- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ മേൽശാന്തിയിൽ നിന്ന് കെട്ടിവയ്ക്കാനുള്ള തുക വാങ്ങി 'ശബരിമല'യെ ചർച്ചയാക്കി; രാധാകൃഷ്ണനെ ഇറക്കി അമിത് ഷായുടെ റോഡ് ഷോയുമായി ബിജെപിയുടെ കളം നിറയലും; നിശബ്ദ പ്രചരണ ദിവസം 'ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ സഹായിക്കരുത് എന്ന്' പോസ്റ്റർ; കർമ്മ സമിതിയുടെ പോസ്റ്ററിന് പിന്നിൽ ബാബുവോ? തൃപ്പുണ്ണിത്തുറയിൽ വിവാദം

കൊച്ചി: ത്രികോണ പോരിൽ വലയരുന്ന തൃപ്പൂണിത്തുറയിൽ ശബരിമലയാണ് മുഖ്യ പ്രചരണ വിഷയം. അപ്പോൾ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ തൃപ്പുണിത്തുറയിൽ ശബരിമലയെ ചൊല്ലി പോര്. ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ സഹായിക്കരുത് എന്ന് ശബരിമല കർമസമിതിയുടെ പേരിൽ തൃപ്പൂണിത്തുറയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്റെ പോസ്റ്ററുകൾക്ക് മുകളിലും ഈ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.
എന്നാൽ തങ്ങളല്ല പോസ്റ്ററുകൾക്ക് പിന്നിലെന്ന് കർമസമിതി വ്യക്തമാക്കി. പോസ്റ്ററിന്റെ ഗുണഭോക്താവ് കെ.ബാബുവാണെന്നും ബാബുവിനെതിരേ പരാതി നൽകുമെന്നും ബിജെപി സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. ആർ എസ് എസിന്റെ നിയന്ത്രണത്തിലാണ് ശബരിമല കർമ്മ സമിതിയുടെ പ്രവർത്തനം. ബിജെപി സ്ഥാനാർത്ഥിക്കായി ആർഎസ്എസ് അതിശക്തമായി പ്രചരണത്തിലുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം റോഡ് ഷോയും നടത്തി. ബിജെപിയുടെ എ പ്ലസ് മണ്ഡലവും.
ശബരിമല മുൻ മേൽശാന്തിയാണ് ബാബുവിനെ കെട്ടിവയ്ക്കാനുള്ള പണം തെരഞ്ഞെടുപ്പിന് നൽകിയത്. അന്ന് മുതൽ തന്നെ ശബരിമലയിൽ പ്രചരണവും തുടങ്ങി. ബിജെപി അതിശക്തനായ കെ എസ് രാധാകൃഷ്ണനെ സ്ഥാനാർത്ഥിയുമാക്കി. ഇതോടെ ത്രികോണ പോര് അതിശക്തമായി. കഴിഞ്ഞ തവണയും ബിജെപി നേടിയ അധിക വോട്ടുകളാണ് ബാബുവിന്റെ തോൽവിക്ക് കാരണം. ഈ സാഹചര്യത്തിലാണ് ശബരിമല പോസ്റ്ററും വിവാദമാകുന്നത്.
'പോസ്റ്ററിന്റെ ഗുണഭോക്താവ് യുഡിഎഫ് സ്ഥാനാർത്ഥി കെ.ബാബുവാണ്. ഒന്നുകിൽ അതിന്റെ ഉത്തരവാദിത്തം ബാബു നിഷേധിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിനെതിരേ കേസെടുക്കേണ്ടി വരും. ഈ ഒരു നിലയിലേക്ക് താഴരുത്. പരാജയഭീതി ബാബുവിനെ ഗ്രസിച്ചിരിക്കുന്നു '-രാധാകൃഷ്ണൻ പറഞ്ഞു. രാവിലെയാണ് തൃപ്പൂണിത്തുറയിലെ ക്ഷേത്രപരിസരത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കർമസമിതിയുടെ പേരിലായിരുന്നു പോസ്റ്ററുകൾ.
ബിജെപിക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയപ്പിക്കരുതെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. പോസ്റ്ററുകൾ ക്ഷേത്ര പരിസരത്തിന് പുറമേ വീടുകളിലും എത്തിച്ചിട്ടുള്ളതായി ബിജെപി. ആരോപിക്കുന്നു. ഇതിനെതിരേ ശക്തമായി പ്രതികരിക്കുമെന്ന് കർമസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളും നാമജപ ഘോഷയാത്രയും നടത്തിയത് കർമസമിതിയുടെ നേതൃത്വത്തിലായിരുന്നു. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കർമസമിതിയുടേത്. കർമസമിതിയുടെ ചുമതലക്കാരിൽ ഒരാളാണ് കെ.എസ്.രാധാകൃഷ്ണനും.
ഇത്തരമൊരു പോസ്റ്റർ ശബരിമല കർമസമിതി പുറത്തിറക്കിയിട്ടില്ല എന്നാണ് കർമസമിതിയുടെ നേതാക്കൾ പറയുന്നത്. ഇത് വോട്ട് മറിക്കാനുള്ള യുഡിഎഫിന്റെ അടവാണെന്ന് ബിജെപി ആരോപിക്കുന്നു. കെ ബാബുവും എം സ്വരാജും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃപ്പൂണിത്തുറയിൽ ബിജെപി വോട്ട് കൂടി പോക്കറ്റിലാക്കാനുള്ള യുഡിഎഫ് നീക്കമാണെന്നാണ് ആരോപണമുയരുന്നത്. ഇതിനെതിരെ ബിജെപി സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണൻ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
ബിജെപിക്ക് ലഭിക്കുന്ന വോട്ടിന്റെ ഒരുഭാഗം തനിക്ക് കിട്ടുമെന്ന് കെ.ബാബു നേരത്തേ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നിഷ്പക്ഷ വോട്ടുകളെ കുറിച്ചാണ് താൻ സംസാരിച്ചതെന്ന് അദ്ദേഹം നിലപാട് തിരുത്തുകയും ചെയ്തിരുന്നു.


