കോഴിക്കോട്: കോൺഗ്രസിലെ ഗ്രൂപ്പിസത്തെയും തലമൂത്ത നേതാക്കളെയും പരിഹസിച്ച യുവ എംഎൽഎ വി ടി ബൽറാമിനു മറുപടിയുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു. യുവതലമുറയ്ക്ക് വഴിമാറിക്കൊടുക്കാതെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അധികാരകസേരയിൽ പിടിച്ചിരിക്കുകയാണെന്ന വിടി ബൽറാം എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് അബു ഉന്നയിച്ചത്.

മുട്ടയിൽ നിന്നും വിരിയുന്നതിനു മുൻപേ സൗഭാഗ്യങ്ങൾ ലഭിച്ചയാളാണ് ബൽറാമെന്നായിരുന്നു അബുവിന്റെ പ്രതികരണം. കഴിവുള്ള യുവ നേതൃത്വം വളർന്നു വരാത്തതു കൊണ്ടാണ് പഴയ തലമുറ മാറാത്തത്. മുതിർന്ന നേതാക്കളെ ആക്ഷേപിച്ച വിടി ബൽറാമിന്റെ പ്രസ്താവന കോൺഗ്രസുകാരന് ചേരാത്തതാണെന്നും അബു പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന കെഎസ് യു യോഗത്തിൽ കോൺഗ്രസിലെ ഗ്രൂപ്പിസത്തിനും അധികാര മോഹികളായ മുതിർന്ന നേതാക്കൾക്കുമെതിരെയാണു വി ടി ബൽറാം രൂക്ഷ വിമർശനം നടത്തിയത്. കോൺഗ്രസിനെ നശിപ്പിച്ചത് ഗ്രൂപ്പിസമാണെന്നും കോൺഗ്രസുകാർ ഗ്രൂപ്പുകളിലേക്കാണ് പിറന്ന് വീഴുന്നതെന്നും ബൽറാം ആരോപിച്ചിരുന്നു.

യുവാക്കൾക്ക് അവസരം കൊടുക്കണമെന്ന് എല്ലാ യോഗത്തിലും നേതാക്കൾ വിളിച്ച് പറയും. എന്നാൽ 62 വയസായ ആർ ശങ്കറിനോട് വയസായി ഇനി സ്ഥാനമാനങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസിലെ നേതാക്കൾ 75 വയസായിട്ടും നേതൃസ്ഥാനത്തു തുടരുകയാണെന്നും ബൽറാം പരിഹസിച്ചിരുന്നു.