രു സർക്കാർ ഉദ്യോഗസ്ഥൻ അച്ചടക്കം പാലിച്ചേ മതിയാകൂ. അത് നമ്മുടെ ജനാധിപത്യത്തിന്റെ അന്തസത്തയാണ്. പ്രത്യേകിച്ച് രാഷ്ട്രീയ നേതൃത്വത്തോട് ആദരവും ബഹുമാനവും കാണിക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരാൾ, അയാൾ മന്ത്രിയാകട്ടെ എംഎൽഎ ആകട്ടെ രേഖാമൂലം നിർദ്ദേശിക്കുന്നത് ഒക്കെ ചെയ്യാൻ അവർക്ക് ബാധ്യതയുണ്ട്. നിയമവിരുദ്ധമായ ഒരു കാര്യമാണ് മന്ത്രി ആവശ്യപ്പെടുന്നതെങ്കിൽ കൂടി അത് നിയമവിരുദ്ധമാണ് എന്നു ചൂണ്ടിക്കാട്ടി മന്ത്രിയുടെ രേഖാമൂലം ഉള്ള നിർദ്ദേശം മൂലം ചെയ്യുന്നു എന്നു ഫയലിൽ കുറിച്ച് ചെയ്യാനാണ് അച്ചടക്കം പഠിപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ ഒറ്റ നോട്ടത്തിൽ വിദ്യാഭ്യാസ മന്ത്രി സ്റ്റേജിൽ ഇരിക്കവേ ഒരു സർക്കാർ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് മന്ത്രിയെ ആക്ഷേപിച്ച് പ്രസംഗിച്ചാൽ അത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പറയേണ്ടി വരും. കോട്ടൺഹിൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇത്തരം ഒരു അച്ചടക്ക ലംഘനമാണ് ചെയ്തത് എന്നായിരിക്കും ഈ വിവാദ വിഷയത്തെക്കുറിച്ച് കേൾക്കുന്ന ആർക്കും തോന്നുക. വൈകി വന്നു എന്നതിന്റെ പേരിൽ മന്ത്രിയെ കേറ്റാതെ ഗേറ്റ് അടച്ചിട്ടു തുടങ്ങിയ ആരോപണങ്ങൾ ഏറെ ഗുരുതരം ആണ് താനും. അതുകൊണ്ട് തന്നെ ഊർമിളാ ദേവി ടീച്ചറിനെതിരെയുള്ള അച്ചടക്ക നടപടിയിൽ ആദ്യം ആർക്കും അത്ഭുതം തോന്നുകയില്ല.

വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ച് അദ്ധ്യാപികയെക്കുറിച്ച് പിറ്റേദിവസത്തെ പത്രങ്ങളിൽ വന്ന വാർത്തയായിരുന്നു ഈ തോന്നലിന് കാരണമായത്. മന്ത്രി വൈകി വന്നതിനെ പരസ്യമായി കളിയാക്കി പ്രധാനാധ്യാപിക എന്ന നിലയിൽ ആയിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നീട് ഊർമ്മിളാ ദേവിക്ക് പറയാനുള്ളത് വെളിയിൽ വന്നതോടെ സ്ഥിതിഗതികൾ മാറി. മാതൃഭൂമി ചാനൽ ആ പ്രസംഗം കൂടി കാണിച്ചതോടെ ഇത്രയേറെ ക്ഷോഭിക്കാനും അച്ചടക്ക നടപടി എടുക്കാനും പറ്റിയ വിഷയമാണോ ഇതെന്ന ചോദ്യം ഉടലെടുത്തു. മന്ത്രി എന്നാൽ ജനപ്രതിനിധിയും ജനങ്ങളെ ഭരിക്കുന്നവനും ആണെന്ന് സമ്മതിക്കുമ്പോൾ തന്നെ ആർക്കും ചോദ്യം ചെയ്യാനാകാത്ത ഒരു പ്രഭുവിനെ പോലെ പെരുമാറണമോ എന്ന ചോദ്യം ഉയർന്നു വന്നു.

