കണ്ണൂർ: കോലം കത്തിച്ചാലും കോലം കെടുത്തിയാലും ഇരിക്കൂറിൽ മത്സരിക്കാനുറച്ച് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് തന്ത്രങ്ങൾ മെനയുന്നു. ജോസഫിനെതിരെയുള്ള പ്രചാരണങ്ങളിലും പരാതിയിലും കഴമ്പില്ലെന്ന് കെപിസിസി. നേതൃത്വത്തെ ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സി.ജോസഫ്. അതിനു വേണ്ടി വിശ്വസ്തരേയും അടുപ്പമുള്ളവരേയും രംഗത്തിറക്കി കളിക്കുകയാണ് ജോസഫ്. 

കഴിഞ്ഞ ദിവസം ഇരിക്കൂർ മണ്ഡലത്തിൽ കെ.സി. ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ജനസമക്ഷം നടന്ന പ്രതിഷേധത്തെ നേതൃത്വത്തിന് ഇതുവരേയും തണുപ്പിക്കാൻ കഴിഞ്ഞിട്ടുമില്ല. എന്നിട്ടും മത്സരിക്കാനുറച്ച് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങാനിരിക്കയാണ് കെ.സി. ജോസഫ്.

ഇതിനിടെ എ വിഭാഗത്തിൽ തന്നെ പാളയത്തിൽ പട രൂപപ്പെട്ടു കഴിഞ്ഞു. കെ.സി.ജോസഫ് ഇരിക്കൂറിൽ നിന്നും മാറണമെന്ന അഭിപ്രായം എഗ്രൂപ്പിൽത്തന്നെ ശക്തമായി. കണ്ണൂർ മണ്ഡലത്തിൽ എ.പി. അബ്ദുള്ളക്കുട്ടിയെ മാറ്റി കെപിസിസി. ജനറൽ സെക്രട്ടറി സതീശൻ പാച്ചേനിയേയും ഇരിക്കൂറിൽ നിന്നും കെ.സി.ജോസഫിനെ മാറ്റി സജീവ്്് ജോസഫിനും സീറ്റ് നൽകണമെന്ന ആവശ്യവും ശക്തിപ്പെടുന്നുണ്ട്.

എന്നാൽ അതുക്കും മേലെയാണ് കെ.സി.ജോസഫിന്റെ കളി. ഇരിക്കൂറിലെ മണ്ഡലം കമ്മിറ്റികളെക്കൊണ്ടും പഞ്ചായത്ത് പ്രസിഡന്റുമാരെക്കൊണ്ടും ഒപ്പിട്ട് വിശദീകരിച്ച കത്തുമായി കെപിസിസി. പ്രസിഡണ്ടിന് സമർപ്പിച്ചിരിക്കയാണ്. കത്തിൽ ഒപ്പിട്ടവർ തന്നെ കെ.സി.ജോസഫ് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകരെ ഇളക്കിവിട്ടവരുണ്ട് എന്നതാണ് സത്യം. ഇരിക്കൂറിലെ കോൺഗ്രസ്സിനകത്തെ ഉദ്ബുദ്ധയൗവനങ്ങൾ അങ്ങനെ കെ.സിക്കൊപ്പം മനസ്സില്ലാ മനസ്സോടെ നിൽക്കേണ്ടി വന്നിരിക്കയാണ്.

കെ.സി.യുടെ പതിവുതന്ത്രത്തെ മറികടന്ന് പടയൊരുക്കം നടത്തുകയാണ് മറുവിഭാഗക്കാർ. മണ്ഡലം പ്രസിഡണ്ടുമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന- ജില്ലാ -മണ്ഡലം ഭാരവാഹികൾ, കെ.എസ്.യുക്കാർ, ഐ.എൻടി.യു.സി. ഭാരവാഹികൾ എന്നുവേണ്ട നല്ല പങ്കും കെ.സി.യുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ശക്തമായ നിലയുറപ്പിച്ചിരിക്കയാണ്. കെ.സി.ക്കെതിരെ എ.ഐ.സി.സി.ക്കും കെപിസിസി.ക്കും വിശദമായി പരാതി തയ്യാറാക്കി അയച്ചിരിക്കയാണ് ഈ വിഭാഗക്കാരും. കെ.സി.ക്കെതിരേയും അനുകൂലമായും ഗ്രൂപ്പുസമവാക്യങ്ങളെല്ലാം ഫലത്തിൽ മാഞ്ഞു പോയിട്ടുണ്ട്. എ വിഭാഗക്കാരും ഐ വിഭാഗക്കാരും ഇരുഭാഗത്തും അണിനിരന്നിരിക്കയാണ് കെ.സി.വിഷയത്തിൽ. തിരുവനന്തപുരത്ത് കെ.സി. ജോസഫ് അനുകൂലികൾ ഇന്നു യോഗം ചേരുന്നുണ്ട്. തുടർന്നുള്ള കാര്യങ്ങൾ യോഗത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്.

സീനിയർ കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ കെ.പി. നൂറുദ്ദീന് സ്ഥിരമായി മത്സരിക്കുന്നവരോട് ചില ഉപദേശങ്ങളുണ്ട്. സ്വന്തം അനുഭവത്തിൽ നിന്നാണ് ഈ ഉപദേശം ഉടലെടുത്തത്. ആരോടും പരിഭവമുണ്ടായിട്ടല്ല. പേരാവൂർ മണ്ഡലത്തിൽ അഞ്ചു തവണ തുടർച്ചയായി മത്സരിച്ച് ജയിച്ച നേതാവായിരുന്നു കെ.പി. നൂറുദ്ദീൻ. ആറാം തവണ മത്സരിച്ചപ്പോൾ ജനം തന്നെ തോൽപ്പിച്ചു... നൂറുദ്ദീൻ പറയുന്നു.
ജനത്തിന് മടുത്തെന്നറിഞ്ഞപ്പോൾ പിന്നീട് ഞാൻ മത്സരരംഗത്തു നിന്ന് പിന്മാറാൻ തീരുമാനിച്ചു. നൂറുദ്ദീന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, 'വച്ച പാത്രത്തിൽ തന്നെ വെള്ളം വച്ചാൽ അതിൽ പിടിക്കും. ഒരേ ചട്ടിയിൽത്തന്നെ പതിവായി മീൻകറി വച്ചാൽ പിന്നീട് ഒരു രുചിയും ഉണ്ടാകില്ലല്ലോ. അതാണ് തുടർച്ചയായ മത്സരത്തിൽ ജനത്തിനുള്ള വികാരം. ഒരേ ആൾക്കു തന്നെ മുദ്രാവാക്യം വിളിച്ചു മടുത്തതാണ് തന്നെ തോൽപ്പിക്കാൻ ജനങ്ങൾ തീരുമാനിച്ചത്.... സ്വതസിദ്ധമായി ചിരിച്ചുകൊണ്ട് നൂറുദ്ദീൻ പറയുന്നു.

കോൺഗ്രസ്സിന്റെ അടിത്തട്ടു മുതൽ കെപിസിസി. ട്രഷറർ വരെയുള്ള സ്ഥാനങ്ങൾ വഹിച്ച കെ.പി.നൂറുദ്ദീൻ ഇപ്പോൾ കെപിസിസി. നിർവ്വാഹക സമിതി അംഗമാണ്. ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ വൈസ് ചെയർമാൻ പദവി കൂടി അദ്ദേഹം അലങ്കരിക്കുന്നു. നൂറുദ്ദീന്റെ ഉപദേശം 70 കഴിഞ്ഞവരെങ്കിലും സ്വീകരിച്ചാൽ നന്ന്.