- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല; കോവിഡ് പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയതല്ല; നല്ല നിലയിൽ പ്രവർത്തിക്കാനായി, നിരാശയുടെ ആവശ്യമില്ല; പുതിയ തലമുറ വരുന്നത് സ്വാഗതാർഹം; പിന്തുണകൾക്ക് നൂറ് നൂറ് നന്ദി; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമാകുമ്പോഴും പാർട്ടിക്കൊപ്പമെന്ന് വ്യക്തമാക്കി ശൈലജ. കോവിഡ് പ്രതിരോധം താൻ ഒറ്റയ്ക്ക് നടത്തിയ പ്രവർത്തനമല്ലെന്ന് കെ കെ ശൈലജ. നല്ല നിലയിൽ പ്രവർത്തിക്കാനായെന്നും അതിൽ സംതൃപ്തിയുണ്ടെന്നും ശൈലജ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയിൽ എല്ലാ മന്ത്രിമാരും നന്നായി പ്രവർത്തിച്ചിരുന്നെന്നും ശൈലജ ചൂണ്ടിക്കാട്ടി.
തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല. പുതിയ തലമുറ വരുന്നത് സ്വാ?ഗതാർഹമാണ്. തന്നിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്ക് നൂറ് നൂറ് നന്ദിയെന്നും ശൈലജ പറഞ്ഞു. സംഘർഷഭരിതമായ അഞ്ചുവർഷമാണ് കടന്നുപോയത്. അതിനെ നേരിടാൻ എല്ലാവരും പരിശ്രമിച്ചു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും പുതിയ മന്ത്രിസഭയിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കാമെന്നും ശൈലജ പറഞ്ഞു.
ഏറെ ചർച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെ കെ ശൈലജ ഉണ്ടാകില്ലെന്ന നിർണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാർട്ടി തീരുമാനം ആണെന്നും കെ കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.
കോവിഡ് വ്യാപനം അടക്കം സാഹചര്യം നിലനിൽക്കെ കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിയെന്ന നിലയിലാണ് കെകെ ശൈലജയുടെ പേര് മാത്രം ചർച്ചകളിൽ ഉയർന്ന് വന്നത്. ആരോഗ്യമന്ത്രിയെന്ന നിലയിൽ ആഗോളതലത്തിൽ തന്നെ നേടിയെടുത്ത സൽപ്പേരും മട്ടന്നൂർ മണ്ഡലത്തിൽ നിന്നുണ്ടായ വലിയ വിജയവും എല്ലാം ഒപ്പം പരിഗണിക്കണമെന്ന ആവശ്യവും ഉയർന്ന് വന്നിരുന്നു. എന്നാൽ സംഘടനാ തീരുമാനത്തിന് അപ്പുറം വ്യക്തികൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന അഭിപ്രായമാണ് സിപിഎം കൈക്കൊണ്ടത്.
ശൈലജയുടെ രണ്ടാമൂഴം സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഭിന്നാഭിപ്രായമുണ്ടായി. കെ കെ ശൈലജയെ മാറ്റരുതെന്ന് ആവശ്യപ്പെട്ടവരിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനുമുണ്ട്. അനന്തഗോപൻ, സൂസൻ കോടി, സതീദേവി, സുജാത, പി രാജേന്ദ്രൻ എന്നിവരും സമാന നിലപാട് സ്വീകരിച്ചു. ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാവില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി. പാർട്ടി വിപ്പായി കെ കെ ശൈലജയെ തീരുമാനിച്ചു.
കെ കെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം കേന്ദ്ര നേതാക്കൾക്കും അതൃപ്തിയുണ്ട്. പിബി അംഗം ബൃന്ദ കാരാട്ട് അതൃപ്തി പ്രകടിപ്പിച്ചു. ഉത്തരവാദിത്തം തീരുമാനമെടുത്തവർക്ക് എന്നാണ് ബൃന്ദ കാരാട്ട് പ്രതികരിച്ചത്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന എം എം മണി, ടി പി രാമകൃഷ്ണൻ. എ സി മൊയ്തീൻ എന്നിവർക്ക് രണ്ടാമൂഴം നൽകില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.
എന്നാൽ സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യാന്തര പ്രശംസ നേടിയ കെ കെ ശൈലജയ്ക്ക് രണ്ടാമൂഴം നൽകുമെന്നായിരുന്നു ഇന്നലെ വരെയുള്ള റിപ്പോർട്ട്. എന്നാൽ ഇന്ന് സംസ്ഥാന സമിതി ചേർന്ന് തീരുമാനിച്ചത് പത്ത് പുതിയ മന്ത്രിമാരെ. മൂന്ന് വനിതാ മന്ത്രിമാരാണ് ഈ മന്ത്രിസഭയിലുള്ളത്- സിപിഎമ്മിൽ നിന്നും വീണ ജോർജ്, ആർ ബിന്ദു, സിപിഐയിൽ നിന്ന് ചിഞ്ചുറാണി.
മറുനാടന് മലയാളി ബ്യൂറോ