- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ സമ്മേളനങ്ങളിൽ ആള് കുറവ്; പണം വാരി എറിഞ്ഞിട്ടും രംഗത്തിറങ്ങാൻ ചെറുപ്പക്കാർ ഇല്ല; വിമത സ്ഥാനാർത്ഥിക്ക് അനുദിനം പിന്തുണ കൂടുന്നു: യുഡിഎഫ് കോട്ടയിൽ അനായാസ വിജയത്തിന് ഇറങ്ങിയ മന്ത്രി കെ സി ജോസഫ് നേരിടുന്നത് കടുത്ത വെല്ലുവിളി
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂർ യുഡിഎഫിന്റെ വടക്കേ മലബാറിലെ ഏക കോട്ടയാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ ഇരിക്കൂരിൽ ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും യുഡിഎഫ് പാനലിൽ ആണെങ്കിലും വിജയിക്കും എന്നതാണ് അവസ്ഥ. ഇടതുപക്ഷത്തിന് ഇന്നേവരെ എത്തി നോക്കാൻ കഴിഞ്ഞിട്ടില്ലാത്ത മണ്ഡലം. കോട്ടയത്ത് സ്ഥിരതാമസം ആയിട്ടും ഇരിക്കൂരിന്റെ എംഎൽഎ ആയി 35 വർഷം മന്ത്രി കെ സി ജോസഫ് വന്നത് ഈ കോട്ടയുടെ കരുത്തോടെയായിരുന്നു. സുധീരൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കെ സി ജോസഫിനെ മാറ്റാൻ സാധിക്കാതെ പോയത് ഉമ്മൻ ചാണ്ടിക്ക് വത്സല ശിഷ്യനോടുള്ള കടുത്ത സ്‌നേഹം കൊണ്ടായിരുന്നു. എന്നാൽ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് കോട്ടയിൽ കെ സി ജോസഫ് കടുത്ത പരീക്ഷണം നേരിടുകയാണ്. കഴിഞ്ഞ തവണ 11,757 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ഇരിക്കൂരിൽ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് കെ സി ജോസഫ് തോൽക്കാനുള്ള സാധ്യതയാണ് കൂടുതൽ എന്നാണ് ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരിക്കൂരിന്റെ പ്രശ്‌നം മനസ്സിലാക്കാനുള്ള ഒരാൾ ആവണം സ്ഥാനാർത്ഥി എ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂർ യുഡിഎഫിന്റെ വടക്കേ മലബാറിലെ ഏക കോട്ടയാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ ഇരിക്കൂരിൽ ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും യുഡിഎഫ് പാനലിൽ ആണെങ്കിലും വിജയിക്കും എന്നതാണ് അവസ്ഥ. ഇടതുപക്ഷത്തിന് ഇന്നേവരെ എത്തി നോക്കാൻ കഴിഞ്ഞിട്ടില്ലാത്ത മണ്ഡലം. കോട്ടയത്ത് സ്ഥിരതാമസം ആയിട്ടും ഇരിക്കൂരിന്റെ എംഎൽഎ ആയി 35 വർഷം മന്ത്രി കെ സി ജോസഫ് വന്നത് ഈ കോട്ടയുടെ കരുത്തോടെയായിരുന്നു. സുധീരൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കെ സി ജോസഫിനെ മാറ്റാൻ സാധിക്കാതെ പോയത് ഉമ്മൻ ചാണ്ടിക്ക് വത്സല ശിഷ്യനോടുള്ള കടുത്ത സ്‌നേഹം കൊണ്ടായിരുന്നു.
എന്നാൽ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് കോട്ടയിൽ കെ സി ജോസഫ് കടുത്ത പരീക്ഷണം നേരിടുകയാണ്. കഴിഞ്ഞ തവണ 11,757 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ഇരിക്കൂരിൽ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് കെ സി ജോസഫ് തോൽക്കാനുള്ള സാധ്യതയാണ് കൂടുതൽ എന്നാണ് ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരിക്കൂരിന്റെ പ്രശ്‌നം മനസ്സിലാക്കാനുള്ള ഒരാൾ ആവണം സ്ഥാനാർത്ഥി എന്ന നിശ്ചദാർഢ്യത്തോടെ ഇരിക്കൂറുകാർ രംഗത്തിറങ്ങിയതാണ് കെ സി നേരിടുന്ന വെല്ലുവിളി. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ സജീവ് ജോസഫിന് വേണ്ടി ആയിരുന്നു ഇരിക്കൂരിലെ ചെറുപ്പക്കാർ ആദ്യം രംഗത്ത് ഇറങ്ങിയത്.
