കൊച്ചി: ബിനാമികളെന്നു വിജിലൻസ് കണ്ടെത്തിയ ബാബുറാമും മോഹനനും ആരെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മുൻ എക്‌സൈസ് മന്ത്രിയായിരുന്ന കെ.ബാബുവിന്റെ പ്രതികരണം. പരസ്യമായി തന്നെ അത് പറയുകയും ചെയ്തു. എന്നാൽ ബാബുറാമും മോഹനനും അത് നിഷേധിച്ചു. ഇരുവരും ബാബുവിനെ അറിയാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതോടെ ബാബുവിന് അടിതെറ്റിയെന്നാണ് വിജിലൻസ് വിലയിരുത്തൽ. ബിനാമികളുടെ സ്വത്ത് ഇടപാടിൽ ബാബുവിനെ കുരുക്കാനുള്ള പലതും വിജിലൻസിന് കിട്ടിയിട്ടുമുണ്ട്. കായംകുളം സ്വദേശിയായ ബാബുറാം 2004 മുതൽ കൊച്ചിയിലാണു സ്ഥിരതാമസം. റിയൽ എസ്റ്റേറ്റാണ് പ്രധാന ബിസിനസ്. യൂത്ത് കോൺഗ്രസ് ആലപ്പുഴ മുൻ ജില്ലാ സെക്രട്ടറിയായ തനിക്കു കെ.ബാബുവിനെ വർഷങ്ങളായി അറിയാമെന്നു ബാബുറാം പറഞ്ഞു. അത്യാവശ്യഘട്ടങ്ങളിൽ കെ.ബാബു തന്റെ കാർ ഉപയോഗിച്ചിട്ടുണ്ട്. വല്ലപ്പോഴും ഫോണിൽ സംസാരിക്കാറുമുണ്ട്. എന്നാൽ, ഒരുതരത്തിലുള്ള ബിസിനസ് ബന്ധവുമില്ലെന്നും ഇവർ പറയുന്നു.

കണ്ണൂർ സ്വദേശിയായ മോഹനൻ കാൽ നൂറ്റാണ്ടു മുൻപാണു ബേക്കറി ബിസിനസുമായി തൃപ്പൂണിത്തുറയിൽ എത്തിയത്. പ്രദേശത്തെ എംഎൽഎ എന്ന നിലയിലുള്ള പരിചയം മാത്രമേ കെ.ബാബുവുമായുള്ളൂവെന്നു മോഹനൻ പറഞ്ഞു. റോയൽ ബേക്കേഴ്‌സിന്റെ ചില കടകൾ എംഎൽഎ എന്ന നിലയിൽ ബാബു ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ഇതിൽ ഇവരെ പരിചയമില്ലെന്ന് ബാബു പറഞ്ഞതാണ് വിനയാകുന്നത്. അതിനിടെ കെ. ബാബുവിന്റെ ബിനാമികളെന്ന് സംശയിക്കുന്ന റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തിയ പ്രധാന ഭൂമി ഇടപാടുകളെപ്പറ്റി വിജിലൻസ് അന്വേഷിക്കുന്നു.ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ പനങ്ങാട്ടുള്ള വില്ല പ്രോജക്ടിന്റെയടക്കം ഇടപാടുകൾ നടത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബാബുറാം വിജിലൻസിനോട് ഇത് സമ്മതിച്ചിട്ടുണ്ട്.

ബിനാമികളെക്കുറിച്ചും ബിനാമി ഇടപാടുകളെക്കുറിച്ചും പരിപൂർണ അജ്ഞതയാണ് കെ. ബാബു റെയ്ഡിനിടെ വിജിലൻസ് അന്വേഷണസംഘം മുമ്പാകെ പ്രകടിപ്പിച്ചത്. കൂട്ടുപ്രതികളായ ബാബുറാമിനെയും മോഹനനെയും അറിയില്ലെന്നാണ് ബാബു റെയ്ഡ് നടത്താനെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. മോഹനൻ നടത്തുന്ന റോയൽ ബേക്കറി ശൃംഖലയെക്കുറിച്ച് ആരാഞ്ഞപ്പോൾ അത് എവിടെയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥനോട് അദ്ദേഹം തിരിച്ചു ചോദിക്കുകയാണുണ്ടായത്. അതുകൊണ്ടാണ് ൂബാബുവിനെ അറിയാമെന്ന മൊഴികൾ നിർണ്ണായകമാകുന്നത്. ബാബുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് മുമ്പായി ബിനാമികളുമായി അദ്ദേഹത്തിനുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ വിജിലൻസിന് ശേഖരിക്കേണ്ടിവരും. കെ.ബാബുവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ കൂട്ടത്തിൽ പരാമർശ വിധേയമായ പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയുടെ സാമ്പത്തിക ഇടപാടുകളും വിജിലൻസ് പരിശോധിക്കും.

