കൊച്ചി: മുന്മന്ത്രി കെ. ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളിലെ വിജിലൻസ് റെയ്ഡ് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ കരുത്ത് കൂട്ടുമെന്നാണ് വിലയിരുത്തൽ. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ഇടപെടൽ തന്നെയാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. കരുതലോടെ കരുക്കൾ നീക്കി ബാബുവിനെതിരായ തെളിവുകൾ മുഴുവൻ പിടിച്ചെടുത്തു. കെ. ബാബു, ബിനാമികളെന്ന് ആരോപിക്കപ്പെട്ട ബാബുറാം, മോഹനൻ എന്നിവർക്കെതിരേ വിജിലൻസ് കേസെടുത്തിട്ടുമുണ്ട്. ഇതിൽ ബിനാമികൾക്കെതിരെ അന്വേഷണം നീളുമെന്ന് ബാബു കരുതിയിരുന്നില്ല. ഈ അപ്രതീക്ഷിത നീക്കമാണ് ബിനാമി സ്വത്തുക്കളുടെ വിശദാംശങ്ങൾ വിജിലൻസിന് ലഭ്യമാക്കിയത്. എല്ലാം രാഷ്ട്രീയ പകപോക്കലെന്ന് ബാബുവും യുഡിഎഫും ആരോപിച്ചു കഴിഞ്ഞു. എന്നാൽ തെളിവുകൾ കണക്കിലെടുക്കുമ്പോൾ കളികാര്യമാകാനാണ് സാധ്യത.

ബാബുവിന്റെയും ബന്ധുക്കളുടെയും അടുപ്പക്കാരുടെയും വീടുകളും ഓഫീസുകളുമടക്കം 10 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ പണവും സ്വർണവും ഭൂമി ഇടപാടിന്റെ രേഖകളും പിടിച്ചെടുത്തു. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും മൂത്തമകൾ ആതിരയുടെ തൊടുപുഴയിലെയും ഇളയമകൾ ഐശ്യര്യയുടെ എറണാകുളം പാലാരിവട്ടത്തെയും വസതികളിലും ആതിരയുടെ ഭർതൃപിതാവിന്റെ തൊടുപുഴയിലെ വീടിനടുത്തുള്ള ടൈൽ ഫാക്ടറി ഓഫീസിലും ബാബുറാം, മോഹനൻ, നന്ദകുമാർ, തോപ്പിൽ ഹരി, ജോജി എന്നിവരുടെ എറണാകുളം കുമ്പളത്തെയും തൃപ്പൂണിത്തുറയിലെയും വസതികളിലും സ്ഥാപനങ്ങളിലും ഒരേ സമയമായിരുന്നു റെയ്ഡ്. ഈ റെയ്ഡിൽ കണ്ടെത്തിയതിന് അപ്പുറം സ്വത്തുക്കൾ ബാബുവിനുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ബാബുവിനെ വിജിലൻസ് അറസ്റ്റ് ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് വിജിലൻസ് നീക്കം. അതിന് ശേഷമാകും അറസ്റ്റെന്നാണ് സൂചന.

അഴിമതിക്കേസിൽ പല റെയ്ഡുകളും കേരളത്തിൽ നടന്നിട്ടുണ്ട്. എന്നാൽ മന്ത്രിസ്ഥാനം ഒഴിഞ്ഞ് മാസങ്ങൾക്കകം വിജിലൻസ് നടപടി എടുക്കുന്നത് ഇത് ആദ്യമായാണ്. ബാബുവിന്റെ വീട്ടിൽനിന്നു തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി ഗ്രാമത്തിൽ 120 ഏക്കർ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട തമിഴിലുള്ള രേഖകളും ഒന്നര ലക്ഷം രൂപയും 180 ഗ്രാം സ്വർണാഭരണങ്ങളും മോഹനന്റെ വീട്ടിൽനിന്ന് 6.6 ലക്ഷം രൂപയും, തൊടുപുഴയിലെ മകളുടെ വീട്ടിൽനിന്നു ഭൂമി ഇടപാടിന്റെ രേഖകളും റെയ്ഡിൽ പിടിച്ചെടുത്തു. എക്‌െസെസ് മന്ത്രിയായിരിക്കെ 20112016 കാലയളവിൽ കേരളത്തിനകത്തും പുറത്തും കോടികളുടെ അനധികൃത സ്വത്ത് ബാബു സമ്പാദിച്ചതായി വിജിലൻസ് സ്‌പെഷൽ സെൽ നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കഴിഞ്ഞ ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.