ഈ വാദം ഉന്നയിക്കുന്ന മന്ത്രി അറിയാനായി ഒരു പഴയ കാല കഥ ഞങ്ങൾ പറയാം. നായനാർ മുഖ്യമന്ത്രിയും വിശ്വനാഥ മേനോൻ ധനകാര്യ മന്ത്രിയും ആയിരിക്കുന്ന സമയത്തായിരുന്നു ഈ സംഭവം അരങ്ങേറിയത്. തൃപ്പൂണിത്തറ ഗവൺമെന്റ് സ്‌കൂളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിശ്വനാഥ മേനോൻ. പരിപാടിക്ക് എത്തുമെന്ന് പറഞ്ഞതിനേക്കാൾ വൈകിയായിരുന്നു മന്ത്രിയുടെ വരവ്. മന്ത്രി ഇപ്പോൾ വരും എന്നു കരുതി കുട്ടികൾ വെയിലത്ത് കാത്ത് നിൽക്കുകയാണ്. ഒന്നു രണ്ട് കുട്ടികൾക്ക് തലകറക്കവും ഉണ്ടായി. മന്ത്രി എത്തി പരിപാടി തുടങ്ങിയപ്പോൾ പ്രസംഗിച്ച അന്നത്തെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ മന്ത്രിയെ കളിയാക്കിയാണ് പ്രസംഗം അവസാനിപ്പിച്ചത്. മന്ത്രിമാർക്ക് വേണ്ടി കുട്ടികൾ കാത്ത് നിൽക്കുന്ന അവസ്ഥയ്ക്ക് ആരെങ്കിലും കടിഞ്ഞാൺ ഇടണമെന്നായിരുന്നു പ്രിയാദത്ത എന്ന ഡിഡിയുടെ പ്രസംഗത്തിന്റെ സാരം.

പ്രസംഗം കഴിഞ്ഞിറങ്ങുന്ന ഡിഡിയുടെ ചെവിയിൽ മന്ത്രി എന്തോ മന്ത്രിക്കുന്നത് കുട്ടികൾ സാക്ഷ്യം വഹിക്കുകയും ചെയ്തു. പിറ്റേന്ന് ജികെ സുരേഷ് ബാബു എന്ന മാതൃഭൂമി ലേഖകൻ മന്ത്രിയെ കളിയാക്കിയ ഡിഡിയുടെ പ്രസംഗത്തെക്കുറിച്ച് വാർത്ത എഴുതുകയും മാതൃഭൂമി ഒന്നാംപേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ വാർത്ത വന്ന ഉടൻ ലേഖകനായ സുരേഷ് ബാബുവിനെ വിളിച്ച് വിശ്വനാഥ മേനോൻ ക്ഷമാപണം നടത്തുകയും സമയത്തെക്കുറിച്ചുണ്ടായ ആശയക്കുഴപ്പം ആണ് ഇങ്ങനെ നയിച്ചതെന്ന് അറിയിക്കുകയും ചെയ്തു. അന്ന് ഓഫീസിൽ ചെന്ന മന്ത്രി ഈ ക്ഷമാപണം രേഖാമൂലം ആക്കി ഹെഡ്മിസ്ട്രസ്സിനും ഡിഡിക്കും മാതൃഭൂമിക്കും ഫാക്‌സ് ചെയ്തു നൽകുകയും ചെയ്തു.

ഈ സംഭവം ഞങ്ങളുടെ ശ്രദ്ധയില്പെടുത്തിയത് മാതൃഭൂമിക്ക് വേണ്ടി ഇത് റിപ്പോർട്ട് ചെയ്ത സുരേഷ് ബാബു തന്നെയാണ്. ഒരേ സംഭവം ന്മയ്ക്കും തിന്മയ്ക്കുമായി എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ അടയാളമായി മാറുകയാണ് ഈ സംഭവം. വൈകി വന്നു കുട്ടികളെ വിഷമിപ്പിച്ച വിശ്വനാഥ മേനോൻ മാതൃകയും അതേസംഭവം ആവർത്തിച്ച മന്ത്രി അബ്ദുറബ്ബ് വില്ലനും ആകുന്നത് എന്തുകൊണ്ട് എന്ന് ചിന്തിച്ച് നോക്കേണ്ടത് മന്ത്രിയും മന്ത്രിയുടെ പരിവാരങ്ങളുമാണ്. അധികാരം ഉള്ളപ്പോൾ എല്ലാവരും പഞ്ചപുച്ഛം അടക്കി നിൽക്കണം എന്ന ഫ്യൂഡൽ മനോഭാവമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. ഈ അനുഭവം ഉൾകൊള്ളുന്ന പാഠം മന്ത്രി അബ്ദുൾ റബ്ബ് മാത്രമല്ല അധികാരത്തിൽ ഇരിക്കുന്ന സർവ്വരും അറിഞ്ഞിരിക്കേണ്ടതാണ്.

