ത കാലമാണ്; അപ്പോഴാണ് വീണ്ടും തെങ്ങിൻ തൈ; സുരേഷ് ഗോപിയെ പരോക്ഷമായി ട്രോളി കെ ബി ഗണേശ്കുമാർ എംഎൽഎ
പത്തനംതിട്ട: തേങ്ങയ്ക്ക് വിലയില്ലാത്ത കാലത്ത് തെങ്ങിൻ തൈയുമായി ചിലർ ഇറങ്ങിയിട്ടുണ്ടെന്ന് കേരളാ കോൺഗ്രസ് ബി ചെയർമാൻ കെ.ബി. ഗണേശ്കുമാർ. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കേരളാ കോൺഗ്രസ് ബിയിലേക്ക് എത്തുന്ന നേതാക്കൾക്കും ജനപ്രതിനിധികൾക്കും പ്രവർത്തകരും അംഗത്വം നൽകുന്ന യോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം സുരേഷ് ഗോപിയെ പരോക്ഷമായി ട്രോളിയത്. കർഷക സമരത്തെ എതിർക്കുകയും അവിടെ കിടന്ന് മഴയും തണുപ്പും അടിക്കുമ്പോൾ സമരം നിർത്തിപ്പൊക്കോളുമെന്ന നിലപാട് സ്വീകരിച്ച പാർട്ടിയുടെ പ്രവർത്തകനെയാണ് ഗണേശ് ട്രോളിയത്. സ്മൃതി കേരം എന്ന പേരിൽ സുരേഷ് ഗോപി നടപ്പാക്കിയ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒന്നരക്കോടി ജനങ്ങൾക്ക് തെങ്ങിൻ തൈ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യമാണ് ഗണേശ് കളിയാക്കാൻ ഉപയോഗിച്ചത്.
നേരത്തേ വച്ച തെങ്ങിൽ നിന്നുള്ള തേങ്ങയ്ക്ക് വില കിട്ടുന്നില്ല. റബറിനിപ്പോൾ വില കൂടിയിട്ടുണ്ട്. അത് കോവിഡ് കാരണം മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയില്ലാത്തതു കൊണ്ടാണ്. ഇറക്കുമതി തുടങ്ങുമ്പോൾ കൂടിയ വില റബറിന് കുറയുമെന്നും ഗണേശ് പറഞ്ഞു.
ആരോ അലവാതികൾ സോഷ്യൽ മീഡിയയിൽ പഴയ കേരളാ കോൺഗ്രസ് എന്നെഴുതി. അങ്ങനെ ഒരു കേരളാ കോൺഗ്രസുണ്ടോ? പഴയ സാധനം എടുക്കുന്ന ആക്രിക്കട എന്ന പറയുന്ന പോലെ പഴയ കേരളാ കോൺഗ്രസ് ഒന്നില്ല. പഴയതും പുതിയതുമൊന്നുമില്ല ഒറ്റ കേരളാ കോൺഗ്രസേ ഉള്ളൂ. ഈ പാർട്ടിയുടെ ലക്ഷ്യം അധികാരമല്ല. ജനങ്ങൾക്ക് വേണ്ടി നല്ലതു ചെയ്യുകയാണ്.
പല കാലങ്ങളിലും അധികാരത്തിന് വേണ്ടി ഭിന്നിച്ചു പോയ നേതൃത്വമാണ് കേരളാ കോൺഗ്രസിനെ ശിഥിലമാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിൽ കേരളാ കോൺഗ്രസ് മാത്രമേ തല്ലിപ്പിരിഞ്ഞു പോയിട്ടുള്ളൂ. ബാക്കി എല്ലാ സംസ്ഥാനങ്ങളും പ്രാദേശിക പാർട്ടികൾ ഭരിച്ചിട്ടുണ്ട് എന്നുള്ളത് വിസ്മരിക്കരുത്. സംസ്ഥാനത്തെ ഏക ജനാധിപത്യ മതേതര കേരളാ കോൺഗ്രസാണ് ആർ ബാലകൃഷ്ണപിള്ള സ്ഥാപിച്ചത്. മറ്റു കേരളാ കോൺഗ്രസുകളിൽ നിന്നും വ്യത്യസ്തമായി ഇതിൽ എല്ലാ ജാതി മതസ്ഥരുമുണ്ട്. സാധാരണക്കാരന്റെ പാർട്ടിയാണിത്. എല്ലാ വിഭാഗത്തിലുമുള്ളവർ നേതൃസ്ഥാനത്തിലുണ്ട്. പാർട്ടി വളർച്ചയുടെ പാതയിലാണ്.
