ന്യൂഡൽഹി: കണ്ണൂരാണ് ജന്മസ്ഥലം എങ്കിലും കെ സി വേണുഗോപാൽ എന്ന രാഷ്ട്രീയ നേതാവിന്റെ പ്രവർത്തനം മണ്ഡലം ആലപ്പുഴയിലാണ്. അതുകൊണ്ട് തന്നെ ആലപ്പുഴയിൽ നിന്നുള്ള ദേശീയ നേതാവാണ് ഇന്ന് കെ സി വേണുഗോപാൽ. ആലപ്പുഴക്കാരായ മറ്റ് രണ്ട് മുതിർന്ന ദേശീയ നേതാക്കൾ വയലാർ രവിയും എ കെ ആന്റണിയുമാണ്. ഇരുവരും രാഷ്ട്രീയമായി ഡൽഹിയിലെ തട്ടകം അവസാനിപ്പിച്ച് കേരളത്തിലേക്ക് തിരിച്ചു വന്നു. ജില്ലയിൽ നിന്നുള്ള മറ്റൊരു നേതാവ് രമേശ് ചെന്നിത്തല ആകട്ടെ കേരളം വിട്ടു കളിക്കാൻ തൽക്കാലം തയ്യാറല്ല താനും.

ഇതിനിടെയാണ് എം ലിജു എന്ന യുവനേതാവിനെ ദേശീയ തലത്തിൽ എത്തിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിക്കുന്നത്. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലത്ത് ദേശീയ തലത്തിൽ പ്രവർത്തിച്ചു പരിചയമുണ്ട് ലിജുവിന്. മാത്രമല്ല, രാഹുൽ നേതൃത്വം കൊടുത്ത ടാലന്റ് പ്രോഗ്രാം വഴി കേരളാ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ വ്യക്തിയുമാണ് ലിജു. അങ്ങനെയുള്ള നേതാവ് ദേശീയ തലത്തിൽ വീണ്ടും സജീവമാകുന്നതിൽ താൽപ്പര്യ കുറവാണ് കെ സി വേണുഗോപാലിന്. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് മത്സരിക്കാൻ മുന്നൊരുക്കങ്ങൾ നടത്തിയ നേതാവായിരുന്നു ലിജു. അത് വെട്ടി മാറ്റിയത് വേണുഗോപാലിന്റെ താൽപ്പര്യമായിരുന്നു.

ആലപ്പുഴ ജില്ലയിലേക്ക് വീണ്ടുമൊരു എൻട്രി കെ സി വേണുഗോപാൽ ഭാവിയിൽ പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ തന്നേക്കാൾ മുകളിൽ ദേശീയ തലത്തിൽ സ്വാധീനമുള്ള നേതാവ്് ജില്ലയിൽ നിന്നും ഉണ്ടാകുമോ എന്ന ഈഗോയാണ് കെസിക്ക്. പ്രത്യക്ഷത്തിൽ തന്നെ ചെന്നിത്തല ഗ്രൂപ്പുകാരനാണ് ലിജു എന്നതും അദ്ദേഹത്തെ രാജ്യസഭാ സീറ്റിൽ നിന്നും വെട്ടാൻ കെ സി വേണുഗോപാൽ തുനിഞ്ഞിറങ്ങുന്നതിന് പിന്നിലുണ്ട്. ലിജുവിന്റെ പേരിലേക്ക് പാർട്ടി എത്തിയേക്കുമെന്ന ഘട്ടത്തിലാണ് പലവിധ മാനദണ്ഡങ്ങളുമായി നേതാക്കൾ രംഗത്തുവന്നതും.

ഇതിന് തടയിടാൻ വേണ്ടിയാണ് ഷമ മുഹമ്മദിന്റെ പേര് ഉയർത്തുന്നതും. വനിതക്ക് സീറ്റ് നൽകണം എന്നു ഹൈക്കമാൻഡ് പറഞ്ഞാൽ അതിനെ എതിർക്കാൻ കെപിസിസി നേതൃത്വത്തിനും ആകില്ല. ഇത് കണ്ടറിഞ്ഞാണ് കെ സി വേണുഗോപാൽ ഷമയുടെ പേര് മുന്നോട്ടു വെച്ചിരിക്കുന്നത്.  കെ സി വേണുഗോപാലും രാജ്യസഭയിലെ അംഗമാണ്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമായ കെ സി വേണുഗോപാലിനൊപ്പം ആലപ്പുഴക്കാരനായി ലിജു കൂടി എത്തുമ്പോൾ സഭയിലെ പ്രകടനം തുലനം ചെയ്യപ്പെടുമോ എന്ന ഭയവും കെ സി യെ അലട്ടുന്നുണ്ട്. അതും ലിജുവിനെ വെട്ടാൻ വഴി തേടുന്നതിന് പിന്നിലുണ്ട്.

