- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുറമെ മന്ത്രിയും പണിക്കാരുമൊക്കെ; അന്തർധാര സജീവമാണെന്നാ കേൾക്കുന്നേ..'; 'സ്വർണക്കടത്തും കുണ്ടന്നൂർ പാലവും'; സ്വരാജിന്റെ മുൻ പരാമർശത്തെ ദൃശ്യാവിഷ്കാരത്തിലൂടെ ട്രോളി കെ ബാബു
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എം സ്വരാജിന്റെ പഴയ പരാമർശം ചർച്ചയാക്കി കെ ബാബു എംഎൽഎ. സ്വർണക്കടത്ത് കേസ് കത്തി നിന്ന സമയത്ത് അന്ന് എംഎൽഎ കൂടിയായിരുന്ന എം സ്വരാജ് കുണ്ടന്നൂർ പാലത്തിന്റെ നിർമ്മാണത്തെ ഉദാഹരിച്ച് നടത്തിയ പരാമർശത്തെ ദൃശ്യാവിഷ്‌കാരത്തിലൂടെയാണ് കെ ബാബു എംഎൽഎ പരിഹസിച്ചത്.
എം.ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് നടത്തിയ െവളിപ്പെടുത്തലുകൾ രാഷ്ട്രീയ ചർച്ചകൾക്കും തിരിച്ചടികൾക്കും കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ശിവശങ്കറിനെയും ന്യായീകരിച്ച് സിപിഎം നേതാക്കളടക്കം നടത്തിയ ചാനൽ ചർച്ചകൾ ഇപ്പോൾ കുത്തിപ്പൊക്കുകയാണ് കോൺഗ്രസ്. ഇക്കൂട്ടത്തിലാണ് മുൻ എംഎൽഎ കൂടിയായ എം.സ്വരാജ് നടത്തിയ കുണ്ടന്നൂർ പാലത്തിന്റെ ഉദാഹരണം പങ്കുവച്ച് രസകരമായ വിഡിയോ കെ.ബാബു പോസ്റ്റ് ചെയ്തത്.
'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരുമായാണ് 48 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. സ്വരാജ് കുണ്ടന്നൂർ പാലത്തെക്കുറിച്ച് പറയുന്നിടത്ത് സ്വർണ ബിസ്‌ക്കറ്റുകളാണ് കാണാൻ കഴിയുക. എം, ശിവശങ്കർ, സ്വപ്ന എന്നിവർക്ക് പുറമെ സ്വർണക്കടത്ത് കേസിലെ പ്രതികളും വീഡിയോയിലുണ്ട്.
മേൽപ്പാല നിർമ്മാണത്തിന് പിഡബ്ല്യുഡി ടെൻഡർ വിളിച്ച് കരാറുകാരന് കൊടുക്കുന്നു. അത് അദ്ദേഹം സബ് കോൺട്രാക്ടർക്ക് കൊടുക്കുന്നു, ആ സബ് കോൺട്രാക്ടർ നിയമിക്കുന്ന സൂപ്പർവൈസർ സ്വർണം കടത്തിയാൽ പൊതുമരാമത്ത് മന്ത്രി രാജി വയ്ക്കണോ എന്നായിരുന്നു സ്വരാജിന്റെ ചോദ്യം.
'പുറമെ മന്ത്രിയും പണിക്കാരുമൊക്കെ ആണെങ്കിലും അന്തർധാര സജീവമാണെന്നാ കേൾക്കുന്നേ ' എന്ന തലക്കെട്ടോടെയാണ് കെ ബാബു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എം ശിവശങ്കറിന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുന്നതിനിടെയായിരുന്നു സ്വപ്ന സുരേഷ് കേസുമായി ബന്ധപ്പെട്ട പ്രതികരണം നടത്തുന്നത്.
'കുണ്ടന്നൂരിൽ വലിയ ഒരു മേൽപ്പാലം ഇപ്പോൾ പണിഞ്ഞ് കൊണ്ടിരിക്കുകയാണ്. പിഡബ്ല്യുഡിയുടെ ആ വലിയ ഫ്‌ളൈ ഓവറിന്റെ നിർമ്മാണം ടെൻഡർ വിളിച്ച് ഒരു കരാറുകാരന് കൊടുക്കുന്നു. ആ കരാറുകാരൻ അതൊരു സബ് കോൺട്രാക്ടർക്ക് കൊടുക്കുന്നു. ആ സബ് കോൺട്രാക്ടർ ആയിരം തൊഴിലാളികളെയും കൂട്ടി അവിടെ പണിയുന്നു. അതിനൊരു സൂപ്പർവൈസറെ വയ്ക്കുന്നു.
ആ സൂപ്പർവൈസർ സ്വർണം കടത്തിയാൽ പൊതുമരാമത്ത് മന്ത്രി രാജി വയ്ക്കണോ?' ഇതായിരുന്നു അന്ന് സ്വരാജ് പറഞ്ഞ ഉദാഹരണക്കഥ. ഇന്ന് സ്വപ്നയുടെ പ്രതികരണം വന്നതോടെ ഈ കഥയിൽ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ചിത്രങ്ങൾ അടക്കം ഉപയോഗിച്ച് ഈ കഥയുടെ ദൃശ്യാവിഷ്‌കരണം ഒരുക്കി പരിഹസിക്കുകയാണ് കെ.ബാബു.
നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തുന്ന വിവരം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു നേരത്തേതന്നെ അറിയാമായിരുന്നുവെന്നു സ്വപ്ന വ്യക്തമാക്കിയിരുന്നു. സ്വർണം പിടികൂടിയതിന്റെ തലേന്നു രാത്രി സെക്രട്ടേറിയേറ്റിനു സമീപം ശിവശങ്കർ താമസിക്കുന്ന ഫ്‌ളാറ്റിൽ പോയിരുന്നു. ബാഗേജിൽ സ്വർണമാണെന്ന് അറിയിച്ചു. വിഷമിക്കേണ്ടെന്നും കോവിഡ് ആയതിനാലാണ് ബാഗേജ് പിടിച്ചുവച്ചിരിക്കുന്നതെന്നും ഉടൻ വിട്ടുതരുമെന്നുമാണ് ശിവശങ്കർ അന്വേഷിച്ചു മറുപടി തന്നത്. അന്ന് അവിടെ മറ്റൊരു ഫ്‌ളാറ്റിൽ താമസിച്ചതായും കേസിൽ ഇപ്പോൾ ജാമ്യത്തിലുള്ള സ്വപ്ന പറഞ്ഞിരുന്നു.