തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസിന് പകർച്ച ശേഷി കൂടുതൽ ആയതിനാൽ കൂടുതൽ പേരിലേക്ക് പകരാതെ തടയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച് 14 ജില്ലകളിലും പഠനം നടത്തുന്നുണ്ട്. നിലവിൽ പുതിയ വൈറസ് ബാധയുടെ പരിശോധന റീജിയണൽ ലാബുകളിൽ മാത്രമേ നടത്താൻ കഴിയു. രോഗികളുടെ എണ്ണം വർധിച്ചാൽ സംസ്ഥാനത്ത് പരിശോധന നടത്തുന്നതിൽ ഐസിഎംആറുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.

പുതിയ ജനിതക വകഭേദം വന്ന വൈറസിന് പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇന്നലെ മന്ത്രി പറഞ്ഞിരുന്നു. അതിനാൽ നാം വളരെ കരുതിയിരിക്കണം. എല്ലാവരും സ്വമേധയാ വെളിപ്പെടുത്താൻ തയ്യാറാകാണം. ഇവരുമായി സമ്പർക്കം പുലർത്തിയ ആരെങ്കിലുമുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. ഭയപ്പെടേണ്ട കാര്യമില്ല. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ്. നല്ല ശ്രദ്ധയോട് കൂടിയിരിക്കുക. മാസ്‌ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകൾ ശുചിയാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ ഇനിയും തുടരേണ്ടതാണ്.

ഈ സാഹചര്യത്തിൽ പ്രായമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. റിവേഴ്‌സ് ക്വാറന്റൈൻ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നന്നായി പ്രവർത്തിച്ചതുകൊണ്ട് മരണനിരക്ക് നന്നായി കുറയ്ക്കാൻ സാധിച്ചു. ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് വ്യാപനം പൂർണമായി നിലച്ചിട്ടില്ല. പ്രതിദിനം 20,000 കേസുകളുണ്ടാകുമെന്ന് പറഞ്ഞെങ്കിലും അതിൽ നിന്നും താഴ്‌ത്തിക്കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.

പുതിയ വൈറസിനെ കണ്ട സ്ഥിതിക്ക് നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എയർപോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിച്ചുവരുന്നു. എല്ലാവരും സ്വയം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ക്വാറന്റൈനിലുള്ള എല്ലാവരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.