കണ്ണൂർ: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി മന്ത്രി കെ സി ജോസഫ് രംഗത്തെത്തി. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് സങ്കീർണമാക്കിയത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണെന്ന് മന്ത്രി കെ സി ജോസഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം കൃത്യസമയത്ത് പുറപ്പെടുവിക്കാതെ, കമീഷൻ ഗവർണറെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരിൽ നവീകരിച്ച പിആർഡി ഓഫീസ് ഉദ്ഘാടനത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂലൈയിൽ തന്നെ പുതിയ പഞ്ചായത്തുകളുടെയും മാതൃപഞ്ചായത്തുകളുടെയും വർഡ് വിഭജനം പൂർത്തിയാക്കി ഡീലിമിറ്റേഷൻ കമ്മിറ്റി രേഖകൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് അഞ്ചിന് വിജ്ഞാപനം ഇറക്കേണ്ടതാണ്. എന്നാൽ കമീഷൻ വിജ്ഞാപനം ഇറക്കാതെ, അപാകതകളുണ്ടെന്നു പറഞ്ഞ് ഏഴിന് ഗവണർക്ക് കത്ത് നൽകുകയായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിനുകാരണമായത്. വിജ്ഞാപനം കൃത്യസമയത്ത് പുറപ്പെടുവിച്ചിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുവെന്ന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷണർ താത്പര്യമെടുക്കാത്തതിനാലാണ് കോടതി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പഴയ നിലയിൽ നടത്തണമെന്ന് നിർദേശിച്ചത്. എല്ലാം കൂട്ടിവായിച്ചാൽ തെരഞ്ഞെടുപ്പ് കമീഷന്റെ രാഷ്ട്രീയം വ്യക്തമാകും. പുതിയ പഞ്ചായത്തും നഗരസഭയും കോർപറേഷനും രൂപീകരിക്കേണ്ടത് സർക്കാരിന്റെ പണിയാണ്. ഇതിനുള്ള നടപടിക്രമങ്ങൾ സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ 2010ലെ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടത്താനാണ് കമീഷനു താത്പര്യം.സാങ്കേതിക കാരണങ്ങളാൽ പുതിയ പഞ്ചായത്ത് രൂപീകരണം റദ്ദായിരിക്കുകയാണ്. എന്നാൽ കണ്ണൂർ കോർപറേഷന്റെയും പുതിയ നഗരസഭകളുടെയും രൂപീകരണം ഗകാടതി അംഗീകരിച്ചിട്ടുമുണ്ട്. കോടതി വിധി മാനിച്ച് നിശ്ചിത സമയത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും കെ സി ജോസഫ് പറഞ്ഞു.

അതിനിടെ പുതിയ മുൻസിപാലിറ്റികളെ തെരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണം. ഇതിൽ കോൺഗ്രസും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. 2 ഘട്ടം എന്നത് സർക്കാർ നിർദ്ദേശം അല്ലെന്നും അലി പറഞ്ഞു.