ഓൺലൈൻ മുഖേനെയാണ് അംഗത്വം നൽകുന്നത്. ഇതിനായി പ്രത്യേക സോഫ്ട്വെയർ വികസിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ അംഗത്വം നൽകുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാർട്ടിയാണ് കേരളാ കോൺഗ്രസ് ബി. അധികാരത്തിലെത്തുന്നതിനായി എന്തും കാട്ടിക്കൂട്ടുന്നു പറയുന്ന, പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയാകില്ല കേരളാ കോൺഗ്രസ് ബി. വെറുമൊരു രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കാനില്ല. മനുഷ്യന് ഉപകാരം ചെയ്യുന്ന പാർട്ടിയാകണം. ഇതിനായി ഗാന്ധിജിയുടെ വാക്കുകൾ പ്രാവർത്തികമാക്കുകയാണ് ചെയ്യുന്നത്. ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയ പ്രവർത്തകരുണ്ടാകണം എന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ് കേരളാ കോൺഗ്രസ് ബി സഫലമാക്കുന്നത്.
പലവിധ ആശയങ്ങൾ പ്രസംഗിച്ചും പറഞ്ഞും നടക്കുന്ന രാഷ്ട്രീയക്കാരുണ്ട്. അതൊക്കെ അധികാരത്തിലെത്തുന്ന തിനുള്ള മാർഗങ്ങളുടെ ഭാഗമാണ്. അധികാരത്തിന് അപ്പുറം ആൾക്കാരെ സഹായിക്കുന്ന ഒരു പാർട്ടിയായി കേരളാ കോൺഗ്രസ് മാറും. നമുക്ക് ഏതു വിഷയത്തിലും പ്രതികരിക്കാം. പക്ഷേ, നമ്മൾ എന്തു ചെയ്യുന്നുവെന്ന് നാട്ടുകാർ അറിയണം. ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യുന്ന പാർട്ടിയുടെ നേതാവ് എന്ന നിലയിൽ അവർക്ക് മുന്നിൽ അറിയപ്പെടുകയും വേണമെന്ന് ഗണേശ്കുമാർ പറഞ്ഞു.
കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗവും കെടിയുസി (എം) ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ. ജേക്കബിന് അംഗത്വം നൽകിയാണ് അംഗത്വ വിതരണം ഗണേശ്കുമാർ ഉദ്ഘാടനം ചെയ്തത്. 46 വർഷമായി കേരളാ കോൺഗ്രസിൽ പ്രവർത്തിക്കുന്ന താൻ ജില്ലാ നേതൃത്വത്തിന്റെ അവഗണനയിൽ മനം നൊന്താണ് പാർട്ടി വിട്ടതെന്നും എന്നും കേരളാ കോൺഗ്രസുകാരനായിരിക്കണമെന്നുള്ളതു കൊണ്ടാണ് സ്ഥാപക നേതാവിന്റെ പാർട്ടിയിലേക്ക് ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷറർ കെജി പ്രേംജിത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയർമാന്മാരായ എംവി മാണി എക്സ് എംഎൽഎ.
അഡ്വ: പോൾ ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ജോസ് ചെമ്പേരി, സി. വേണുഗോപാലൻ നായർ, സംസ്ഥാന കമ്മറ്റി അംഗം സജു അലക്സാണ്ടർ, യൂത്ത് ഫ്രണ്ട് (ബി) സംസ്ഥാന പ്രസിഡന്റ് ലിജോ ജോൺ, കേരളാ കോൺഗ്രസ് (ബി) കൊല്ലം ജില്ലാ പ്രസിഡന്റും കൊട്ടാരക്കര നഗരസഭ ചെയർമാനുമായ എ. ഷാജു, പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സത്യൻ കണ്ണങ്കര, പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, കൗൺസിലർ സുജ അജി, കേരള ദളിത് ഫ്രണ്ട്(എം) മുൻ ജില്ലാ പ്രസിഡന്റ് കെകെ ഗോപാലൻ,
കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വർക്കേഴ്സ് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ബിജു എബ്രഹാം.
യൂത്ത് ഫ്രണ്ട് (എം) മുൻ ജില്ലാ സെക്രട്ടറി സാം ജോയ്ക്കുട്ടി, ആറന്മുള നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ജോൺ പോൾ മാടപ്പള്ളി, മുൻ നഗരസഭ കൗൺസിലർ ബിജിമോൾ മാത്യു, റബേക്ക ബിജു, സുനിൽ വലഞ്ചുഴി, മുരളീധരൻ ആശാരി, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു. കേരളാ കോൺഗ്രസ് (എം), ആർ.എസ്പി, കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നുമുള്ള ഇരുന്നൂറിൽപ്പരം പേരാണ് പുതിയതായി പാർട്ടിയിലേക്ക് വന്നിട്ടുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്