- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയുടെ മുഖത്തു നോക്കി ടി പി ചന്ദ്രശേഖരൻ വധക്കേസ് നിയമസഭയിൽ ഉന്നയിച്ചു കെ കെ രമ; പ്രതികൾക്ക് മറ്റ് കുറ്റകൃത്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സഹായം നൽകുന്നുണ്ടോ എന്ന് ചോദ്യം; ടി പി കേസ് ഫലപ്രദമായി അന്വേഷിക്കാൻ മുൻ സർക്കാർ നടപടി സ്വീകരിച്ചല്ലോ എന്ന് മുഖ്യമന്ത്രിയും
തിരുവനന്തപുരം: കേരള നിയമസഭ ഇന്ന് അത്യപൂർവ്വമായ ഒരു ചോദ്യോത്തരത്തിന് വേദിയായി. സിപിഎം ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎൽഎ ടിപിയുടെ വധത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് മുഖത്തു നോക്കി ചോദിച്ചു. അത് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായിയുടെ മറുപടിയും വന്നു. ഇന്ന് ചോദ്യത്തര വേളയിലാണ് ടി പി കേസ് രമ സഭയിൽ ചോദ്യമായി ഉന്നയിച്ചത്.
ചോദ്യോത്തരവേളയിലാണ് ടി.പി കേസ് പ്രതികളെ പൊലീസ് സംരക്ഷിക്കുന്നത് സംബന്ധിച്ച ചോദ്യം ആർ.എംപി നേതാവ് കൂടിയായ കെ.കെ. രമ ഉന്നയിച്ചത്. സംസ്ഥാനത്ത് നടന്നിട്ടുള്ള പല സംഘടിത കുറ്റകൃത്യങ്ങളിലും ഡി.ജി.പി തലം വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി കുറ്റവാളികളുമായി അവിശുദ്ധ കൂട്ടുക്കെട്ട് കാണാൻ കഴിയുകയാണെന്ന് കെ.കെ. രമ പറഞ്ഞു. സഖാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ സംരക്ഷിക്കുന്നതിനും ഇവർക്ക് മറ്റ് കുറ്റകൃത്യങ്ങളിൽ സഹായമെത്തിക്കുന്നതിനും പൊലീസ് സേനയിലെ പലരും ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതാണ്. അതുപോലെ സ്വർണക്കടത്ത് കേസ് പ്രതികൾക്കും ഇത്തരം നിയമവിരുദ്ധ സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം നടത്തുന്നതിനും ഒട്ടേറെ നിയമങ്ങൾ ഉണ്ടായിരിക്കെ അവ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഉണ്ടായിട്ടുള്ള പരാജയമാണോ ഇത്തരമൊരു ജനവിരുദ്ധ നിയമത്തിന് സർക്കാറിനെ പ്രേരിപ്പിച്ചിട്ടുള്ളത്. ഈ നിയമം ശരിയാംവണ്ണം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ എന്ത് നടപടികൾ സ്വീകരിക്കുമെന്നും കെ.കെ. രമ ചോദിച്ചു.
കെ.കെ. രമയുടെ ചോദ്യത്തിന് മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ടി.പി വധക്കേസ് ഫലപ്രദമായി അന്വേഷിക്കാൻ മുൻ സർക്കാർ നടപടി സ്വീകരിച്ചതാണല്ലോ എന്ന് ചൂണ്ടിക്കാട്ടി. ടി.പി കേസിൽ അന്നത്തെ സർക്കാർ അവർക്ക് ആകാവുന്ന രീതിയിൽ അന്വേഷണം നടത്തിയെന്നത് പൊതു സമൂഹത്തിന് അറിയാവുന്ന കാര്യമാണ്. ആ അന്വേഷണത്തിൽ എന്തെങ്കിലും പിഴവുകളുണ്ടായി എന്നാണോ അംഗം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനോ ഉത്തരവാദപ്പെട്ടവരോ നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നുവെങ്കിൽ അത് തടയുന്നതിനുള്ള ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടി.പി കേസ് അന്വേഷണം ഏറെകുറേ ശരിയായിരുന്നുവെന്ന് മുഖ്യമന്ത്രി അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അതിന് അങ്ങയെ അഭിനന്ദിക്കുന്നതായും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അഭിനന്ദനത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, ടി.പി. വധക്കേസ് വിഷയത്തിൽ തിരുവഞ്ചൂരിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും അത് അദ്ദേഹത്തിന് കൊണ്ടെന്നാണ് മനസിലാകുന്നതെന്നും പറഞ്ഞു. ഇതേ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല. അക്കാര്യം അങ്ങേക്ക് നന്നായി അറിയാമല്ലോ. അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും താങ്കളോടൊപ്പം ഉണ്ടായിരുന്നല്ലോ. എന്തൊക്കെ നടന്നുവെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്തു കൊണ്ടാണ് ദലിത് സമൂഹത്തിന് നേരെ പൊലീസിന്റെ ഭാഗത്ത് നിന്ന് അക്രമങ്ങൾ ഉണ്ടാകുന്നതെന്നും ഇത് തടയാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.കെ. രമ ഉപചോദ്യമായി ഉന്നയിച്ചു. പൊലീസിന്റെ പൊതുമുഖം ഇതല്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ആലംബഹീനരെ സഹായിക്കുന്നതാണ് പൊലീസിന്റെ പുതിയ മുഖം. കോവിഡ് അടക്കമുള്ള കാലത്ത് പൊലീസ് നടത്തിയ സഹായം എല്ലാവരും പ്രശംസിച്ചിട്ടുള്ളതാണ്. എന്നാൽ, ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെ അതീവ ഗൗരമായിട്ടാണ് കാണുന്നത്. അതിൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