- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായി സർക്കാറിന്റെ ആഭ്യന്തരവകുപ്പിന്റെ കുറ്റകൃത്യങ്ങളിലെ ഒടുവിലത്തെ രക്തസാക്ഷിയാണ് മൊഫിയ പർവീൺ; കലാലയ ജീവിതത്തിലെ വീരസാഹസങ്ങൾ പറയാൻ മാത്രം പോരാ വാർത്താസമ്മേളം; മുഖ്യമന്ത്രി മൗനംവെടിഞ്ഞ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം: മൊഫിയയുടെ കുടുംബത്തെ സന്ദർശിച്ച് കെ കെ രമ
കൊച്ചി: ഭർതൃ പീഡനത്തെ തുടർന്ന് ആലുവയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ വടകര എംഎൽഎ കെ കെ രമ. ആലുവ ഈസ്റ്റ് സിഐയെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ രമ ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണകുറ്റത്തിന് കേസെടുക്കുകയും അടിയന്തിരമായി സസ്പെന്റ് ചെയ്യുകയും വേണമെന്ന് ആവശ്യപ്പെട്ടു. മൊഫിയയുടെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് രമ ആഭ്യന്തര വകുപ്പിനെതിരെ കുറ്റപ്പെടുത്തലുമായി രംഗത്തുവന്നത്.
ഈ ഭരണത്തിൽ ആഭ്യന്തരവകുപ്പിന്റെ കുറ്റകൃത്യങ്ങളിൽ രക്തസാക്ഷികളായവർ നിരവധിയാണ്. അതിൽ ഒടുവിലത്തെ ഇരയാണ് മൊഫിയ പർവീണെന്നും രമ പറഞ്ഞു. സർക്കാർ ജനങ്ങൾക്ക് സ്വാഭാവികമായി ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ ചെയ്യുമ്പോൾ അത് വിശദീകരിക്കാനും, തന്റെ കലാലയജീവിതത്തിലെ വീരസാഹസങ്ങൾ പറയാനും മണിക്കൂറുകളോളം വാർത്താസമ്മേളനങ്ങൾ വിളിച്ചുചേർക്കുന്ന മുഖ്യമന്ത്രി പൊലീസിന്റെയും ആഭ്യന്തരവുപ്പിന്റെയും തന്റെ മറ്റ് വകുപ്പുകളുടെയും നിരന്തരമായ പിടിപ്പുകേടുകൾ ഉയരുന്ന ഈ സമയത്ത് മൗനംപാലിക്കുന്നത് ചെയ്തതൊക്കെ തെറ്റാണെന്ന ഉറച്ച ബോധ്യംകൊണ്ടുതന്നെയാണെന്നും കെ കെ രമ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുഖ്യമന്ത്രി മൗനംവെടിഞ്ഞ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തയ്യാറാവണം. സാധാരണ ജീവിതങ്ങൾക്ക് നീതി ലഭിക്കാത്തിടത്തോളം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്പോവുകതന്നെ ചെയ്യുമെന്നും അവർ വ്യക്തമക്കി.
കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഭർതൃവീട്ടുകാരുടെപീഡനത്തിലും തുടർന്ന് പരാതി നൽകിയപ്പോൾ പൊലീസ് അപമാനിച്ചതിലും മനംനൊന്ത് ആത്മഹത്യചെയ്ത ആലുവയിലെ മൊഫിയ പർവീണിന്റെ വീട്ടിൽ പോയി. മകളുടെ വേർപാടിൽ മനംനൊന്തിരിക്കുകയാണ് ആ കുടുംബം. നീതിതേടി ഒടുവിലെത്തിയ പൊലീസിൽനിന്നും കിട്ടിയ അതിക്രൂരമായ പെരുമാറ്റമാണ് മൊഫിയയുടെ മരണത്തിന് കാരണമായത്. സ്ത്രീധനത്തിനും പണത്തിനുമായി തന്നെ ദ്രോഹിച്ച ഭർതൃവീട്ടുകാരുടെ മുന്നിലിട്ട് തന്നെ വീണ്ടും ഒരു പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചത് അവളുടെ മനസിന് താങ്ങാനായില്ല. നിയമസംരക്ഷകരാവേണ്ട പൊലീസ് നിയമലംഘകരും മനുഷ്യത്വവിരുദ്ധരുമാകുന്നത് സമൂഹത്തിലെ വലിയ ദുരന്തമാണ്.
എന്നിട്ടും ആലുവ ഈസ്റ്റ് സിഐയെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുകയാണ്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണകുറ്റത്തിന് കേസെടുക്കുകയും അടിയന്തിരമായി സസ്പെന്റ് ചെയ്യുകയുമായിരുന്നു ആഭ്യന്തരവകുപ്പ് ചെയ്യേണ്ടിയിരുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ സിപിഎം വിരുദ്ധ പോസ്റ്റുകളിൽ ഒന്ന് ലൈക്കടിച്ചാൽപോലും സർക്കാർ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ കാണിക്കുന്ന ശുഷ്കാന്തി എന്തുകൊണ്ടാണ് ഒരു പെൺകുട്ടിയുടെ മരണമൊഴിയിൽ കൃത്യമായി പേരുവന്ന ഉദ്യോഗസ്ഥനെതിരെ ഈ സർക്കാർ കാണിക്കാത്തത്?
ഭരണത്തണലിൽ സ്വന്തക്കാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇതിനുപിന്നിൽ.
ഈ ഭരണത്തിൽ ആഭ്യന്തരവകുപ്പിന്റെ കുറ്റകൃത്യങ്ങളിൽ രക്തസാക്ഷികളായവർ നിരവധിയാണ്. അതിൽ ഒടുവിലത്തെ ഇരയാണ് മൊഫിയ പർവീൺ. സർക്കാർ ജനങ്ങൾക്ക് സ്വാഭാവികമായി ചെയ്തുകൊടുക്കേണ്ട കാര്യങ്ങൾ ചെയ്യുമ്പോൾ അത് വിശദീകരിക്കാനും, തന്റെ കലാലയജീവിതത്തിലെ വീരസാഹസങ്ങൾ പറയാനും മണിക്കൂറുകളോളം വാർത്താസമ്മേളനങ്ങൾ വിളിച്ചുചേർക്കുന്ന മുഖ്യമന്ത്രി പൊലീസിന്റെയും ആഭ്യന്തരവുപ്പിന്റെയും തന്റെ മറ്റ് വകുപ്പുകളുടെയും നിരന്തരമായ പിടിപ്പുകേടുകൾ ഉയരുന്ന ഈ സമയത്ത് മൗനംപാലിക്കുന്നത് ചെയ്തതൊക്കെ തെറ്റാണെന്ന ഉറച്ച ബോധ്യംകൊണ്ടുതന്നെയാണ്.
മുഖ്യമന്ത്രി മൗനംവെടിഞ്ഞ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തയ്യാറാവണം. സാധാരണ ജീവിതങ്ങൾക്ക് നീതി ലഭിക്കാത്തിടത്തോളം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്പോവുകതന്നെ ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