- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
124 രൂപ എന്ന കുറഞ്ഞ നിരക്കിന് കണക്ഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കേരള വിഷൻ; ആദ്യം കണക്ഷൻ നൽകുന്ന 14000 ബിപിഎൽ കുടുംബങ്ങളുടെ പട്ടിക കൂടി ലഭിച്ചതിനു ശേഷം കരാർ നൽകാൻ സർക്കാരും; അടുത്ത മാസം കണക്ഷൻ കൊടുക്കാൻ കടമ്പകൾ ഇനിയും ഏറെ; കെ ഫോണിലൂടെ ഇന്റർനെറ്റ് വിപ്ലവം സ്വപ്‌നം കണ്ട് പിണറായി സർക്കാർ
തിരുവനന്തപുരം: ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്‌പി) ലൈസൻസ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിനു (കെ ഫോൺ) കേന്ദ്ര ടെലികോം വകുപ്പ് അനുവദിക്കുമ്പോൾ നിരക്ക് കുറച്ച് ഇന്റർനെറ്റ് എന്ന സ്വപ്‌നം കേരളത്തിൽ സജീവമാകും. ബി എസ് എൻ എല്ലുമായി സഹകരിച്ചാണ് പദ്ധതി. കെ ഫോണിലൂടെ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള ബാൻഡ്വിഡ്ത് ലഭ്യമാക്കാൻ ബിഎസ്എൻഎലുമായി ഒരു വർഷത്തെ കരാറിലെത്തിയിട്ടുണ്ട്.
അനുമതികളായെങ്കിലും കെ ഫോൺ പൂർണതോതിൽ പ്രവർത്തനം തുടങ്ങാൻ ഇനിയും കടമ്പകൾ ബാക്കിയാണ്. എണ്ണായിരം കിലോമീറ്റർ ദൂരത്തിൽ ഇനിയും കേബിൾ വലിക്കാനുണ്ട്. കണക്ഷൻ നൽകാനുള്ള കമ്പനിക്ക് കരാർ നൽകണം. ഗുണഭോക്താക്കളുടെ പട്ടിക ലഭിച്ചാലുടൻ കരാർ നൽകി അടുത്തമാസത്തോടെ ആദ്യ കണക്ഷൻ നൽകാമെന്ന പ്രതീക്ഷയിലാണ് കെ ഫോൺ. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് കൂടി ലഭിച്ചതോടെ കെ ഫോണിന് എല്ലാ അനുമതികളുമായി എന്നതാണ് വസ്തുത.
അടിസ്ഥാന സൗകര്യങ്ങൾ നൽകാനുള്ള ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ (ഐപി) ലൈസൻസ് കഴിഞ്ഞയാഴ്ച ലഭിച്ചിരുന്നു. ഐഎസ്‌പി കാറ്റഗറി ബിയിൽപെട്ട യൂണിഫൈഡ് ലൈസൻസ് ലഭിച്ചതോടെ സംസ്ഥാന പരിധിക്കുള്ളിൽ ഇന്റർനെറ്റ് സേവന സൗകര്യം നൽകാനാകും. സ്വന്തം ഒപ്റ്റിക്കൽ ഫൈബർ കേബിളും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ഇന്റർനെറ്റ് സൗകര്യം നൽകാൻ കെ ഫോണിന് കഴിയും. ഇത് നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. നിരക്കു കുറച്ച് ഇന്റർനെറ്റ് സേവനം സർക്കാർ ഓഫിസുകളിലും വീടുകളിലുമെത്തിക്കാനാണ് കെ ഫോൺ പദ്ധതിയും. ഏകദേശം 30,000 സർക്കാർ ഓഫിസുകളിൽ കെ ഫോൺ വഴി ഇന്റർനെറ്റ് സേവനം നൽകാനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനർഹമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്‌പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് നൽകിക്കൊണ്ട് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്. കേരളത്തിന്റെ അഭിമാന പദ്ധതിക്ക് സംസ്ഥാന പരിധിക്കകത്ത് ഇന്റർനെറ്റ് സേവന സൗകര്യങ്ങൾ നൽകാനുള്ള അനുമതിയാണ് ലഭിച്ചത്. ഇതോടെ സ്വന്തമായി ഐഎസ്‌പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
പൊതുജനത്തിന് കുറഞ്ഞ നിരക്കിലും ഗുണമേന്മയോടു കൂടിയതുമായ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനുദ്ദേശിച്ച് എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ-ഫോൺ. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമാണെന്ന് പ്രഖ്യാപിച്ച ഈ സർക്കാർ കേരളത്തിന് നൽകുന്ന വലിയ ഉറപ്പ് കൂടിയാണീ പദ്ധതിയെന്ന് സർക്കാർ പറയുന്നു. അവശ വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപ്പറേറ്റാധിപത്യത്തിനെതിരെയുള്ള ജനകീയ ബദൽ കൂടിയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിട്ടുണ്ട്.
കേബിൾ ശൃംഖല ഇനിയും പൂർത്തിയാക്കാനുണ്ട്. 20000 കിലോമീറ്റർ ദൂരം കേബിൾ വലിച്ചു. 8000കിലോമീറ്ററാണ് അവശേഷിക്കുന്നത്. ഇതിൽ 3000 കിലോമീറ്റർ ദൂരം കേബിൾ വലിക്കുന്ന ജോലി നടക്കുന്നു. റോഡ് വീതി കൂട്ടേണ്ടതിനാൽ 5000 കിലോമീറ്ററിൽ ഇപ്പോൾ കേബിൾ വലിക്കാനാവില്ല. ആദ്യഘട്ട കണക്ഷനുകൾ നൽകി പദ്ധതി കമ്മീഷൻ ചെയ്യുന്നതിന് ഇത് തടസമാവില്ല. റയിൽവേ ലൈൻ മുറിച്ച് കേബിൾ വലിക്കേണ്ട 72 ഇടങ്ങളിൽ അനുമതി ലഭിക്കാനുണ്ട്.
30000 സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും കെ ഫോൺ കണക്ഷൻ നൽകുന്നുണ്ട്. ഇതിൽ 26000 ഓഫിസുകളിൽ ക്രമീകരണങ്ങൾ പൂർത്തിയായി. കേബിൾ എത്താത്തതിനാൽ 5000 ഓഫിസുകളിൽ ആദ്യഘട്ടം കണക്ഷൻ നൽകാൻ സാധിക്കില്ല. വീടുകളിലേക്ക് കണക്ഷൻ എത്തിക്കുന്ന കമ്പനിക്ക് ടെൻഡർ പൂർത്തിയാക്കി കരാർ നൽകുന്ന ജോലിയും ബാക്കിയാണ്. ഐ.എസ്‌പി ലൈസൻസ് ലഭിച്ചതിനുശേഷം ഈ കരാർ നൽകിയാൽ മതിയെന്ന് സർക്കാർ നിർദേശിച്ചിരുന്നു.
124 രൂപ എന്ന കുറഞ്ഞനിരക്കിന് കണക്ഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത് കേരള വിഷനാണ്. ലൈസൻസ് ലഭിച്ചെങ്കിലും ആദ്യം കണക്ഷൻ നൽകുന്ന 14000 ബിപിഎൽ കുടുംബങ്ങളുടെ പട്ടിക കൂടി ലഭിച്ചതിനുശേഷം കരാർ നൽകിയാൽ മതിയെന്നാണ് കെ ഫോൺ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പാണ് ഗുണഭാക്താക്കളെ കണ്ടെത്തി പട്ടിക കൈമാറേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