ഹൈദരാബാദ്: കോൺഗ്രസ് ബന്ധം സംബന്ധിച്ച് ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ചർച്ച തുടരവേ കേരളാ ഘടകം യെച്ചൂരിയുടെ നിലപാടിനെതിരെ കടുത്ത എതിർപ്പുമായി രംഗത്ത്. യെച്ചൂരിയെ കെകെ രാഗേഷിനെ മുൻനിർത്തി കേരള ഘടകം വിമർശിക്കുന്ന കാഴ്‌ച്ചക്കാണ് ഇന്ന് സമ്മേളന വേദി സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് ബന്ധം സംബന്ധിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത് അടവ് നയമല്ല, അവസരവാദമെന്ന് കെ.കെ രാഗേഷ് വിമർശിച്ചു. കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന നിലപാട് രാഗേഷ് സ്വീകരിച്ചു.

സിപിഎം പാർട്ടി കോൺഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ യെച്ചൂരിക്കെതിരെ രൂക്ഷ വിമർശനമാണ് രാഗേഷ് ഉയർത്തിയത്. യെച്ചൂരിക്ക് നിരാശയാണ്. നിരാശയിൽ നിന്നാണ് ബദൽ നീക്കങ്ങൾ ഉണ്ടായത്. കോൺഗ്രസിനായി പിൻവാതിൽ തുറന്നിട്ടാണ് യെച്ചൂരിയുടെ പ്രവൃത്തി. കേന്ദ്ര കമ്മിറ്റിയിൽ തീർക്കേണ്ടത് പാർട്ടി കോൺഗ്രസ് വരെ വലിച്ചിഴയ്‌ക്കേണ്ടിയിരുന്നില്ലെന്നും രാഗേഷ് ചൂണ്ടാക്കാട്ടി. കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ കേരളത്തിനുള്ള അംഗങ്ങളുടെ ചർച്ച പൂർത്തിയായി.

രാഷ്ട്രീയ രേഖ സംബന്ധിച്ച ഇതുവരെ 43 പേർ ചർച്ചയിൽ പങ്കെടുത്തു. വ്യാഴാഴ്ച നടന്ന ചർച്ചയിൽ കേരള ഘടകം ഒറ്റക്കെട്ടായി കാരാട്ടിന് പിന്നിൽ അണി നിരന്നപ്പോൾ ബംഗാൾ ഘടകത്തിൽ നിന്ന് സംസാരിച്ച പ്രതിനിധികളിലൊരാൾ കോൺഗ്രസ് ബന്ധത്തെ തള്ളി പാർട്ടിയുടെ ഔദ്യോഗിക നിലപാടിനെ പിന്താങ്ങി. കേരളത്തിൽ നിന്ന് സംസാരിച്ച പി. രാജീവും കെ.എൻ. ബാലഗോപാലും കോൺഗ്രസ് ബന്ധത്തെ നിശിതമായി എതിർത്തിരുന്നു.

10 സംസ്ഥാന ഘടകങ്ങളിൽ നിന്നുള്ളവർ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച കോൺഗ്രസുമായി സഖ്യമോ മുന്നണിയോ ധാരണയോ വേണ്ടെന്ന് ആഹ്വാനം ചെയ്യുന്ന കരട് രാഷ്ട്രീയ പ്രമേയത്തെ പിന്തുണച്ചു. എന്നാൽ, ആറ് സംസ്ഥാന ഘടകങ്ങളിൽ നിന്ന് സംസാരിച്ചവർ മാത്രമേ സീതാറാം യെച്ചൂരി പിന്തുണക്കുന്ന കേന്ദ്ര കമ്മിറ്റിയിലെ ന്യൂനപക്ഷ അഭിപ്രായത്തെ പിന്തുണച്ചുള്ളൂ.

കേരളം, ത്രിപുര, ഹരിയാന, ഹിമാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാർ, കർണാടക, അസം, രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് കാരാട്ട് പക്ഷത്തിന്റെ നിലപാടിനെ പിന്താങ്ങിയത്. ബംഗാൾ, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് പ്രതിനിധികളാണ് യെച്ചൂരിയുടെ അഭിപ്രായത്തെ പിന്താങ്ങിയത്. ഛത്തിസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ രണ്ട് പക്ഷത്തോടും ചേർന്നില്ല.