അതേസമയം രാജ്യസഭാ സ്ഥാനാർത്ഥി മാനദണ്ഡത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകരുടെ താൽപ്പര്യം ലിജുവിന് തന്നെ സീറ്റ് കൊടുക്കണം എന്നാണ്. ഈ വികാരം കണക്കിലെടുത്താണ് സുധാകരൻ അദ്ദേഹത്തിന്റെ പേര് മുന്നോട്ടു വെക്കുന്നതും. എന്നാൽ, ചർച്ചകളിൽ ഉയരുന്നതിന് അപ്പുറം ലിജുവിന്റെ പേര് ഇനിയും ഹൈക്കമാൻഡിന് കൈമാറിയിട്ടില്ല. വെള്ളിയാഴ്ചയിലേക്ക് കെപിസിസി സ്ഥാർത്ഥികളെ തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു. 'യുവാക്കളെ പരിഗണിക്കാനാണ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പറഞ്ഞിട്ടുള്ളത്. എം. ലിജു സ്ഥാനാർത്ഥിയാവാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് ഇപ്പോഴാണ് സ്ഥാനാർത്ഥികളെ കുറിച്ച് ചിന്തിക്കുന്നത്. ഹൈക്കമാന്റ് ആരുടേയും പേര് ഇതുവരെ നിർദ്ദേശിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്യം കൊടുക്കുന്നത് കോൺഗ്രസിന്റെ രീതിയാണ്, ഇതാണ് ഈ പാർട്ടിയുടെ പ്രത്യേകത. ഒരു നേതാവ് എന്തെങ്കിലും കടലാസിലെഴുതി തൂക്കി കാണിച്ചാൽ തലയാട്ടുന്നവരല്ല ഞങ്ങൾ. വനിതാ പ്രാതിനിധ്യം ഉറപ്പിക്കാനും ഞങ്ങൾ ശ്രമിക്കും. ശ്രീനിവാസൻ കൃഷ്ണന്റെ പേര് സ്ഥാനാർത്ഥികളുടെ പട്ടികയിൽ വന്നാൽ പരിഗണിക്കേണ്ടി വരും. പാർട്ടിക്കാർക്ക് അറിയാത്ത ആളൊന്നുമല്ല ശ്രീനിവാസൻ. കരുണാകരന്റെ സെക്രട്ടറിയായി കേരള രാഷ്ട്രീയത്തിൽ സജീവമായി നിന്നിരുന്നയാളാണ്.

ആരുടെ പേരുയർന്ന് വന്നാലും എതിർ അഭിപ്രായം ഉണ്ടാകും. അത് കോൺഗ്രസിന്റെ സ്വഭാവമാണ്. ഒരു സ്ഥാനാർത്ഥിയുടെ നല്ലതും ചീത്തയുമൊക്കെ പറയാനുള്ള സ്വാതന്ത്ര്യം പാർട്ടി തലത്തിലുണ്ട്. എത്രയൊക്കെ എതിർപ്പുണ്ടായാലും തീരുമാനം രണ്ട് കയ്യും നീട്ടി പാർട്ടി സ്വീകരിക്കാറാണ് പതിവ്, കാലങ്ങളായി നിലനിൽക്കുന്ന ഒന്നാണിത്,' സുധാകരൻ പറഞ്ഞു. എന്നാൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ സമീപകാല തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കരുതെന്ന് കെ. മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റിന് മുരളീധരൻ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തോറ്റവർ ആ മണ്ഡലങ്ങളിൽ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരൻ പറഞ്ഞത്. എം. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികൾ എ.ഐ.സി.സിക്കും കത്തയച്ചിട്ടുണ്ട്.

എം ലിജുവിനായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിൽ നീക്കം സജീവമായിരിക്കുന്നതിനിടെയാണ്, ലിജുവിനെതിരായ പരോക്ഷ നിലപാട് സ്വീകരിച്ച് മുരളീധരൻ രംഗത്തുവന്നത്. തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭയിലേക്കു പരിഗണിക്കരുതെന്ന് മുരളീധരൻ കത്തിൽ പറയുന്നു. തോറ്റവർ അതതു മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെ. രാജ്യസഭയിൽ ക്രിയാത്മകമായി ചർച്ചകളിൽ പങ്കെടുക്കാനാവുന്നവർ ആവണം അംഗങ്ങൾ ആവേണ്ടതെന്ന് മുരളീധരൻ പറഞ്ഞു.

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹിമാണ് സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാർത്ഥി. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് റഹിമിനെ സ്ഥാനാർത്ഥിയാക്കുന്നത്. നേരത്തെ 2006 ൽ എ എ റഹിം വർക്കലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു. ഇതിന് ശേഷം റഹിം സംഘടനാ രംഗത്തു പ്രവർത്തിച്ചു വരികയായിരുന്നു.

ഇടതുപക്ഷത്തിന് ലഭിക്കുന്ന രണ്ടാമത്തെ സീറ്റിൽ പി സന്തോഷ്‌കുമാറിനെ സിപിഐ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാർ. കേരളത്തിൽ നിന്നും മൂന്നു പേരാണ് രാജ്യസഭയിൽ നിന്നും വിരമിക്കുന്നത്. കോൺഗ്രസ് നേതാവ് എ കെ ആന്റണി, എൽജെഡി നേതാവ് എം വി ശ്രേയാംസ് കുമാർ, സിപിഎമ്മിലെ കെ സോമപ്രസാദ് എന്നിവരാണ് ഒഴിയുന്നത്. ഈ മാസം 31 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക. യുവാക്കളെ ഇടതുമുന്നണി സ്ഥാനാർത്ഥി ആക്കിയതോടെ യുഡിഎഫിലും ഈ ആവശ്യം സജീവമാകുകയായിരുന്നു.