അവസാന നിമിഷം വമ്പൻ വാഗ്ദാനങ്ങൾ നൽകി ഉമ്മൻ ചാണ്ടി സജീവനെ പിൻവലിച്ചപ്പോൾ നിരാശരാകാതെ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തി ചെറുപ്പക്കാരുടെ നേതൃത്വത്തിൽ വിമത പ്രവർത്തനം സജീവമാക്കുകയാണ്. ആദ്യം ഷാജി കുര്യാക്കോസ് എന്നൊരു വിവരാവകാശ പ്രവർത്തകനെ ആയിരുന്നു സ്ഥാനാർത്ഥി ആയി നിശ്ചയിച്ചതെങ്കിലും പിന്നീട് കരുവഞ്ചാലിലെ യുവ കോൺഗ്രസ്സ് നേതാവായി ബിനോയ് തോമസിനെ തന്നെ രംഗത്ത് ഇറക്കാൻ കെ സി വിരുദ്ധർക്ക് കഴിഞ്ഞു. ബിനോയ് രംഗത്ത് വന്നത് അൽപ്പം വൈകിയാണെങ്കിലും വളരെ സജീവമായി തന്നെ അവർ തെരഞ്ഞെടുപ്പ് രംഗം കീഴടക്കുകയാണ്.
കെ സി ജോസഫിനെ തോൽപ്പിക്കേണ്ടത് ഇരിക്കൂരിന്റെ രക്ഷക്ക് അത്യാവശ്യമാണ്് എന്ന വികാരം ഇവിടെ വളരെ സജീവം ആണ്. പൂച്ചക്കാര് മണികെട്ടും എന്ന പേരിൽ തുടങ്ങിയ ഫേസ്‌ബുക്ക് കൂട്ടായ്മയിൽ മാത്രം 15,000 അംഗങ്ങൾ ആയത് പ്രവർത്തകർക്ക് ചെറിയ ആവേശം അല്ല നൽകുന്നത്. വീടു വീടാനന്തരം കയറിയിറങ്ങി സ്വന്തം പ്രകടന പത്രിക നൽകുകയും കെസിയെ തോൽപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയും ബിനോയ് തോമസിന് വേണ്ടിയുള്ള പ്രചാരണം ശക്തിപ്പെടുകയാണ്. ഫ്‌ളെക്‌സുകളും മറ്റും കീറിക്കളഞ്ഞ് കെസിയുടെ അനുയായികൾ രംഗത്തുണ്ടെങ്കിലും വോട്ട് ചെയ്യാതെ വീട്ടിൽ ഇരിക്കുമെന്ന് കരുതിയ കോൺഗ്രസ്സുകാരിൽ പലരും ഇപ്പോൾ ബിനോയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയിട്ടുണ്ട് എന്നത് കെസിയുടെ ഉറക്കം കെടുത്തുകയാണ്.
യുഡിഎഫ് കോട്ടായുടെ കരുത്തിൽ മാത്രം വിശ്വാസമുള്ള കെ സി ജോസഫ് ആദ്യമൊക്കെ ഈ പ്രതിഷേധം അവഗണിച്ചിരുന്നെങ്കിലും ഇപ്പോൾ ഏറെ അങ്കലാപ്പിലാണ് എന്നാണ് സൂചന. ഏറ്റവും കുറഞ്ഞത് ബിനോയ് തോമസ് 15, 000 വോട്ടെങ്കിലും പിടിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് കെ സി ജോസഫ് പരാജയ ഭീതിയിലാണ്. പോസ്റ്റർ ഒട്ടിക്കാനും പ്രചാരണ രംഗത്തിറങ്ങാനും ചെറുപ്പക്കാർ എത്തിയതും കെ സി ജോസഫിന് തലവേദനയാകുന്നുണ്ട്. കെ സി വിളിക്കുന്ന കുടുംബ യോഗങ്ങളിൽ ആളു കുറവാണ് എന്നതും മന്ത്രിയെ ആശങ്കപ്പെടുത്തുകയാണ് ഇരിക്കൂരിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ക്രൈസ്തവ -മുസ്ലിം വോട്ടുകളാണ് ഈ മണ്ഡലത്തിൽ പരമ്പരാഗതമായി കെ സി ജോസഫിനെ തുണച്ചിരുന്നത്. എന്നാൽ, ഇത്തവണ കാര്യങ്ങൾ മാറിമറിയുമെന്ന സാഹചര്യമാണ് മണ്ഡലത്തിൽ. പ്രചരണത്തിന് പോലും മണ്ഡലത്തിന് ഉള്ളിൽ നിന്നും ആളുകൾ ഇറങ്ങാതെ വന്നതോടെ കോട്ടയത്തു നിന്നും ആളുകളെ ഇറക്കിയാണ് കെ സി ജോസഫിന്റെ ഇപ്പോഴത്തെ പ്രവർത്തനം. എന്നാൽ, വോട്ടു ചോദിച്ചു ചെല്ലുന്ന പലയിടത്തും കുടിവെള്ളപ്രശ്‌നവും റോഡ് വിഷയവുമൊക്കെ ആളുകൾ ഉന്നയിക്കുന്നു. കഴിഞ്ഞ തവണ സിപിഐയുടെ സ്ഥാനാർത്ഥി ഹിന്ദു സമുദായത്തിൽ നിന്നാണെങ്കിൽ ഇത്തവണ ഒരു ക്രിസ്ത്യൻ പ്രതിനിധിയെയാണ് പാർട്ടി രംഗത്തിറക്കിയത്. കെ ടി ജോസാണ് ഇവിടെ സിപിഐ സ്ഥാനാർത്ഥി. അതുകൊണ്ട് തന്നെ പരമ്പരാഗതമായി കെ സി ജോസഫിനൊപ്പം നിൽക്കുന്ന ക്രിസ്ത്യൻ വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടാകും. ബിനോയ തോമസിന്റെ പ്രചരണം കൂടിയാകുമ്പോൾ കെ സി ജോസഫ് തോൽവി രുചിക്കുക തന്നെ ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അധികം രാഷ്ട്രീയം പറയാതെയാണ് ഇവിടെ ഇടതു സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണവും. ഇത്തവണ സിപിഐ(എം) പ്രവർത്തകരും ആവേശപൂർവ്വം ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. വിമത നീക്കങ്ങളിൽ തന്നെയാണ് ഇടതുപ്രതീക്ഷയും. ഇരിക്കൂറിൽ ജയിച്ച് കോട്ടയത്തെ വീട്ടിലേക്കു മടങ്ങാറുള്ള എംഎൽഎയെ ഇനി തിരിച്ചുവരാത്ത വിധത്തിൽ പറഞ്ഞയ്ക്കണം എന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. മറുവശത്ത് കെ സിയാകട്ടെ വികസന നേട്ടങ്ങൾ പോലും എടുത്തുപറയാൻ സാധിക്കാത്ത വിധത്തിൽ സമ്മർദ്ദത്തിലാണ്.