പനങ്ങാട് കായൽക്കരയിൽ 15 വില്ലകൾ നിർമ്മിക്കുന്നതിനായി പ്രൈം മെറീഡിയൻ എന്ന റിയൽ എസ്‌റ്റേറ്റ് സ്ഥാപനത്തിന് ഭൂമി നൽകിയത് ബാബുറാം മുഖേനയായിരുന്നു. ഇതടക്കം ബാബുറാം നടത്തിയ 41 ഭൂമി ഇടപാടുകളുടെ വിവരങ്ങൾ ഇയാളുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. എൺപത്തഞ്ചോളം രേഖകൾ ഇയാളുടെ വീട്ടിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലുള്ള അടുപ്പം മാത്രമാണ് കെ. ബാബുവുമായുള്ളതെന്നും ബാബുവിന്റെ പണം റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾക്ക് ഉപയോഗിച്ചിട്ടില്ലെന്നുമാണ് ബാബുറാം വിജിലൻസിനോടു പറഞ്ഞത്. കൈകാര്യം ചെയ്യുന്ന ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോൾ ആഡംബര വീട്ടിലല്ല ബാബുറാം താമസിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ വസ്തു ഇടപാടുകൾ നടത്തിയിട്ടുള്ള ഇയാൾക്ക് നിരവധി വാഹനങ്ങളുണ്ടെങ്കിലും വാടക വീട്ടിലാണ് താമസമെന്നാണു വിശദീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം വിശദമായ പരിശോധനയിലൂടെയേ വ്യക്തമാകൂ. ബാബുറാം ഭൂമി വാങ്ങിയവരും ബാബുറാമിൽനിന്നു ഭൂമി വാങ്ങിയവരടക്കമുള്ളവരിൽനിന്നു നേരിട്ടു മൊഴിയെടുത്തായിരിക്കും ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം വിജിലൻസ് നടത്തുക. സച്ചിന്റെ വില്ലയുമായി ബന്ധപ്പെട്ട ഭൂമി കച്ചവടവും ഇതിന്റെ ഭാഗമായി അന്വേഷണവിധേയമാകും.

ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളുടെയും വീടുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തതു നൂറിലധികം രേഖകളാണ്. കെ. ബാബുവിന്റെ വീട്ടിൽനിന്നു മുപ്പതോളം രേഖകളും പിടിച്ചെടുത്തു. ബാബുവിന്റെയും മക്കളുടെയും പേരിലുള്ള അഞ്ചുബാങ്ക് അക്കൗണ്ടുകളും മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകളുമാണ് വിജിലൻസ് മരവിപ്പിച്ചിട്ടുള്ളത്. എസ്.ബി.ടിയുടെ തൃപ്പൂണിത്തുറ ശാഖയിൽ ബാബുവിന് നാല് അക്കൗണ്ടുകളും മകളുടെ പേരിൽ ഒരു അക്കൗണ്ടുമുണ്ട്. ഇത് മരവിപ്പിക്കാൻ ശനിയാഴ്ച തന്നെ ബാങ്ക് അധികൃതർക്ക് കത്തുനൽകി. വേറെയും അക്കൗണ്ടുകളും ലോക്കറുകളും ബാബുവിനും ബന്ധുക്കൾക്കും ഉള്ളതായി വിജിലൻസ് കരുതുന്നു. ഇത് കണ്ടെത്തി മരവിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ടാകും. വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ നടന്ന പണമിടപാടുകൾ വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കും.

റെയ്ഡ് രേഖകൾ: കോടതിയിൽ ഹാജരാക്കും

ബാബുവിന്റെ വീടടക്കം ആറിടത്തെ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും പണവും സ്വർണാഭരണങ്ങളും ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പെൺമക്കളുടെ പേരിലുള്ള ബാങ്ക് ലോക്കറുകൾ രണ്ടു ദിവസത്തിനകം തുറന്നു പരിശോധിക്കും. ലോക്കറുകൾ വിജിലൻസ് പൂട്ടി മുദ്രവച്ചിരുന്നു.

