- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിവേഗ ഇന്റർനെറ്റ് ഗ്രാമങ്ങളിലും എത്തിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ പദ്ധതി; കഴിഞ്ഞ വർഷം അവസാനം പൂർത്തിയാകേണ്ട കെ ഫോൺ പദ്ധതിക്ക് ചെലവിട്ടത് 1532 കോടി രൂപ; ജൂണിൽ പൂർത്തിയാക്കുമെന്ന് വീണ്ടും വാഗ്ദാനം; ഈ വർഷത്തെ വിഹിതമായി ബജറ്റിൽ വകയിരുത്തിയത് 125 കോടി രൂപ
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അഭിമാനപൂർവ അവതരിപ്പിച്ച പദ്ധതിയായിരുന്നു കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതി. സംസ്ഥാനം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി ഇന്റർനെറ്റ് എത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ പദ്ധതി. എന്നാൽ പ്രഖ്യാപനവും ആഘോഷവും വലിയ തോതിൽ നടന്നെങ്കിലും പദ്ധതി എങ്ങും എത്തിയില്ല. പദ്ധതി ആസൂത്രണം ചെയ്ത എം ശിവശങ്കരൻ ജയിലിൽ പോയത് അടക്കം കെ ഫോണിനെ സാരമായി സാധിച്ചു.
രണ്ടാം പിണറായി സർക്കാറും കെ ഫോൺ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. കെ ഫോൺ പദ്ധതി ജൂണിൽ പൂർത്തിയാകുമെന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയത്. പദ്ധതിയിലേക്കായി ഈ വർഷത്തെ വിഹിതമായി 125 കോടി രൂപ ബജറ്റിൽ വകയിരുത്തി. കഴിഞ്ഞ വർഷം അവസാനം പൂർത്തിയാകേണ്ട 1532 കോടി രൂപയുടെ പദ്ധതിയാണിത്. പാവപ്പെട്ടവർക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് കണക്ഷൻ നൽകാനാണു ലക്ഷ്യമിട്ടത്.
20 ലക്ഷം കുടുംബങ്ങൾക്കു സൗജന്യമായി കെ ഫോൺ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഓരോ നിയമസഭാ മണ്ഡലത്തിലും 100 വീതം കുടുംബങ്ങൾക്കാണു നൽകുകയെന്നു സർക്കാർ പിന്നീട് വ്യക്തമാക്കി. ലക്ഷ്യമിട്ടതിന്റെ 0.7% മാത്രം. സ്‌കൂളുകൾ ഉൾപ്പെടെ 30000 സർക്കാർ ഓഫിസുകളിൽ ശൃംഖല എത്തിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം 27000 ആയും കുറച്ചു. ഇതിനകം ഏകദേശം 12000 ഓഫിസുകളിൽ കേബിൾ എത്തിച്ചു. ഇതു പൂർത്തീകരിച്ച ശേഷം ഇന്റർനെറ്റ് സേവനദാതാക്കളെ കണ്ടെത്തണം.
കെ ഫോൺ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിൽ കേബിൾ ടിവിയെയും പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഓപ്പറേറ്റർമാരും നേരത്തെ രംഗത്തുവന്നിരുന്നു. സംസ്ഥാനത്തെ 25 ലക്ഷത്തിലധികം വീടുകളിൽ ഡിജിറ്റൽ കേബിൾ സർവീസും ഇന്റർനെറ്റും ഐപിടിവി സൗകര്യങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്ന കേബിൾ ഓപ്പറേറ്റർമാർക്ക് അനന്തസാധ്യതയാണ് കെ ഫോൺ തുറക്കുക. കേബിൾ ശൃംഖലയിലൂടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നൂറിലേറെ പ്രാദേശിക ചാനലുകൾക്ക് ഉൾപ്പെടെ കെ ഫോൺ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെ ലോകോത്തര സൗകര്യങ്ങൾ ഉപയോഗിക്കാനാകും.
