- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിപ്പു സുൽത്താനെ തുരത്തിയ വീരപഴശ്ശിയെ കുറിച്ചു ഫേസ്‌ബുക്ക് പോസ്റ്റ്; ചരിത്ര സ്മരണ ഓർമ്മിച്ചെടുത്തു കുറിച്ചിട്ടത് ഇസ്ലാമിസ്റ്റുകൾക്ക് സുഖിച്ചില്ല; മുൻ മന്ത്രി കെ കെ ശൈലജക്കെതിലെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; ടിപ്പു പോരാളിയെന്ന് വാദിച്ചു ടീച്ചറെ ചരിത്രം പഠിപ്പിക്കൽ!
തിരുവനന്തപുരം: വീര കേരളവർമ്മ പഴശ്ശിരാജയുടെ ജന്മദിനത്തിൽ ചരിത്രം പരാമർശിച്ചു പോസ്റ്റിട്ട മുന്മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കെകെ ശൈലജയ്ക്കെതിരെ ഇസ്ലാമിസ്റ്റുകൾ. ടിപ്പുവിനെ ഇകഴ്‌ത്തി പരാമർശം നടത്തി എന്ന പേരിലാണ് സൈബർ ആക്രമണം. ടിപ്പുവീരനാണെന്നും പഴശ്ശിരാജാ മറിച്ചാണെന്നുമാണ് ഇവരുടെ വാദം. പഴശ്ശിരാജയെ പരിസഹസിച്ചും കമന്റ് ബോക്സിൽ പരാമർശങ്ങൾ കമന്റ് ബോക്‌സിൽ നിരന്നിട്ടുണ്ട്.
ടിപ്പുവിന്റെ നേതൃത്വത്തിൽ മലബാറിനെതിരെ കടുത്ത ആക്രമണം നടക്കുകയും ഇതിനെ പഴശ്ശിരാജ ചെറുക്കുകയും ചെയ്തു. പഴശ്ശിയുടെ സൈനിക നീക്കം 1792 ൽ ടിപ്പുവിനെ മൂന്നാം മൈസൂർ യുദ്ധത്തിൽ പരാജയപ്പെടുത്തിയെന്നും ചരിത്രത്തെ ഉദ്ദരിച്ച് ശൈലജ വിശദീകരിച്ചു. എന്നാൽ, ഇത് ടിപ്പുവിനെ ഇകഴ്‌ത്തിക്കെട്ടൽ ആണെന്ന് വാദിച്ചാണ് ഇസ്ലാമിസ്റ്റുകൾ രംഗത്തുവന്നത്. സിനിമ കണ്ട് ചരിത്രം പരിശോധിച്ചാൽ ഇങ്ങനെയാരിക്കും എന്നും വാദിച്ചു കൊണ്ടും ഇസ്സാമിസ്റ്റുകൾ രംഗത്തുണ്ട്.
അതേസമയം ശൈലജ ചരിത്രം വളച്ചൊടിക്കുകയാണെന്നും ടിപ്പു യഥാർത്ഥ പോരാളിആണെന്നുമാണ് ഇസ്ലാമിസ്റ്റുകളുടെ വാദം. എന്തായാലും കെ കെ ശൈലജ ഇട്ട പോസ്റ്റിൽ മാറ്റങ്ങളൊന്നും രംഗത്തെത്തിയിട്ടില്ല. ടീച്ചറെ പിന്തണച്ചുകൊണ്ടും നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് വീര പഴശിയുടെ 217ാമത് രക്തസാക്ഷിത്വ ദിനമാണ്. 216 വർഷങ്ങൾക്ക് മുമ്പ് 1805 നവംബർ 30നാണ് വീര കേരള വർമ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. വയനാട്ടിലെ പുൽപ്പള്ളി കാടുകൾക്കടുത്ത് കങ്കാറാ പുഴയുടെ കരയിൽവച്ചാണ് പഴശ്ശി വെടിയേറ്റ് കൊല്ലപ്പെടുന്നത്. 1795 മുതൽ 1805 വരെ പത്തുവർഷക്കാലം നീണ്ടുനിന്ന പഴശ്ശിരാജാവിന്റെ നേതൃത്വത്തിലുള്ള കോളനി വിരുദ്ധ പോരാട്ടങ്ങൾക്ക് ഇതോടെ അന്ത്യം കുറിക്കപ്പെട്ടു.
പഴശ്ശിയുടെ പോരാട്ടത്തിൽ പഴയ കോട്ടയം രാജ്യത്തിലെ നാനതരത്തിലുള്ള ജാതി മത വിഭാഗത്തിലുള്ള ജനങ്ങൾ അണിനിരന്നു. കേരള വർമ പഴശ്ശി നാടിന്റെ ചരിത്രത്തിലേക്ക് വരുന്നത് ടിപ്പുവിനെതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ്. ടിപ്പുവിന്റെ പിതാവ് മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി 1766 ൽ മലബാറിനെ ആക്രമിച്ചു. ആ സമയത്ത് മലബാറിലെ രാജാക്കന്മാരും നായർ പ്രഭുക്കന്മാരുമെല്ലാം കാടുകളിലേക്കും മലബാറിലേക്കും പലായനം ചെയ്തു. 1782 ൽ പിതാവിന്റെ മരണത്തിന് ശേഷം ടിപ്പു മൈസൂർ സുൽത്താനായി. ടിപ്പുവിന്റെ നേതൃത്വത്തിൽ മലബാറിൽ മുമ്പത്തേതിലും കടുത്ത ആക്രമണം നടന്നു. ഇത് മലബാറിലെ ജനങ്ങളെ ഭയചകിതരാക്കി. കോട്ടയത്തെ മൂത്തതമ്പുരാനും രാജാവുമായിരുന്ന രവി വർമ നാടുവിട്ട് തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു.
ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാൻ ആരും തയ്യാറാവാത്ത ഘട്ടത്തിലാണ് കോട്ടയം രാജവംശത്തിലെ ഇളമുറ തമ്പുരാനായ, രാജവംശത്തിലെ താവഴികളിലൊന്നായ പഴശ്ശി പടിഞ്ഞാറെ കോവിലകത്തെ ഇളമുറ തമ്പുരാനായ കേരളവർമ തന്റെ 21ാം വയസിൽ ടിപ്പുവിനെതിരെ പോരാട്ടം നയിക്കാൻ മുന്നിട്ടിറങ്ങുന്നത്. ദക്ഷിണേന്ത്യയെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും ഞെട്ടിവിറപ്പിച്ച പോരാളിയെ നേരിടാൻ തനിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന് പഴശ്ശിക്ക് വ്യക്തമായിരുന്നു. ടിപ്പുവിനെ തോൽപ്പിക്കാനായി പഴശ്ശി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായം തേടുന്നത് ഇങ്ങനെയാണ്. ടിപ്പുവിനെ തോൽപ്പിക്കേണ്ടത് കമ്പനിയുടെയും ആവശ്യമായിരുന്നു. അങ്ങനെയാണ് പഴശ്ശി കേരള വർമയും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ സഖ്യമുണ്ടാവുന്നത്. ഇവരുടെ സൈനിക നീക്കം 1792 ൽ ടിപ്പുവിനെ മൂന്നാം മൈസൂർ യുദ്ധത്തിൽ പരാജയപ്പെടുത്തി.
എന്നാൽ ഇതോടെ കമ്പനിയുടെ അധികാര പരിധിയിലായി കോട്ടയം ഭരണം. എന്നാൽ ഇതിൽ പഴശ്ശിക്ക് താൽപര്യമില്ലായിരുന്നു. തുടക്കത്തിൽ കമ്പനിയുമായി സഹകരിച്ച് പോവൻ തയ്യാറായെങ്കിലും കോട്ടയം രാജ്യത്ത് നിന്നും ദത്ത് പോയ തന്റെ അമ്മാവൻ കൂടിയായ വീരവർമ രാജാവിന് കോട്ടയം രാജ്യത്തിന്റെ നികുതി പിരിച്ച് നൽകാൻ കരാർ ഒപ്പിട്ടതോടെ പഴശ്ശി കമ്പനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
കൈതേരി അമ്പു, പള്ളൂരെമ്മൻ, കണ്ണവത്ത് നമ്പ്യാർ, എടച്ചേന കുങ്കൻ, തലക്കൽ ചന്തു തുടങ്ങി വയനാട്ടിലും കോട്ടയത്തുമെല്ലാമുള്ള നാട്ടുപ്രമാണികളുടെ നേതൃത്വത്തിൽ ജനങ്ങൾ കമ്പനിക്കെതിരെ തിരിഞ്ഞു. ഈ സമയത്ത് പഴശ്ശിയെ കീഴ്പ്പെടുത്താനായി കമ്പനിസൈന്യം തലശേരിയിൽ നിന്നും പഴശ്ശിയിലേക്ക് മാർച്ച് ചെയ്തു. കൊട്ടാരം തകർത്ത് സ്വർണവും പണവും സമ്പത്തും കവർന്നെങ്കിലും പഴശ്ശിയെ പിടികൂടാനായില്ല.
തുടർന്ന് കുറിച്യ പടയാളികളെ സംഘടിപ്പിച്ച് പഴശ്ശി വയനാട്ടിൽ നിന്നും കമ്പനിക്കെതിരെ ഒളിപ്പോർ യുദ്ധം നയിച്ചു. പത്ത് വർഷക്കാലം നീണ്ടുനിന്ന ഈ പോരാട്ടത്തിലാണ് കമ്പനിക്ക് എറ്റവും കൂടുതൽ ആളും, അർഥവും, ആയുധങ്ങളും നഷ്ടപ്പെടുന്നത്. യുദ്ധത്തിന്റെ ഒരുഘട്ടത്തിൽ കേണൽ ആർതർ വെല്ലസ്ലിയെ പഴശ്ശിയെ കീഴ്പ്പെടുത്താനായി കമ്പനി നിയോഗിക്കുന്നു. തുടർന്നുള്ള യുദ്ധത്തിലാണ് 1805 നവംബർ 30 ന് ബ്രിട്ടീഷ് സൈന്യം പഴശ്ശിയെ കൊലപ്പെടുത്തുന്നത്.
ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കും വൈദേശികാധിപത്യത്തിനുമെതിരെ പഴശ്ശി നയിച്ച പോരാട്ടം ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ കുറിക്കപ്പെടേണ്ടവയാണ്. പലകാരണങ്ങൾ കൊണ്ടും പഴശ്ശിയുടെ പോരാട്ടവും, ചരിത്രവും വിശദമായ ചരിത്ര വിശകലനത്തിന് പാത്രമായിട്ടില്ല. വീരകേരള വർമ പഴശ്ശി രാജാവിന്റെ 217ാമത് രക്തസാക്ഷിത്വ ദിനത്തിൽ ആ പോരാട്ടങ്ങളെ സ്മരിച്ചുകൊണ്ട്. കൂടുതൽ വിശദമായ ചരിത്രവായനകൾക്ക് പഴശ്ശിയേയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും നമുക്ക് ചേർത്ത് നിർത്താം.
മറുനാടന് മലയാളി ബ്യൂറോ