ഊർമ്മിളാദേവിക്കെതിരെ എടുത്ത അച്ചടക്ക നടപടി നഗ്നമായ നിയമലംഘനവും തെറ്റായ മാതൃക സൃഷ്ടിക്കുന്നതുമാണെന്ന് പറയാതെ വയ്യ. കേരളത്തിന്റെ അഭിമാനസ്ഥാപനമായ കോട്ടൺഹിൽ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതിക്കാരിയാണ് ഊർമ്മിളാദേവി എന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. നിയമം മൂലം ഉച്ചനീചത്വങ്ങൾ നമ്മൾ തുടച്ച് നീക്കിയെങ്കിലും മിക്കവരുടെയും മനസ്സിൽ ഇപ്പോഴും ഈ സങ്കുചിതമായ ചിന്തയുണ്ട് എന്ന് മറക്കരുത്. ഊർമ്മിളാ ദേവിക്കെതിരെ വേഗത്തിൽ അച്ചടക്ക നടപടിയെടുക്കാൻ ഈ ജാതി ഒരു ഘടകമായി മാറി എന്ന നിഗമനത്തിൽ എത്തേണ്ടി വരും. അതിന് മന്ത്രിക്ക് നേരിട്ട് ബന്ധം ഉണ്ടെന്ന് ആരോപിക്കുന്നില്ല. പട്ടികജാതിക്കാരിയായ ഒരു അദ്ധ്യാപിക ഇത്രയും പ്രധാനപദവിയിൽ എത്തിയപ്പോൾ മുതൽ അവരെ പുകച്ച് ചാടിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഒരു ഗൂഢാലോചനയുടെ പരിണിത ഫലമാകാം ഈ വിവാദം.

ഒരു ക്യാൻസർ രോഗി കൂടിയായ ഊർമ്മിളാ ദേവി പ്രധാനാധ്യാപികയുടെ സ്ഥാനം ഏറ്റെടുത്തിട്ട് വെറും നാല്പത് ദിവസമേ ആയിട്ടുള്ളൂ. റിട്ടെയർ ചെയ്യാൻ ഒരു വർഷം മാത്രമേ അവർക്കുള്ളൂ. അതുകൊണ്ട് തന്നെ അവരെ പുകച്ച് ചാടിക്കാൻ ആഗ്രഹിച്ചിരുന്ന ചില അജ്ഞാത ശക്തികൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചു എന്നു പറയേണ്ടി വരും. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇവരെ ജോലിയിൽ നിന്നും പിരിച്ച് വിടണമെന്ന റിപ്പോർട്ട് ഉന്നതഉദ്യോഗസ്ഥൻ മന്ത്രിക്ക് നല്കിയത്? ഇങ്ങനെയുള്ള ഒരു റിപ്പോർട്ടാണ് ലഭിച്ചതെന്നും മാനുഷികപരിഗണനയുടെ പുറത്ത് സ്ഥലം മാറ്റത്തിൽ ഒതുക്കിയതാണെന്നും മുഖ്യമന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. 15 ദിവസത്തിനകം വിശദീകരണം നൽകണം എന്നാണ് ഊർമ്മിളാ ദേവിക്ക് മേലുദ്യോഗസ്ഥൻ നൽകിയ മെമോയിൽ പറഞ്ഞത്. എന്നാൽ അദ്ധ്യാപികയുടെ മൊഴി പോലും എടുക്കാതെ രണ്ട് ദിവസം തികയും മുമ്പ് അവരുടെ മേൽ അച്ചടക്ക നടപടി എടുക്കുകയായിരുന്നു. ഇത് നഗ്നമായ നിയമലംഘനവും അധികാര ദുർവിനിയോഗവുമാണ് എന്നു തീർത്ത് പറയേണ്ടിയിരിക്കുന്നു.

