തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന്റെ കാലത്തു നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെ ഫോൺ സംവിധാനം. സംസ്ഥാന വ്യാപകമായി ഇന്റർനെറ്റ് സംവിധാനം ലഭ്യമാകാനുള്ള കേബിൾ സൃംഖലയായിരുന്നു ഈ പദ്ധതി. എം ശിവശങ്കരന്റെ ബുദ്ധിയിൽ വിരിഞ്ഞ ഈ പദ്ധതി പക്ഷേ, സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അദ്ദേഹം അഴിക്കുള്ളിലായതോടെ സ്തംഭനാവസ്ഥയിൽ ആയി. ഇതോടെ കഴിഞ്ഞ സർക്കാറിന് പദ്ധതി പൂർത്തിയാക്കാൻ സാധിച്ചില്ല. ഇപ്പോൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ കെ ഫോൺ പദ്ധതി യാഥാർഥ്യമാകാൻ ഒരുങ്ങുകയാണ്.

കെഫോണിന്റെ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലേക്ക് നൽകി തുടങ്ങുമെന്നാണ് സർക്കാർ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒരു നിയോജക മണ്ഡലത്തിൽ 500 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ തീരുമാനമായി. സെക്കൻഡിൽ 10 മുതൽ 15 വരെ എംബി വരെ വേഗത്തിൽ ദിവസം ഒന്നര ജിബി ഡേറ്റയാണ് ഒരു വീട്ടിൽ ഉപയോഗിക്കാൻ കഴിയുക. ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ശേഖരിക്കും. ഈ പട്ടിക പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും കൈമാറും.

സർക്കാർ പ്രഖ്യാപനത്തിന് അപ്പുറത്തേക്ക് പദ്ധതി എത്രകണ്ട് വിജയിക്കും എന്നത് അടക്കമുള്ള കാര്യങ്ങൾ കണ്ടു തന്നെ അറിയണം. കെ ഫോണിന്റെ കേബിൾ ശൃംഖലയെ ആശ്രയിക്കുന്ന ഈ പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളാണ് ബിപിഎൽ കുടുംബങ്ങളിലേക്ക് ഇന്റർനെറ്റ് കണക്ഷൻ എത്തിക്കുക. കെഫോൺ കണക്ഷൻ നൽകാൻ ഒരു ജില്ലയിൽ ഒരു സേവനദാതാവിനെ വീതം കണ്ടെത്താനാണ് ആലോചിക്കുന്നത്. ഇതിനായി 3 വർഷത്തിലേറെയായി ഇന്റർനെറ്റ് സേവനം നൽകുന്നവരിൽ നിന്ന് ഉടൻ ടെൻഡർ വിളിക്കും.

ഇന്റർനെറ്റ്, പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബജറ്റിലെ ഈ പ്രഖ്യാപനത്തെത്തുടർന്ന് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കെഫോൺ പദ്ധതിക്കു തുടക്കമിട്ടത്. 14 ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി തൂണുകളിലൂടെ വലിച്ച വമ്പൻ കേബിൾ ശൃംഖലയാണ് കെഫോണിന്റെ നട്ടെല്ല്. 2,600 കിലോമീറ്റർ ദൂരമാണ് കേബിൾ സ്ഥാപിക്കുന്നത്. ഇതിൽ 2,045 കിലോമീറ്റർ കേബിൾ സ്ഥാപിക്കൽ പൂർത്തിയായതായി സർക്കാർ അവകാശപ്പെടുന്നു.

പദ്ധതി പൂർത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്‌സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാകുമെന്നാണ് സർക്കാറിന്റെ അവകാശവാദം. സംസ്ഥാനത്തിന് ഇ-കുതിപ്പിനുതന്നെ വഴിയൊരുക്കുന്നതാണ് കെ ഫോൺ ശൃംഖലയെന്നാണ് സർക്കാർ അവകാശവാദം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതൽ സാധ്യതകൾ തുറക്കും. സ്റ്റാർട്ടപ്പുകൾക്ക് ഇത് ഏറ്റവും പ്രയോജനം ചെയ്യും. ഇ-കൊമേഴ്‌സ് സൗകര്യങ്ങൾ വഴി വിപണനം നടത്താൻ ഗ്രാമങ്ങളിലെ സംരംഭകർക്കുപോലും സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.

സർക്കാർ സ്ഥാപനങ്ങൾ പലതും സേവനങ്ങൾ ഓൺലൈനായി നൽകുന്നുണ്ട്. എന്നാൽ, സേവനദാതാവായ ഓഫീസിലെയും സേവനം കിട്ടേണ്ട ഗുണഭോക്താവിന്റെയും ഇന്റർനെറ്റ് കണക്ടിവിറ്റി ശക്തമാണെങ്കിൽ മാത്രമേ ഇത് ഫലപ്രദമാകൂ. വലിയ സ്വകാര്യ കമ്പനികൾ വൻ നഗരങ്ങളിൽ മെച്ചപ്പെട്ട കണക്ടിവിറ്റി നൽകുന്നുണ്ട്. എന്നാൽ, ഗ്രാമങ്ങളിൽ ലാഭം കുറയും എന്നതിനാൽ ചെയ്യുന്നില്ല. അതിനു മാറ്റം വരുത്താൻ കെ ഫോൺ സഹായിക്കും. എൻഡ് ഓഫീസ് കണക്ടിവിറ്റി ലക്ഷ്യമിടുന്നത് ആകെ 30,000 സർക്കാർ ഓഫീസിലാണ്. ഇതിൽ 3019 എണ്ണം പ്രവർത്തനസജ്ജമായതായും സർക്കാർ അറിയുന്നു.