കോഴിക്കോട്: കോൺഗ്രസ് നേതാക്കളായ കെ സി അബുവും വി ടി ബൽറാം എംഎൽഎയും തമ്മിലുള്ള വാക്‌പോരു തുടരുന്നു. ഏതു മുട്ടയാണെങ്കിലും അടയിരുന്നാലേ വിരിയൂ എന്ന് ബൽറാം മനസിലാക്കണമെന്നു കെ സി അബു പറഞ്ഞു.

ആർ.ശങ്കറിന്റെ മാതൃക പിന്തുടർന്നു 75 വയസു കഴിഞ്ഞ നേതാക്കൾ പാർട്ടി സ്ഥാനങ്ങൾ ഒഴിയണമെന്ന വി.ടി.ബൽറാമിന്റെ ആവശ്യം ആരെ ഉദ്ദേശിച്ചാണെന്നു വ്യക്തമാക്കണം. തെന്നല ബാലകൃഷ്ണപിള്ളയെയോ, ആര്യാടനെയോ, പത്മരാജനെയോ ഉദ്ദേശിച്ചല്ല ഇതു പറഞ്ഞതെന്നും അബു പറഞ്ഞു.

75 വയസായവരിൽ സജീവ രാഷ്ട്രീയത്തിലുള്ളത് രണ്ടു പേരാണ്. അവരൊഴിയണമെന്നു പറയാൻ ബൽറാം ആളായിട്ടില്ലെന്നും അബു പറഞ്ഞു. മുട്ട വിരിയും മുൻപേ സൗഭാഗ്യങ്ങൾ കിട്ടിയ ആളെന്ന തന്റെ പരാമർശത്തിന്റെ അർഥം ചെറുപ്പത്തിലെ സ്ഥാനമാനങ്ങൾ കിട്ടിയ നേതാവാണ് ബൽറാം എന്നു മാത്രമാണെന്നു മലയാള ഭാഷ അറിയുന്ന എല്ലാവർക്കും മനസിലാകും.

എന്നാൽ, തന്റെ പരാമർശം വന്നപ്പോൾ തന്നെ ബൽറാമിന്റെ സമനില തെറ്റി. ഏതു മുട്ടയാണെങ്കിലും അടയിരുന്നാലെ വിരിയൂ എന്ന് ബൽറാം മനസിലാക്കണം. തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടതിനെക്കുറിച്ചു ബൽറാം പറഞ്ഞതും വായിച്ചു. താൻ മൽസരിച്ചതു വടകരയാണ്. അവിടെ തനിക്കു മുൻപും ശേഷവും യുഡിഎഫുകാർ ജയിച്ചിട്ടില്ല. എന്നാൽ, ബൽറാം ജയിച്ച തൃത്താലയിൽ മുൻപും കോൺഗ്രസുകാർ ജയിച്ചിട്ടുണ്ട്. തൃത്താല പിടിക്കാൻ അവതരിച്ച യുഗ പുരുഷനൊന്നുമല്ല ബൽറാം. കോൺഗ്രസിൽ പടിപടിയായി വളർന്ന നേതാവാണു താൻ. കോൺസ്റ്റബിളായി, ഹെഡ് കോൺസ്റ്റബിളായി, എസ്ഐ ആയി സ്ഥാനക്കയറ്റം കിട്ടിയ ആളാണ്. നേരിട്ട് ഐപിഎസ് കിട്ടിയതല്ല.

ബൽറാം ഒരു സമരം നയിച്ചതായോ ജയിലിൽ പോയതായോ കേട്ടിട്ടില്ല. ഗ്രൂപ്പില്ലാത്ത നേതാവാണ് ബൽറാം എന്നു പറയരുത്, അദ്ദേഹത്തിനു വാട്‌സാപ് ഗ്രൂപ്പുണ്ട്. ഫേസ്‌ബുക്കും വാട്‌സാപ്പുമുള്ളതു കുറ്റമല്ല, എന്നാൽ, ഇതില്ലാതെയും നേതാക്കൾക്കു നിലനിൽപ്പുണ്ടാകണമെന്നും അബു പറഞ്ഞു.