മന്ത്രിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് വ്യക്തമായിരിക്കുകയാണ്. മന്ത്രി അടഞ്ഞ ഗേറ്റിന്റെ മുമ്പിൽ കാത്ത് നിന്നു എന്നും മറ്റുമാണ് മറ്റ് ആരോപണങ്ങൾ. മന്ത്രിയെ കാത്ത് നിന്ന ശേഷം മടങ്ങിയതാണ് എന്ന വാദം അംഗീകരിക്കേണ്ടി വരും. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു സ്‌കൂളിന്റെ ഗേറ്റ് അടച്ചിടുന്നതിനെ എങ്ങനെ കുറ്റം പറയാൻ പറ്റും? മന്ത്രി വന്നപ്പോൾ ഗേറ്റ് തുറക്കേണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥൻ എവിടെപ്പോയി എന്ന ചോദ്യം മാത്രമാണ് മന്ത്രിക്ക് അനുകൂലമായി അവശേഷിക്കുന്നത്.

ഈ തീരുമാനം ഒട്ടേറെ നിയമപ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. റിട്ടയർ ചെയ്യുവാൻ ഒരുവർഷം മാത്രം ഉള്ളപ്പോൾ ചട്ടപ്രകാരം സ്ഥലം മാറ്റം നടത്താനാവില്ല എന്ന വസ്തുത സർക്കാർ മറന്നു. കാൻസർ രോഗിയായ ഉദ്യോഗസ്ഥൻ ആണെങ്കിൽ ചട്ടപ്രകാരം ഒരിക്കലും അപേക്ഷ നല്കിയല്ലാതെ സ്ഥലം മാറ്റാനാകില്ല എന്ന കാര്യം ഇവരുടെമേൽ നടപടി എടുക്കാൻ ശുപാർശ ചെയ്ത മേലുദ്യോഗസ്ഥരും മറന്നു. സഭ നടന്നുകൊണ്ടിരിക്കുമ്പോൾ മന്ത്രിമാർ പൊതുപരിപാടികൾ ഒഴിവാക്കണമെന്ന സ്പീക്കറുടെ റൂളിങ്ങും സ്‌കൂളിൽ ക്ലാസ്സ് നടക്കുന്ന സമയത്ത് വിദ്യാർത്ഥികളുടെ അദ്ധ്യയനത്തിന് തടസമുണ്ടാകാത്ത വിധത്തിൽ വേണം പൊതുപരിപാടികൾ നടത്തേണ്ടതെന്ന് വിദ്യാഭ്യസവകുപ്പുതന്നെ ഇറക്കിയ ഉത്തരവും നിലനിൽക്കുമ്പോഴാണ് രാവിലെ 9.30 മുതൽ ഒരുമണിവരെ നീണ്ടു നിന്ന പരിപാടിക്കുവേണ്ടി വിദ്യാർത്ഥികളുടെ പഠനസമയം നഷ്ടപെട്ടത്. ഈ അർത്ഥത്തിൽ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചത് മന്ത്രിയും സംഘാടകരുമാണ് എന്നു പറയേണ്ടി വരും.

ഒരു ഉദ്യോഗസ്ഥയുടെ വിമർശനം സഹിക്കാൻ വയ്യാത്ത അസഹിഷ്ണുത ഇപ്പോൾ ഉണ്ടാക്കിയ പ്രതിസന്ധിയും പേരുദോഷവും എത്ര വലുതാണ് എന്നു മനസ്സിലാക്കിയാൽ മാത്രമേ മന്ത്രിക്ക് ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലാക്കാൻ പറ്റൂ. മന്ത്രിയെ ന്യായീകരിക്കാൻ വേണ്ടി പരിചയസമ്പന്നായ മുഖ്യമന്ത്രി പറയുന്ന ന്യായങ്ങൾ ഏറെ പരിഹാസ്യമാകുകയാണ്. വീണിടത്ത് കിടന്ന് ഉരുളാതെ മന്ത്രി തെറ്റ് സമ്മതിക്കുകയും അദ്ധ്യാപികയെ തിരിച്ച് കോട്ടൺഹില്ലിലേക്ക് നിയമിക്കുകയും ചെയ്യാൻ ഒട്ടും അമാന്തം കാട്ടരുത്. ഇത് മാത്രം ആണ് ഈ പ്രതിസന്ധി യിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള ഏക വഴി. സ്ഥലം മാറ്റം റദ്ദാക്കണമെന്ന അപ്പീൽ നൽകിയാൽ പരിഗണിക്കാം എന്ന മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം പ്രശംസനീയമാണ്. എന്നാൽ തെറ്റ് സമ്മതിച്ച് അതിനുസരിച്ചുള്ള പരിഹാരം ഉണ്ടാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.