ജിയോ പോലുള്ള വൻകിട സർവീസ് പ്രൊവൈഡർമാർക്കൊപ്പം കെ ഫോണിന്റെ ഉന്നതനിലവാരമുള്ള ഒപ്റ്റിക്കൽ ശൃംഖല പ്രാദേശിക കേബിൾ നെറ്റ്‌വർക്കുകൾക്കും ഉപയോഗിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അവസരം തുറന്നുകിട്ടിയിട്ടുള്ളത്. സംസ്ഥാനത്താകെ 50,000 കിലോമീറ്ററിൽ വ്യാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് കെ ഫോണിന്റെ പ്രധാന ആകർഷണം. വൻകിട കുത്തക സർവീസ് പ്രൊവൈഡർമാർക്കുപോലും സംസ്ഥാനത്ത് ഇത്രയും വിപുലമായ ഫൈബർ ശൃംഖല സ്ഥാപിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ എറ്റവും കൂടുതൽപ്പേരിലേക്ക് ഏറ്റവും മികച്ച അതിവേഗ ഇന്റർനെറ്റും അനുബന്ധ സൗകര്യങ്ങളും എത്തിക്കാൻ കെ ഫോൺ ശൃംഖലയ്ക്കാകും.
ഉപയോഗിക്കുന്ന ബ്രാൻഡ്വിഡ്തിന് നിശ്ചിത തുക വാടക നൽകിയാൽ മതിയാകും. ഇതിലൂടെ പ്രാദേശിക കേബിൾ ശൃംഖലകളുടെ നടത്തിപ്പ് ചെലവിൽ വൻ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കുറഞ്ഞചെലവിൽ ഉപയോക്താക്കൾക്ക് കേബിൾ സേവനങ്ങൾ ലഭിക്കുകയും ചെയ്യും. നിലവിൽ സ്വന്തമായി കേബിളുകൾ സ്ഥാപിച്ചാണ് പ്രാദേശിക ശൃംഖലകൾ പ്രവർത്തിക്കുന്നത്. ഉന്നത നിലവാരമുള്ളവയല്ല എല്ലായിടത്തും. അതുകൊണ്ടുതന്നെ നൽകുന്ന സേവനങ്ങളുടെ ഗുണമേന്മയിലും വ്യത്യാസമുണ്ടാകും. കെഎസ്ഇബിയുടെ വൈദ്യുതിക്കാലുകളിലൂടെ കേബിൾ വലിച്ചാണ് വീടുകളിൽ സേവനം എത്തിക്കുന്നത്. അതിന് പ്രത്യേക വാർഷിക വാടക നൽകണം. പുറമെ കേബിളുകളുടെ പരിപാലനത്തിനും വലിയ ചെലവ് വഹിക്കണം. ഇതിന്റെയെല്ലാം ഫലമായി കേബിൾ സേവനത്തിന് ഉപയോക്താക്കൾ ഉയർന്ന വാടകയും നൽകേണ്ടിവരുന്നു. ഇതിനെല്ലാം കെ ഫോണിലൂടെ പരിഹാരമാകുമെന്നാണ് ഓപ്പറേറ്റർമാരുടെ പ്രതീക്ഷ.
അതേസമയം ഗ്രാമങ്ങളിൽ അടക്കം അതിവേഗം ഇന്റർനെറ്റ് എത്തിയാൽ വർക്ക് നിയർ ഹോം പദ്ധതിയുമായി സർക്കാർ കടന്നുവരും. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ പ്രഖ്യാപിക്കുകയും പ്രായോഗികമല്ലെന്നു കണ്ട് ചുരുട്ടിക്കെട്ടുകയും ചെയ്ത വർക്ക് നിയർ ഹോം എന്ന വമ്പൻ പദ്ധതി വീണ്ടും ബജറ്റിൾ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഓൺലൈനായി തൊഴിൽ ചെയ്യുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്തു ചെറുപട്ടണങ്ങളിലടക്കം ഇന്റർനെറ്റ് സൗകര്യമുള്ള ഓഫിസ് ഇടങ്ങൾ ഒരുക്കാനായാണ് അന്ന് വർക്ക് നിയർ ഹോം പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്ത് വർക്ക് നിയർ ഹോം സെന്ററുകൾ ആരംഭിക്കാനായിരുന്നു ആലോചന. പ്രാരംഭ പ്രവർത്തനങ്ങൾക്കു ടെക്‌നോപാർക്കിന് 3.05 കോടി രൂപ അനുവദച്ചെങ്കിലും പ്രായോഗികമല്ലെന്നു സർക്കാർ പിന്നീടു വിലയിരുത്തി ടെക്‌നോപാർക്കിനു നൽകിയ പണം വകമാറ്റി ചുറ്റുമതിൽ നിർമ്മിക്കാൻ അനുവദിച്ചു. ഇതേ പദ്ധതിയാണ് വീണ്ടും 50 കോടി വകയിരുത്തി ഇന്നലെ പ്രഖ്യാപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