തമിഴ്‌നാട്ടിലെ തേനിയിലും കർണാടകത്തിലും ബാബുവിനും ബന്ധുക്കൾക്കും ഭൂമിയുണ്ടെന്ന് വിജിലൻസ് നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തി. പോളക്കുളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പാലാരിവട്ടത്തെ റിെനെ മെഡിസിറ്റി ആശുപത്രിയിൽ ബാബുവിന് 60 ശതമാനം ബിസിനസ് പങ്കാളിത്തമുണ്ടെന്നും വിജിലൻസ് കണ്ടെത്തി. വിശ്വസ്തരായ ബാബുറാം, മോഹനൻ, നന്ദകുമാർ, തോപ്പിൽ ഹരി, ജോജി എന്നിവരിലൂടെ ബാബു റിയൽ എസേ്റ്ററ്റ് ഇടപാടുകളും പലിശ ഇടപാടും അടക്കമുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇവരുടെയെല്ലാം ഇടപാടുകൾ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഇത് മനസ്സിലാക്കാൻ ബാബുവിന് വീഴ്ച വന്നു. ഇവരുടെ വീട്ടിൽ റെയ്ഡിന് പൊലീസ് എത്തുമെന്ന് ആരും കരുതിയതുമില്ല. എന്നാൽ രഹസ്യ നീക്കത്തിലൂടെ രേഖകളെല്ലാം വിജിലൻസ് പിടിച്ചെടുത്തു.

മുൻ മന്ത്രി കെ. ബാബുവിന്റെ തൊടുപുഴയിലെ മകളുടെ വീട്ടിൽനിന്നും ഭൂമി ഇടപാടിന്റെ രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി നടത്തിയ സ്ഥലമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണു പിടിച്ചെടുത്തത്. മാസങ്ങളോളം നീണ്ട രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കെ. ബാബു അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെതുടർന്നാണ് എഫ്‌ഐആർ സമർപ്പിച്ചതെന്നു അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി ബിജി ജോർജ് പറഞ്ഞു. കെ. ബാബു മന്ത്രിയായതിനുശേഷം അദ്ദേഹത്തിന്റെ സ്വത്തിൽ അസ്വാഭാവികമായി വളർച്ചയുണ്ടായതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കെ. ബാബുവിന്റെ ബിനാമികളെന്നു വിജിലൻസ് സംശയിക്കുന്ന തൃപ്പൂണിത്തുറയിലെ ബേക്കറിയുടമ മോഹനന്റെ വീട്ടിലും കുമ്പളം സ്വദേശിയായ ബാബുറാമിന്റെ കുമ്പളത്തെ വീട്ടിലും ഓഫീസിലും തൃപ്പൂണിത്തുറ സ്വദേശിയായ നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനത്തിലും എരൂർ സ്വദേശിയായ ജോജി, തോപ്പിൽ ഹരി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.

വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു വിജിലൻസ് റെയ്ഡ്. റെയ്ഡ് നടന്ന മുഴുവൻ സമയവും കെ. ബാബു തൃപ്പുണിത്തുറയിലെ വീട്ടിൽത്തന്നെയുണ്ടായിരുന്നു. രാവിലെ ഏഴിന് ഇവിടെ ആരംഭിച്ച റെയ്ഡ് ഉച്ചകഴിഞ്ഞ് മൂന്നുവരെ തുടർന്നു. മറ്റിടങ്ങളിലെ പരിശോധനകൾ അഞ്ചോടെയാണു പൂർത്തിയായത്. ഒന്നര ലക്ഷം രൂപ കൂടാതെ 21 പവൻ സ്വർണാഭരണങ്ങളും തമിഴ്‌നാട്ടിലെ മയിലാടുംപാറ വില്ലേജിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട നാലു രേഖകളും കെ. ബാബുവിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തതായി പറയുന്നു. തമിഴിലാണു സ്ഥലമിടപാട് സംബന്ധിച്ച രേഖകൾ.