കോഴിക്കോട്: ചലച്ചിത്ര നടീ നടന്മാരുടെ സംഘടനയായ 'അമ്മ'യുടെ വനിതാദിന പരിപാടിയിൽ മുന്മന്ത്രി കെ.കെ ശൈലജ നടത്തിയ പ്രസംഗത്തിനെതിരെ കെ.കെ രമ എംഎ‍ൽഎ. കെ.കെ ശൈലജ എംഎ‍ൽഎ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹവും നിരാശ ജനകവുമാണെന്ന് കെ.കെ രമ പറഞ്ഞു.

'എന്തിനാണ് വർഷങ്ങളോളം സഹിച്ചിരിക്കുന്നത് ? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പർശമോ ഉണ്ടായാൽ അപ്പോ പറയണം ഇവിടെ നിർത്തണമെന്ന്. ആ ആർജ്ജവം സ്ത്രീകൾ കാണിക്കണം'' എന്നായിരുന്നു ശൈലജ ടീച്ചർ പറഞ്ഞത്. ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാൾക്കും ഈ വാചകങ്ങൾ കേട്ടു നിൽക്കാനാവില്ലെന്നും കെ.കെ രമ ഫേസ്‌ബുക്കിൽ കുറിച്ചു.

പരാതി ഉന്നയിക്കാനും നിയമ പോരാട്ടം നടത്താനുമുള്ള സാമ്പത്തിക, സാമൂഹ്യ പിൻബലവും അവബോധവും ആർജ്ജിക്കാൻ സാധിച്ചിട്ടില്ലാത്തവരുടെ എണ്ണം തന്നെയാണ് ലോകത്താകെയും കൂടുതൽ. സ്ത്രീ പീഡകരെ കമ്മിറ്റികളിൽ അരിയിട്ടു വാഴിക്കുന്ന, പരാതി ഉന്നയിച്ച വനിതാ സഖാക്കളെ നിശ്ശബ്ദരാക്കി പുറം തള്ളുന്ന, കൂടുതൽ സ്ത്രീകൾ കമ്മിറ്റിയിൽ വന്നാൽ സംഘടന പൊളിയുമെന്ന് ഫലിതം പറയുന്ന ഒരു സംഘടനാ സംവിധാനത്തിൽ തിരുത്തൽ ശക്തിയാവാൻ കഴിയില്ല എന്ന് മാത്രമല്ല, ആ ആണഹന്തയെ പിന്തുണക്കുന്നവർക്കേ നിലനില്പുള്ളൂ എന്നാണ് ഇത്തരം പ്രസ്താവനകൾ തെളിയിക്കുന്നതെന്നും കെ.കെ രമ പറഞ്ഞു.

കെ.കെ രമ എംഎൽഎയുടെ ഫേസ്‌ബുക് പോസ്റ്റ്:

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ യുടെ വേദിയിൽ കെ.കെ.ശൈലജ ടീച്ചർ എംഎൽഎ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹവും, നിരാശ ജനകവുമാണ്.'എന്തിനാണ് വർഷങ്ങളോളം സഹിച്ചിരിക്കുന്നത്? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പർശമോ ഉണ്ടായാൽ അപ്പോ പറയണം ഇവിടെ നിർത്തണമെന്ന്. ആ ആർജ്ജവം സ്ത്രീകൾ കാണിക്കണം. 'ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാൾക്കും ഈ വാചകങ്ങൾ കേട്ടു നിൽക്കാനാവില്ല.

തങ്ങൾക്ക് നേരെ നടക്കുന്ന നീതി നിഷേധങ്ങളും കടന്നാക്രമണങ്ങളും ഇങ്ങനെ പ്രതിരോധിക്കാൻ എല്ലാവർക്കും പറ്റുമായിരുന്നെങ്കിൽ എന്തിനാണ് മനുഷ്യർ സംഘടിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്യുന്നത്? എന്തിനാണ് നമുക്ക് നിയമങ്ങളും നീതി നിർവ്വഹണ സംവിധാനങ്ങളും?കടന്നാക്രമണങ്ങൾക്ക് വിധേയരാവുന്ന സ്ത്രീകൾ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികൾ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അർത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തിൽ പറഞ്ഞു കൊണ്ടിരിക്കുന്നു.

വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എം സി ജോസഫൈൻ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങൾ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചത്.

നമ്മുടെ സ്ത്രീകൾ ഭൂരിഭാഗവും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളേറെയും തങ്ങളുടെ ഏറ്റവും സമീപസ്ഥ പരിസരങ്ങളിൽ നിന്നാണ് എന്ന് കാണാം. തങ്ങളേറ്റവും സുരക്ഷിതരായിരിക്കുമെന്ന് കരുതിയ , സ്നേഹവും വിശ്വാസവുമുള്ള ഇടങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങളിൽ തകർന്നു പോകുമ്പോൾ എതിർക്കാനോ പിന്നീട് പരാതിപ്പെടാനോ ഉള്ള മനസാന്നിദ്ധ്യം പോലും പലർക്കുമുണ്ടാവില്ല.

ഓരോരുത്തരുടെയും മനോബലമനുസരിച്ച് മിനിമം മന:സ്വാസ്ഥ്യത്തിലേക്ക് തിരിച്ചു വരാൻ തന്നെ ഏറെ സമയമെടുക്കും. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലായാലും വാളയാർ സംഭവത്തിലായാലും ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിലായാലും ഇങ്ങനെയൊരു സമയമുണ്ട്. സൂര്യനെല്ലി മുതൽ ചലച്ചിത്രനടി വരെയുള്ള പരാതി നൽകാനും നീതി തേടാനും തയ്യാറായ സ്ത്രീകളോട് നീതിപീഠങ്ങളും പൊതുബോധവും പെരുമാറിയതെങ്ങനെയാണ്? എത്ര നിരാശജനകമായാണ് ഫ്രാങ്കോ കേസിന് പര്യവസാനമായത്? രാഷ്ട്രീയ പാർട്ടികൾക്കകത്ത് നേതാക്കന്മാരുടെ ഭാഗത്തു നിന്നുള്ള കടന്നാക്രമണങ്ങളെപ്പറ്റി പരാതി പറഞ്ഞ എത്ര പൊതുപ്രവർത്തകരായ സ്ത്രീകൾക്ക് നീതി കിട്ടിയിട്ടുണ്ട്?