കോവിഡ് വ്യാപനം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ രണ്ടാം ഡോസ് വാക്സിൻ വിതരണം ഉടൻ നടത്തണമെന്ന് മുൻ മന്ത്രിയും തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ നിയുക്ത എംഎ‍ൽഎ.യുമായ കെ.ബാബു സർക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിന്റെ ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. സർക്കാർ തന്നെ നേരിട്ട് സ്വകാര്യ ആശുപത്രികളിൽ വാക്സിൻ വിതരണം നടത്തി. ഇതിനെ തുടർന്ന് നിരവധിയാളുകളാണ് സ്വകാര്യ ആശുപത്രികളിൽ നിന്നും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.

42 മുതൽ 56 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാൻ സ്വകാര്യ ആശുപത്രികളിൽ എത്തിയ ജനങ്ങൾക്ക് വാക്സിനേഷൻ എടുക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകുന്ന വാക്സിൻ വിതരണം നിർത്തിയതാണ് ഇതിന് കാരണം. ഈ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കണ്ട് സ്വകാര്യ ആശുപത്രികളിൽ ഉടൻ തന്നെ രണ്ടാമത്തെ ഡോസ് വാക്സിൻ വിതരണം നടത്താനുള്ള ക്രമീകരണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് കെ.ബാബു നിവേദനവും നൽകി.