ഇരിക്കൂറിൽ ഇതുവരെ നടന്ന 13 തെരഞ്ഞെടുപ്പുകളിൽ ആദ്യത്തെ അഞ്ചുതവണ എൽഡിഎഫിനായിരുന്നു വിജയം. 1977 മുതൽ ഒൻപതു തവണ യു.ഡി.എഫ്. വിജയിച്ചു. ഇതിൽ ഏഴു തവണയും കെ.സി. ജോസഫായിരുന്നു വിജയി. ചങ്ങനാശേരിക്കാരനായ കെ.സി. ജോസഫ് 1982ലാണ് ആദ്യമായി ഇരിക്കൂറിൽ മത്സരിക്കാനെത്തുന്നത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം യുഡിഎഫിന് അടിപതറിയപ്പോഴും ഇരിക്കൂറിൽ 17,500 വോട്ടിന്റെ ലീഡ് നേടാൻ സാധിച്ചു. എന്നാൽ, പതിനായിരത്തിലേറെ വോട്ടെങ്കിലും യുഡിഎഫ് വിമതൻ പിടിച്ചാൽ കെ സി ജോസഫിന്റെ കാര്യം അവതാളത്തിലാകും.
അടുത്തിടെ മണ്ഡലത്തിൽ മുസ്ലിംലീഗ് നേതൃത്വവും കെ സി ജോസഫിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഇത് തനിക്ക് വിനയാകുമെന്ന് ബോധ്യമായതോടെ കെ സി തന്നെ ഇടപെട്ടാണ് പിണക്കങ്ങൾ തീർത്തത്. എന്നാൽ ബിനോയ് തോമസിന്റെ ജനപിന്തുണ വർദ്ധിച്ചത് തന്നെയാണ് കെ സി ജോസഫിന്റെ കടുത്ത ഭീഷണി. കർഷക കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് എന്ന നിലയിലും ജനശ്രീ ജില്ലാ കോഓഡിനേറ്റർ എന്ന നിലയിലും ബിനോയ് തോമസിന് പലയിടങ്ങളിലും പിന്തുണയുണ്ട്. ഫലത്തിൽ മണ്ഡലത്തിൽ ത്രികോണ മത്സരം നടക്കുന്നുവെന്ന പൊതുവികാരം ഇരിക്കൂറിലുണ്ട്.
ജോസഫിനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിൽ പ്രതിഷേധിച്ചു സ്ഥാനം രാജിവച്ച മണ്ഡലത്തിലെ ചില കോൺഗ്രസ് നേതാക്കളുടെ പിന്തുണയും ബിനോയ്‌ക്കൊപ്പം തന്നെയാണ്. എന്നൽ, യുഡിഎഫിന്റെ കരുത്തിൽ തന്നെയാണ് ജോസഫിന്റെ ഇപ്പോഴത്തെ വിശ്വാസവും. ശ്രീകണ്ഠാപുരം നഗരസഭ, ഉളിക്കൽ, ഇരിക്കൂർ, പയ്ാവൂർ, ഏരുയവേശി, നടുവിൽ, ഉദയഗിരി, ആലക്കോട് ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനൊപ്പമാണ്. ചെങ്ങളായി ഗ്രാമപഞ്ചായത്ത് മാത്രമാണ് എൽഡിഎഫിന്റെ പക്കലുള്ളത്. എന്തായാലും മണ്ഡലത്തിലെ പ്രതിഷേധങ്ങൾക്കിടയിലും കെ സി ജോസഫ് വിശ്വസിക്കുന്നത് കണക്കുകളിലാണ്.