കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് റെയ്ഡ് നടത്തിയതിനെ തുടർന്ന് വെള്ളം കുടിക്കുന്ന മുൻ എക്‌സൈസ് മന്ത്രിക്ക് വിനയായി മരടിലെ ക്രൗൺപ്ലാസ ഹോട്ടൽ വിഷയത്തിലെ വിജിലൻസ് അന്വേഷണവും. നിർമ്മാണത്തിൽ ചട്ടലംഘനവും ബാർലൈസൻസ് അനുവദിച്ചത് അടക്കുള്ളതിലെ ക്രമക്കേടും അടക്കമുള്ള വിഷയങ്ങളിൽ ബാബുവിന് പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. അനധികൃത നിർമ്മാണമാണ് ക്രൗൺ പ്ലാസയുടെ കാര്യത്തിലുണ്ടായതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണവുമായി ബന്ധപ്പെട്ടുകൊണ്ടു മരട് മുനിസിപ്പാലിറ്റിയിലും, എക്‌സൈസ് കമ്മിഷണറുടെ ഓഫീസിലുമുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുത്തതായി കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈഎസ്‌പി ഫിറോസ് ഷെഫിക് മറുനാടൻ മലയാളിയോട് പറഞ്ഞു.

കൃഷി ഭൂമി നികത്തൽ, തീരദേശ പരിപാലന നിയമം ലംഘനം, ദേവാലയത്തോട് ചേർന്നു ബാർ ഹോട്ടൽ തുടങ്ങി തുടങ്ങിയ ആരോപങ്ങൾ കാണിച്ചു വി എസ് അച്യുതാനന്തൻ, മരട് നിവാസികളും, തിരുവനന്തപുരം സ്വദേശിയായ ജയകുമാർ എന്നിവർ രംഗത്തു വന്നിരുന്നു. തുടർന്ന് വിജിലൻസ് ഡയറക്ടർ ഇതുമായി ബന്ധപ്പെട്ടുള്ള ത്വരിതാന്വേഷണത്തിനായി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ ഊർജ്ജിതമായിരിക്കുന്നത് അന്വേഷണ സംഘം മരട് മുനിസിപ്പാലിറ്റിയിൽ നടത്തിയ അന്വേഷണത്തിൽ ചില ഉദ്യോഗസ്ഥരുടേയും മൊഴികൾ എടുത്തതായി അറിയുന്നു ഇതിൽ ക്രൗൺപ്ലാസ പണിതുയർത്തിയത് പല നിയമങ്ങളും കാറ്റിൽ പരാതിയാണ് എന്നാണ് മുനിസിപ്പാലിറ്റിയിൽ നിന്ന് വിജിലൻസ് സംഘത്തിന് ലഭിച്ച മൊഴി.

മരട് കുണ്ടന്നൂർ സിഗ്‌നലിന് സമീപമുള്ള ക്രൗൺ പ്ലാസ ഹോട്ടൽ തീരദേശ പരിപാലന നിയമങ്ങൾ ലഘിച്ചും, കൃഷിഭൂമി നികത്തിയും, കേരളത്തിലെ ഏക കുടുംബി ക്ഷേത്രത്തിന്റ മതിലിനോട് ചേർന്നു ബാർ ലൈസൻസ് വാങ്ങി പ്രവർത്തിക്കുന്ന ഹോട്ടലിന് എങ്ങനെ അനുമതി കിട്ടി എന്നതാണ് അന്വേഷിക്കുന്നത്. ക്രൗൺപ്ലാസക്കാർക്ക് ബാർ ലൈസൻസ് അനുവദിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ കെ ബാബു വഴി വിട്ടു സഹായിച്ചു എന്ന ആരോപണം ശക്തമാണ്. കെ ബാബുവും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കഴിഞ്ഞ സർക്കാരിനേറ്റ കാലത്തുള്ള ഒരു ഹരിത എംഎൽഎയും ഇതിൽ പങ്ക് പറ്റിയിട്ടുണ്ട് എന്നാണ് പരാതിക്കാർ ഉന്നയിക്കുന്നത്. ഇതും ഇപ്പോഴുള്ള അന്വേഷണ സംഘം അന്വേഷണ പരിധിയിൽ വരും.

തീരദേശ നിയമലംഘനം കൂടാതെ കൃഷിഭൂമി നികത്തിയും നിയമങ്ങളെല്ലാം ലംഘിച്ചാണ് നക്ഷത്രഹോട്ടൽ പണിതുയർത്തിയത്. ബാർലൈസൻസ് അനുവദിച്ചതിലും ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ തുടർന്നാണ് വിജിലൻസിന്റെ ത്വരിതാന്വേഷണം തുടങ്ങിയത്. കേരളത്തിലെ ഏക കുടുംബി ക്ഷേത്രത്തിന്റ മതിലിനോട് ചേർന്നു ബാർ ലൈസൻസ് വാങ്ങിയതിൽ വലിയ തോതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന വാർത്ത നേരത്തെ മറുനാടൻ മലയാളിയും റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനാത്തിൽ ഹോട്ടൽ സമുച്ചയം തീരദേശ പരിപാലന നിയമം നോക്കാതെയാണ് പണി പൂർത്തീകരിച്ചത് എന്ന് ആദ്യ അന്വേഷണങ്ങളിൽ തന്നെ മനസിലായെന്നാണ് വിജിലൻസും നൽകുന്ന സൂചന.

ക്രൗൺ പ്ലാസക്കെതിരായ വിജിലൻസ് ത്വരിതാന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ഹോട്ടൽ നിലനിൽക്കുന്ന മരട് മുനിസിപ്പാലിറ്റി യിൽ നിന്നും ഇതുമായി സംബന്ധിച്ച ഫയലുകൾ ശേഖരിച്ചിട്ടുണ്ട്. ഒപ്പം കുടുംബി ക്ഷേത്രത്തിന്റെ മതിലിനോട് ചേർന്നു പണികഴിപ്പിച്ച ഹോട്ടലിന് എങ്ങനെ ബാർ ലൈസൻസ് കിട്ടി എന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ടു. ബാർ ലൈസൻസ് അനുവദിച്ചതിൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർയക്ക് പിന്നിൽ ക്രൗൺ പ്ലാസ് ഹോട്ടലുമായി ബന്ധപ്പെട്ട അഴിമതിയും ഉണ്ടായിരുന്നു. സെൻട്രൽ റേഞ്ച് എസ്‌പി നടത്തിയ പ്രാഥമികാന്വേഷണത്തിൽ ബാബുവിനെതിരെ കേസെടുക്കാൻ തെളിവുണ്ടെന്ന് കണ്ടെത്തിയെന്നാണ് സൂചന.