കോഴിക്കോട്; എൽഡിഎഫിന്റെ സിപിഐഎം സ്ഥാനാർത്ഥിക്ക് അഭിവാദ്യമർപ്പിച്ച് ആർഎംപി നേതാവ് കെകെ രമ. കണ്ണൂർ രാമന്തളിയിലെ ആറാം വാർഡിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിപിഐഎമ്മിലെ എൻവി സജിനിക്ക് വോട്ടഭ്യാർത്ഥിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് കെകെ രമ അഭിവാദ്യമർപ്പിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐഎം പ്രവർത്തകൻ ധനരാജിന്റെ ഭാര്യയാണ് എൻവി സജിനി. സജിനിക്ക് അഭിവാദ്യമർപ്പിച്ച് മെഹറാബ് ബച്ചൻ കെപി എന്നയാൾ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിന് താഴെയാണ് കെകെ രമ അഭിവാദ്യമർപ്പിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഈ സ്ഥാനാർത്ഥിയെ നെഞ്ചോട് ചേർക്കുന്നു, ഹൃദയാഭിവാദ്യങ്ങൾ എന്നാണ് കെകെ രമ കമന്റ് ചെയ്തിട്ടുള്ളത്. മികച്ച പ്രതികരണമാണ് ഇതിനോടകം രമയുടെ കമന്റിന് ലഭിച്ചിട്ടുള്ളത്.

2016ലാണ് ധനരാജ് കൊല്ലപ്പെട്ടത്. ആർഎസ്എസുകാരാണ് പ്രതികൾ. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിലടക്കം തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിലെല്ലാം യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കുമെന്ന് ആർഎംപി നിലപാടെടുത്തിരുന്നു. ഈ ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് കെകെ രമ രംഗത്തെത്തിയത് ആശ്ചര്യമുളവാക്കിയിരിക്കുകയാണ്.