കോഴിക്കോട്: വടകര അസംബ്‌ളി സീറ്റിൽ കെ.കെ രമ മൽസരിക്കുമോ? തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കോഴിക്കോട്ട് പൊതുവെ ഉയർന്നുകേൾക്കുന്ന ചോദ്യമിതാണ്. മൽസരിക്കാൻ താൽപ്പര്യമില്‌ളെന്ന് രമ പലവട്ടം അറിയിച്ചിട്ടും ടി.പി ചന്ദ്രശേഖരന്റെ വിധവക്കുമേൽ ആർ.എംപി സമ്മർദം തുടരുകയാണ്. രമയാകട്ടെ അന്തിമ തീരുമാനം എടുത്തിട്ടുമില്ല.

അതേസമയം രമ മൽസരിക്കയാണെങ്കിൽ യു.ഡി.എഫ് പിന്തുണ നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി അബു മുമ്പ് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച പല രഹസ്യ ചർച്ചകളും നടക്കുന്നുമുണ്ട്. അതേസമയം ആർ.എംപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അതുതന്നെയാണ്. സിപിഎമ്മിന് വിപ്‌ളവം പോരെന്ന് പറഞ്ഞ് രൂപീകൃതമായ പാർട്ടി കോൺഗ്രസുമായ കൈകോർത്താൽ അണികളുടെ കൊഴിഞ്ഞുപോക്ക് അവർ ഭയപ്പെടുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി ധാരണയുണ്ടാക്കിയത് ആർ.എംപിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.

ലീഗ് പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്നത് ചൂണ്ടിക്കാട്ടി ആർ.എംപിയിൽനിന്ന് മുൻ എസ്.എഫ.ഐ സംസ്ഥാനനേതാക്കൾ അടക്കമുള്ളവർ വിട്ടുപോന്നിരുന്നു. പലരും പരസ്യമായി ഫേസ്‌ബുക്ക് പോസ്റ്റിട്ടാണ് ആർ.എംപിയുമായുള്ള ബന്ധം വിഛേദിച്ചത്. ഇതേകാര്യത്തെ ചൊല്ലി ആർ.എംപിയിൽ ഭിന്നതയും നേതാക്കൾ തമ്മിൽ ചേരിപ്പോരും രൂപപ്പെട്ടിരുന്നു. ഇതിൽ ഖിന്നയായ കെ.കെ രമ ഇടക്കാലത്ത് വല്ലാത്ത നിർജീവ അവസ്ഥയിലും എത്തിയിരുന്നു. ഇപ്പോൾ ടി.പി കേസ് ഗൂഢാലോചന സിബിഐക്ക് വിടുന്ന പ്രശ്‌നം വന്നപ്പോഴാണ് അവർ സജീവമായി പൊതുരംഗത്ത് തിരച്ചത്തെിയത്.

ഈ സാഹചര്യത്തിൽ യു.ഡി.എഫുമായി ചേർന്ന് മൽസരിക്കാൻ രമ തയാറാവുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.ഒറ്റക്ക് നിന്ന് ജയിക്കാനുള്ള സംഘടനാശേഷി ആർ.എംപിക്ക് ഇവിടെയുമില്ല. മാത്രമല്ല കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ ജയിപ്പിക്കാനായി വ്യാപകമായി വോട്ടുമറിച്ചെന്ന ആരോപണവും ആർ.എംപി നേരിടുന്നുണ്ട്. കഴിഞ്ഞ അസംബ്‌ളിതെരഞ്ഞെടുപ്പിനു കിട്ടിയതിന്റെ പകുതിയോളം വോട്ടുമാത്രമാണ് ആർ.എംപിയുടെ പെട്ടിയിൽ പാർലിമെന്റ്‌തെരഞ്ഞെടുപ്പിൽ വീണത്. ഈ വോട്ടുമറി രാഷ്ട്രീയ ആർ.എംപിയുടെ വിശ്വാസ്യതക്കും മങ്ങലേൽപ്പിച്ചിട്ടുണ്ട്.

കെ.കെ. രമ ഇവിടെ സ്ഥാനാർത്ഥിയായാൽ വടകരയിലെ പോരാട്ടം സിപിഎമ്മിന് അഭിമാനപ്രശ്‌നമാകും. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലങ്ങളിലൊന്നും വടകരയാകും. ഇതെല്ലാം കണക്കിലെടുത്ത് കരുത്തനായ സ്ഥാനാർത്ഥിയെ വേണമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. നിലവിൽ ഈ സീറ്റ് പാർട്ടി ജനതാദളിനാണ് നൽകാറ്. കഴിഞ്ഞതവണ വെറും നൂറിൽ താഴെ വോട്ടുകൾക്കാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായ ജനതാദളിലെ സി.കെ നാണു ഇവിടെ നിന്ന് ജയിച്ചത്. അന്ന് ആർ.എംപി സ്ഥാനാർത്ഥിയായിരുന്നത് ടി.പി ചന്ദ്രശേഖരൻ തന്നെയായിരുന്നു. രമ മൽസരിക്കുന്ന സാഹചര്യം ഉണ്ടായാൽ ദളിന് മറ്റൊരു സീറ്റ് നൽകി പാർട്ടി മുൻ ജില്ലാസെക്രട്ടറിയും ജനസമ്മതനുമായ ടി.പി രാമകൃഷ്ണനെ രംഗത്തിറക്കാനാണ് സിപിഐ(എം) നീക്കം നടത്തുന്നത്.