കൊച്ചി: കണക്കിൽപ്പെടാത്ത ഭൂമിയോ ഇന്ത്യയിലും വിദേശത്തും നിക്ഷേപമോ തനിക്കില്ലെന്നു മുൻ മന്ത്രി കെ ബാബു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിജിലൻസിനു മൊഴി നൽകവേയാണു കെ ബാബു ആരോപണങ്ങൾ നിഷേധിച്ചത്.

രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചവരെ നീണ്ടു. തന്റെ സത്യസന്ധത താൻ തെളിയിക്കുമെന്നും ചോദ്യം ചെയ്യൽ തുടരട്ടെയെന്നും ബാബു പറഞ്ഞു.

താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതു 16-ാമത്തെ വയസ്സിലാണ്. വഴിവിട്ട് ഒരു പ്രവർത്തനവും താൻ നടത്തിയിട്ടില്ല. തന്നെ കുറിച്ച് പാർട്ടിക്ക് അറിയാം. പാർട്ടിക്കാരൻ എന്ന ബന്ധം മാത്രമാണ് ബാബുറാമുമായി ഉള്ളത്. അല്ലാതെ തന്റെ ബിനാമിയല്ല ബാബുറാം. ബാബുറാമുമായി പാർട്ടിക്ക് അറിയാവുന്ന ബന്ധം മാത്രമേ ഉള്ളുവെന്നും ബാബു വ്യക്തമാക്കി.

ബാബുവിനെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് ചോദ്യം ചെയ്യുന്നത് ഇതു രണ്ടാം തവണയാണ്. ബാബുവിന്റെ സഹായി ബാബുറാം എഴുതിയ കത്തും വിജിലൻസ് കണ്ടെടുത്തിരുന്നു. ബാബുറാം കെ.ബാബുവിന്റെ ബിനാമിയാണെന്നു വിജിലൻസിനു വ്യക്തമായിട്ടുണ്ട്.

ബാർ കോഴക്കേസിൽ നിന്നും ബാബുവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം എഴുതിയ കത്താണ് വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 2015 നവംബർ 14നാണ് കത്ത് എഴുതിയിരിക്കുന്നത്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിക്കുമാണ് കത്ത് എഴുതിയത്. മദ്യനയം ഗുണകരമാണെന്നും ബാർ കോഴക്കേസ് റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ കത്തും ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

പ്രാഥമിക ചോദ്യം ചെയ്യലാണ് ഇന്ന് നടന്നതെന്നും വിശദമായ ചോദ്യം ചെയ്യൽ പിന്നീട് നടക്കുമെന്നും വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. ബാർകോഴ കേസിൽ വിജിലൻസിന്റെ മറ്റൊരു അന്വേഷണസംഘം തിങ്കളാഴ്ച ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ബിനാമികളായ മോഹനനും ബാബുറാമും നടത്തിയ കോടികളുടെ ബിസിനസിന്റെ സാമ്പത്തിക സ്രോതസ്സ് ബാബുവാണെന്ന നിഗമനത്തിന് ശക്തി പകരുന്ന ചില സാഹചര്യ തെളിവുകളുണ്ടെന്ന് വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ സേവന ദാതാക്കൾ ലഭ്യമാക്കിയ കോൾ വിവരങ്ങളിൽ ഏതാനും നമ്പറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നടന്നത്. സൈബർ സെല്ലിനെ ഉപയോഗിച്ച് വിശദ പരിശോധന നടത്തും. ബാബുവിന്റെ മക്കളുടെ കോൾ വിവര രേഖകളും പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ബാബുറാമിന്റെയും മോഹനന്റെയും സാമ്പത്തിക സ്രോതസ്സുകളുടെ വിശദാംശങ്ങളും അറിയേതുണ്ട്.