പിടിച്ചെടുത്ത രേഖകൾ ഇന്നു മൂവാറ്റുപുഴ കോടതിയിൽ സമർപ്പിക്കും. ഇതിൽ തുടരന്വേഷണത്തിന് ആവശ്യമുള്ള രേഖകൾ അന്വേഷണ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വാങ്ങുന്ന രേഖകളുടെ പരിശോധനയും ചോദ്യം ചെയ്യലും തുടർ വിവര ശേഖരണവും ഇന്നുതന്നെ ആരംഭിക്കും.

ബാബുവിന്റെ ബിനാമികളായ രണ്ടു പേരോടുചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നോ നാളെയോ ഇവരെ ചോദ്യം ചെയ്യും. കെ. ബാബുവിനെയും കൂട്ടു പ്രതികളായ ബാബുറാം, മോഹനൻ എന്നീ ബിനാമികളുടെയും ചോദ്യം ചെയ്യൽ അടുത്ത ആഴ്ചയോടെ മാത്രമേ ഉണ്ടാകൂവെന്നാണ് സൂചന. അതിനുമുമ്പ് കേസിൽ സാക്ഷികളാകാൻ സാധ്യതയുള്ള പലരുടെയും മൊഴികൾ ശേഖരിക്കും.

കെ. ബാബുവിന് റിനൈ മെഡിസിറ്റിയിൽ ഉടമസ്ഥതയില്ല

കൊച്ചി: മുൻ മന്ത്രി കെ. ബാബുവിനെതിരായ വിജിലൻസ് കേസുമായി പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റി ആശുപത്രിയെ ബന്ധപ്പെടുത്തി മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നു മാനേജിങ് ഡയറക്ടർ കൃഷ്ണദാസ് പോളക്കുളത്ത് അറിയിച്ചു. തന്റെ സഹോദരീസഹോദരന്മാർക്കു മാത്രം പങ്കാളിത്തമുള്ള ആശുപത്രിയിൽ കെ. ബാബുവിന് ഉടമസ്ഥാവകാശമുണ്ടെന്നുള്ള വാർത്ത വാസ്തവ വിരുദ്ധമാണ്. കെ. ബാബുവിനെതിരേയുള്ള പല ആരോപണങ്ങളിൽ ഒന്നു മാത്രമായാണു വിജിലൻസ് ഇക്കാര്യം എഫ്.ഐ.ആറിൽ പറഞ്ഞിട്ടുള്ളത്. 2005 ൽ പണിതുടങ്ങിയ റിനൈ മെഡിസിറ്റി ആശുപത്രി 2011 ലാണു പണി പൂർത്തീകരിച്ചത്. ഈ സമയം കെ. ബാബു മന്ത്രി പദത്തിലെത്തിയിട്ടുമില്ലെന്ന് കൃഷ്ണദാസ് പോളക്കുളത്ത് അറിയിച്ചു.

കെ.ബാബുവിനെതിരായ വിജിലൻസ് കേസുമായി ബന്ധപ്പെടുത്തി റിനൈ മെഡിസിറ്റിക്കെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതവും വേദനാജനകവുമാണെന്ന് എംഡി കൃഷ്ണദാസ് പോളക്കുളത്ത് പറ!ഞ്ഞു. കെ.ബാബുവിനെതിരെ ഉയർന്ന പല ആരോപണങ്ങളിൽ ഒന്ന് എന്ന നിലയിലാണ് എഫ്‌ഐആറിൽ ആശുപത്രിയെക്കുറിച്ചു പരാമർശമുള്ളത്. ആരോപണങ്ങളിൽ വിജിലൻസ് നടത്തിയ അന്വേഷണത്തെത്തുടർന്നാണു ബാബു ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തത്. എന്നാൽ, ഇതിൽ ഒരിടത്തും ബാബുവിന് റിനൈ മെഡിസിറ്റിയിൽ ഉടമസ്ഥാവകാശമോ, പങ്കാളിത്തമോ, മറ്റേതെങ്കിലും ബന്ധമോ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. ആരോപണം വിജിലൻസ് പരിശോധിക്കുക മാത്രമാണു ചെയ്തതെന്നും വിശദീകരിക്കുന്നു. പോളക്കുളത്ത് ഗ്രൂപ്പിന്റെ സംരംഭങ്ങളിലൊന്നും താനും സഹോദരങ്ങളുമല്ലാതെ ആരും പങ്കാളികളായിട്ടില്ലെന്നും കൃഷ്ണദാസ് വിശദീകരിച്ചു.