തിരുവനന്തപുരം: മന്ത്രിമാരുടെ കൂട്ടത്തോൽവി എന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ഇടതുമുന്നണിക്ക് രണ്ട് ദിവസം കൂടി സ്വപ്നം കാണാമെന്ന് കെ സി ജോസഫ് പറഞ്ഞു. സ്വപ്നങ്ങളിൽ മാത്രം സംഭവിക്കുന്നതാണ് മന്ത്രിമാരുടെ കൂട്ടത്തോൽവിയെന്നും ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെസി ജോസഫ്. ഇടതുമുന്നണിക്ക് രണ്ടുദിവസം കൂടി എക്‌സിറ്റ് പോൾ ഫലങ്ങൾ വച്ച് സ്വപ്നം കാണാം. തെരഞ്ഞെടുപ്പ് ഫലങ്ങൾ അറിയുമ്പോൾ 78 സീറ്റ് നേടി യുഡിഎഫ് തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തൃപ്പൂണിത്തുറയിൽ താൻ തോൽക്കുമെന്ന എക്സിറ്റ് പോൾ തെറ്റാകുമെന്ന് കെ ബാബു വ്യക്തമാക്കി. താൻ തോൽക്കുമെന്ന പ്രവചനം ശരിയായിട്ടുണ്ടെങ്കിൽ തൃപ്പൂണിത്തുറയിൽ സിപിഐ(എം)-ബിജെപി കൂട്ടുകെട്ടുണ്ടായിട്ടുണ്ടെന്ന് വേണം കരുതാൻ. എന്നാൽ മണ്ഡലത്തിൽ ഭരണവിരുദ്ധവികാരം ഉണ്ടായെന്ന വിലയിരുത്തൽ ഇല്ലെന്നും കെ ബാബു പറഞ്ഞു.

എക്‌സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യവുമായി ചേരുന്നില്ല എറണാകുളവും, കൊച്ചിയും,തൃക്കാക്കരയും, കളമശ്ശേരിയുമടക്കം യു.ഡിഎഫിന്റെ കോട്ടകളിലെല്ലാം തോൽക്കാം എന്നാണ് പ്രവചനം. ഇതെല്ലാം ശരിയാണെന്ന് കരുതുന്നില്ല ജയിക്കുമെന്ന് എൽ.ഡി.എഫ് ഉറപ്പിച്ച സീറ്റുകളിൽ എന്തായാലും തൃപ്പൂണിത്തുറ പെടുന്നില്ല.

വടകരയിൽ ആർ.എംപി വിജയിച്ചു കഴിഞ്ഞെന്ന് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.കെ.രമ പറഞ്ഞു. സ്ഥാനാർത്ഥിത്വത്തിലൂടെ പൊതുസമൂഹത്തിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞു. ടിപിയെ വധിച്ചവർക്കെതിരെ നിയമസഭയിൽ ശബ്ദിക്കാൻ അവസരം കിട്ടിയാൽ അതാണ് ഏറ്റവും വലിയ അംഗീകാരം. എൽ.ഡി.എഫ് വന്നതുകൊണ്ട് കേരളത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാവില്ല, അക്രമരാഷ്ട്രീയം കൂടതൽ വ്യാപിക്കുകയും ചെയ്യും. ഇക്കുറി ഉയർന്ന പോളിംഗാണ് നടന്നത് അതുകൊണ്ട് നിഷ്പക്ഷ വോട്ടുകൾ കൂടുതലായി പോൾചെയ്യുമെന്നാണ് പ്രതീക്ഷയെന്നും രമ പറഞ്ഞു.

തന്റെ സർവേ അനുസരിച്ച് യുഡിഎഫ് അധികാരത്തിലെത്തും: മാണി

നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 75 സീറ്റിന് മുകളിൽ ലഭിക്കുമെന്ന് കേരളാ കോൺഗ്രസ്(എം) ചെയർമാൻ കെ.എം.മാണി പറഞ്ഞു. ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം കോട്ടയത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. എക്സിറ്റ് പോൾ സർവേകളെ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ മാണി, തന്റെ സർവേ അനുസരിച്ച് യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അവകാശപ്പെട്ടു. യു.ഡി.എഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടിയത്. കാരുണ്യ പദ്ധതി വഴി നിരവധി പേർക്ക് സൗജന്യ ചികിത്സ നൽകി, റബ്ബർ കർഷകരെ സഹായിക്കാനായി 300 കോടി രൂപ അനുവദിച്ചു എന്നിങ്ങനെ നിരവധി ജനോപകാര കാര്യങ്ങൾ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയെന്നും മാണി പറഞ്ഞു.

ബാർ കോഴ കേസൊന്നും തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ബാധിച്ചില്ല. ബാർ കോഴ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രണ്ട് അന്വേഷണത്തിൽ തെളിഞ്ഞതാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തിയതിന്റെ ശബ്ദരേഖ പോലും പുറത്ത് വന്നില്ലേ. ഇത്തരം ചോദ്യങ്ങൾ അനി ചോദിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. സോളാർ കേസ് സംബന്ധിച്ച് പറയാനുള്ളതെല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ബി.ഡി.ജെ.എസിനെ എഴുതിത്ത്ത്ത്ത്ത്തള്ളേണ്ടെന്നും മാണി പറഞ്ഞു. യു.ഡി.എഫിനും എൽ.ഡി.എഫിനും കിട്ടേണ്ട കുറച്ച് വോട്ടുകൾ ബി.ഡി.ജെ.എസ് പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഴീക്കോട്ട് ഞാൻ ജയിച്ചാൽ യുഡിഎഫ് അധികാരത്തിൽ വരും: കെ എം ഷാജി

കണ്ണൂർ: അഴീക്കോടു മണ്ഡലത്തിൽ ഞാൻ ജയിച്ചാൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നു കെ എം ഷാജി. മാദ്ധ്യമപ്രവർത്തകനും സിപിഐ(എം) സ്ഥാനാർത്ഥിയുമായ നികേഷ്‌കുമാർ തോൽക്കുമെന്ന് ഇന്നലെ പുറത്തുവന്ന എക്സിറ്റ്പോൾ ഫലം പ്രവചിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഷാജിയുടെ പ്രതികരണം.

സിപിഐ(എം) അത്രമേൽ ശ്രദ്ധ കേന്ദ്രീകരിച്ച മണ്ഡലമാണ് അഴീക്കോടെന്നു ഷാജി പറഞ്ഞു. വലിയ പ്രചാരണമാണ് നികേഷ് കുമാറിനായി ഇവിടെ നടത്തിയത്. അഴീക്കോട് മണ്ഡലത്തിൽ താൻ ജയിക്കാൻ ഒരുപാട് ഘടകങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസന നേട്ടങ്ങളാണെന്നും ഷാജി പറഞ്ഞു.