- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞങ്ങൾ മാത്രമാണോ തോറ്റത്? ദയനീയ പരാജയമുണ്ടായാൽ പ്രവർത്തകർക്ക് വിഷമമുണ്ടാകും; അവർ പലരീതിയിൽ പ്രതികരിച്ചെന്ന് വരും; വിമർശനങ്ങളെ പോസിറ്റീവായി കാണുന്നു; പ്രതികരിച്ചു കെ സി വേണുഗോപാൽ; നേതൃമാറ്റ ആവശ്യം ഉന്നയിക്കാതെ ജി 23 നേതാക്കളും
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റ തെരഞ്ഞെടുപ്പ് തോൽവിയിൽ തനിക്കെതിരെ നടന്ന വിമർശനങ്ങളോട് പ്രതികരിച്ചു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വിമർശനങ്ങൾ പോസിറ്റീവായി കാണുന്നെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. കേരളത്തിലെ പ്രവർത്തകരിൽ നിന്നുയർന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്ക് ദയനീയ പരാജമുണ്ടായാൽ പ്രവർത്തകർക്ക് വിഷമമുണ്ടാകും. അവർ പലരീതിയിൽ പ്രതികരിച്ചെന്നുവരും. ഓരോരുത്തർക്കും ഓരോ ഭാഷയായിരിക്കും. താനതിനെ പോസിറ്റീവായാണ് കാണുന്നത്. കേരളത്തിലെ പ്രവർത്തകർക്ക് തന്നെ കുറിച്ച് പറയാൻ അവകാശമുണ്ട്. വിമർശനങ്ങൾക്ക് അതീതനായ ആളല്ല താൻ. തന്നെയല്ല വിമർശിക്കുന്നത്, താൻ വഹിക്കുന്ന പദവിയെയാണ് വിമർശിക്കുന്നത്. വിമർശനങ്ങളിൽ കോൺഗ്രസ് നന്നായിക്കാണാൻ ആഗ്രഹിക്കുന്നവരുടെ നല്ല ചിന്താഗതിയാണ് താൻ കാണാൻ ആഗ്രഹിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞങ്ങൾ മാത്രമാണോ തോറ്റത്? ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി ജയിക്കുമെന്ന് എല്ലാവരും എഴുതി. എന്നിട്ട് ജയിച്ചോ. തോൽക്കുന്നതിനെ ന്യായീകരിക്കുകയല്ല. തോൽവികൾ വിലയിരുത്തി പാഠങ്ങൾ ഉൾക്കൊള്ളണം. അതിനാണ് ഇന്ന് വർക്കിങ് കമ്മിറ്റി കൂടിയത്. ഏകകണ്ഠമായാണ് കോൺഗ്രസ് പ്രസിഡന്റിനെ മുന്നിൽ നിന്ന് നയിക്കാൻ ആവശ്യപ്പെട്ടത്.'- അദ്ദേഹം പറഞ്ഞു.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവി ചർച്ചചെയ്യാൻ ചേർന്ന അടിയന്തര കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്ത നേതാക്കളിൽ ആരും നേതൃമാറ്റ ആവശ്യം ഉന്നയിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ സെപ്റ്റംബറിൽ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പുവരെ സോണിയ തന്നെ പാർട്ടിയെ നയിക്കും.
കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നത് ഗാന്ധി കുടുംബമാണെന്ന് ചില നേതാക്കൾ പറയുന്നുണ്ടെന്നും അത്തരമൊരു വിചാരമുണ്ടെങ്കിൽ സ്ഥാനത്യാഗം ചെയ്യാൻ തയ്യാറാണെന്നും യോഗത്തിൽ സോണി പറഞ്ഞു. ഏറെ വൈകാരികമായായിരുന്നു സോണിയയുടെ പ്രതികരണം. എന്നാൽ രാജിസന്നദ്ധത തള്ളിയ പ്രവർത്തകസമിതി, ഗാന്ധികുടുംബത്തിൽ പൂർണ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ കൈക്കൊണ്ട തന്ത്രങ്ങൾ ഫലംകണ്ടില്ലെന്നും പ്രവർത്തക സമിതി യോഗം വിലയിരുത്തി.
ദേശീയ നേതൃത്വത്തിനെതിരേ വിമർശനങ്ങൾ ഉയർത്തിയ ജി 23 നേതാക്കളിൽ ആരും യോഗത്തിൽ സോണിയയുടെ രാജി ആവശ്യപ്പെട്ടില്ല. യോഗത്തിൽ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ ആരും രാജിസന്നദ്ധത അറിയിച്ചില്ലെന്നാണ് സൂചന. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളിൽ ചിലർ രാജിവച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്വം ഉണ്ടെന്ന വിലയിരുത്തലാണ് നാലര മണിക്കൂറോളം നീണ്ട യോഗത്തിൽ പ്രധാനമായും ഉയർന്നത്. തോൽവി അതീവഗൗരവതരമാണെന്നും ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ പരാജയം ഏറ്റുവാങ്ങിയ സംസ്ഥാനങ്ങളിൽ കൃത്യയമായ ഇടപെടൽ നടത്തുമെന്നും പ്രവർത്തകസമിതി യോഗം പുറത്തിറക്കിയ പ്രമേയത്തിൽ പറയുന്നു. സംഘടനാ തിരഞ്ഞെടുപ്പ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. തോൽവിയുടെ പശ്ചാത്തലത്തിൽ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും പ്രവർത്തന സമിതി സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