ഹൈദരാബാദ്: രണ്ടാം വട്ടവും തെലങ്കാനയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കെ. ചന്ദ്രശേഖര റാവു അധികാരമേറ്റു. ഉച്ചയ്ക്ക് 1.35 ന് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ചന്ദ്രശേഖര റാവുവിന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകും. ഒരാഴ്ചക്കുള്ളിൽ മുഴുവൻ മന്ത്രിമാരെയും തീരുമാനിക്കുമെന്നാണ് ചന്ദ്രശേഖർ റാവു നേരത്തെ വ്യക്തമാക്കിയിരുന്നത്.

തെലങ്കാന ഭവനിൽ നടന്ന പുതിയ എംഎ‍ൽഎ. മാരുടെ യോഗത്തിൽ കെ.സി.ആറിനെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 119 സീറ്റിൽ 88 എണ്ണം സ്വന്തമാക്കി മികച്ചവിജയം നേടിയാണ് കെ. ചന്ദ്രശേഖര റാവുവിന്റെ േെനതൃത്വത്തിലുള്ള ടി.ആർ.എസ് അധികാരത്തിലേറിയത്.