കൊച്ചി: മാറി നിന്നപ്പോൾ ചേർത്തു പിടിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു എന്ന് മുന്മന്ത്രിയും തൃപ്പൂണിത്തുറ നിയുക്ത എംഎ‍ൽഎയുമായ കെ.ബാബു. വിജിലൻസ് കേസുകളും അഴിമതി ആരോപണങ്ങളും മാനസികമായി തളർത്തിയ ഘട്ടത്തിലാണ് രാഷ്ട്രീയ രംഗത്ത് നിന്നും മാറി നിൽക്കേണ്ടി വന്നത്. സ്വന്തം വീട്ടിലും ഭാര്യയുടെയും മക്കളുടെയും വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി. ഏറെ മാനസിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ മറ്റുള്ളവരെ അഭിമുഖീകരിക്കാൻ വിമുഖതയായി. ഇതോടെ വീട്ടിൽ തന്നെ ഒതുങ്ങുകയായിരുന്നു. ഈ ഘട്ടത്തിൽ കൂടെ നിന്ന് ആശ്വസിപ്പിച്ചത് ഉമ്മൻ ചാണ്ടിയാണ്. ഒപ്പം പ്രിയപ്പെട്ട കുറച്ചുപേരും അണികളും ഉണ്ടായിരുന്നു;- കെ.ബാബു മറുനാടനോട് പറഞ്ഞു.

വിജിലൻസ് കേസ് ബാബുവിനെ വല്ലാതെ വേട്ടയാടിയിരുന്നു. തുടർന്ന് പൊതുരംഗത്ത് നിന്നും പാടെ ഒഴിഞ്ഞു നിന്നു. വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്ന അദ്ദേഹത്തെ നേതാക്കൾ പോലും മറന്നു പോയി. എന്നാൽ തൃപ്പൂണിത്തുറയിലെ ഒരു വിഭാഗം അണികൾക്ക് ഇതിൽ വലിയ വിഷമമുണ്ടായിരുന്നു. മുതിർന്ന നേതാക്കൾ പോലും അകലം പാലിച്ചപ്പോൾ ഉമ്മൻ ചാണ്ടി മാത്രമാണ് എപ്പോഴും ഫോണിൽ വിളിച്ച് സുഖവിവരം തിരക്കിയിരുന്നത്. പൊതു പ്രവർത്തന രംഗത്തേക്ക് വീണ്ടും ഇറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ബാബു തയ്യാറായില്ല. ഇതിനിടയിലാണ് കെ.ബാബു പൊതു രംഗത്തേക്ക് എത്തുന്നില്ലെന്നും രാഷ്ട്രീയ നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ല എന്നുമുള്ള വാർത്ത മറുനാടൻ പുറത്ത് വിട്ടത്. ഇതോടെ പാർട്ടിയിൽ നിന്നും അണികൾക്കിടയിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ടാകുകയും ചെയ്തതോടെ വീണ്ടും സജീവമാകുകയായിരുന്നു.

2018 ലാണ് വീണ്ടും പൊതു പ്രവർത്തന രംഗത്തേക്ക് തിരിച്ചെത്തുന്നത്. അണികൾക്കൊപ്പം ചേർന്ന് നിന്ന് തൃപ്പൂണിത്തുറയിൽ പ്രവർത്തിച്ചു. അവരിൽ ഓരാളായി എപ്പോഴും വിളിപ്പുറത്തെത്തുമായിരുന്നു. ആ സ്നേഹം അവർ വോട്ടുകളായി തിരികെ നൽകി വിജയിപ്പിച്ചു. കൂടാതെ എംഎ‍ൽഎ എപ്പോഴും മണ്ഡലത്തിലെ ജനങ്ങൾക്ക് അപ്രാപ്യമായിരുന്നു. വിശ്വാസികളോട് കാട്ടിയ അവഗണനയും പരിഹാസവും ജന മനസ്സുകളിൽ വലിയ ഓളമുണ്ടാക്കി. പറയത്തക്ക വികസനവും മണ്ഡലത്തിൽ കാണാനില്ല. ഇക്കാര്യങ്ങളൊക്കെ അനുകൂലമായി വന്നതോടെ ജനങ്ങൾ തിരിച്ചു ചിന്തിച്ചു തുടങ്ങി. അതിന്റെ നേർക്കാഴ്ചയാണ് ഇപ്പോഴത്തെ വിജയമെന്നും കെ.ബാബു കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം തന്നെയാണ്. വിശ്വാസങ്ങളെ ഹനിക്കുന്ന ഒരു കാര്യങ്ങൾക്കും കൂട്ടുനിൽക്കില്ല. തൃപ്പൂണിത്തുറയിലെ ജനങ്ങൾ രാഷ്ട്രീയ ഭേദമന്യേ വലിയ വിശ്വാസികളാണ്. അവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള നടപടികൾക്ക് തടയിടാൻ ഒപ്പം തന്നെ നിൽക്കും. മണ്ഡലത്തിൽ എല്ലാ വീടുകളിലും വലിയ ആത്മബന്ധം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. താഴേക്കിടയിലുള്ള ആളുകളിലേക്കും വേണ്ട സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുമുണ്ട്. തൃപ്പൂണിത്തുറയിലെ ജനങ്ങൽ ആഗ്രഹിക്കുന്ന വികസനവും സുരക്ഷിതത്വവും നൽകാൻ വേണ്ട നടപടികളുമായി മുന്നോട്ട് പോകും എന്നും ബാബു ഉറപ്പ് പറഞ്ഞു.

കെ.കെ. കുമാരന്റെയും പൊന്നമ്മയുടെയും മകനായി 1951 ജൂൺ 2-ന് ജനിച്ച കെ. ബാബു കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 1977-ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർമാനായിരുന്നു. 1977-ൽ യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റായും പിന്നീടു യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചു. 1982 മുതൽ 1991 വരെ ഡി.സി.സി. ജനറൽ സെക്രട്ടറിയായിരുന്നു. ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നിരവധി ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനം വഹിച്ചിരുന്നു. അങ്കമാലി നഗരസഭയുടെ ആദ്യ ചെയർമാനായിരുന്നു ഇദ്ദേഹം. അങ്കമാലി ഫൈൻ ആർട്‌സ് സൊസൈറ്റി സ്ഥാപകനായ കെ. ബാബു ഇപ്പോൾ എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമാണ്.

1991ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം.എം. ലോറൻസ് എന്ന പ്രമുഖ സിപിഎം നേതാവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ സാമാജികനായ കെ. ബാബു തുടർന്നുള്ള നാലു തെരഞ്ഞെടുപ്പുകളിലും അതേ മണ്ഡലത്തിൽ നിന്നു തന്നെ വിജയിച്ചു. കോൺഗ്രസ്സ് നിയമസഭാകക്ഷി വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. 2011 മെയ് 23-ന് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൽ എക്സൈസ്, തുറുമുഖം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റു.

ബാർ കോഴ വിവാദത്തിൽ ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2016 ജനുവരി 23-ന് മന്ത്രി സ്ഥാനം രാജി വെച്ച് കൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാൽ വിജിലൻസ് കോടതിയുടെ ഉത്തരവ് പിന്നീട് സംസ്ഥാന ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതിനെ തുടർന്ന് ഇദ്ദേഹം രാജി പിൻവലിച്ചു. അതിന് ശേഷവും മന്ത്രിയായി തുടർന്നു. ഈ കേസുകളെല്ലാം പിന്നീട് ഒന്നുമല്ലാതായി എന്നതാണ് വസ്തുത.