അഹമ്മദാബാദ്: രണ്ടാം യുപിഎ സർക്കാർ അധികാരത്തിലിരുന്ന കാലത്താണ് രാജ്യത്ത് ഭരണ തലത്തിൽ മലയാളികളുടെ വൻ പങ്കാളിത്തം ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രിമാരായി നിരവധി പേർ ഉണ്ടായിരുന്നപ്പോൾ തന്നെ ഉദ്യോഗസ്ഥ തലത്തിലും നിരവധി മലയാളികൾ ഉണ്ടായിരുന്നു. ഇന്നും രാജ്യത്തെ സുപ്രധാന മേഖലകളിലെ താക്കോൽ സ്ഥാനത്ത് മലയാളി ഉദ്യോഗസ്ഥരുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനിയായുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനായ മലയാളിയായ റിട്ടയേഡ് ഐ.എ.എസ്. ഓഫീസർ കെ. കൈലാസനാഥനാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തനായിരുന്ന കൈലസനാഥൻ ഇപ്പോൾ ആര് ഗുജറാത്ത് മുഖ്യമന്ത്രി ആയാലും അവരുടെ ഓഫീസിൽ കസേര മാറ്റമില്ലാത്ത ഉദ്യോഗസ്ഥനാണ്.

പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി കെ കൈലാസനാഥൻ എന്ന മലയാളി നിയമിതനായിട്ടുണ്ട്. തുടർച്ചയായി നാലാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് കൈലാസനാഥൻ. 1979 ഐ.എ.എസ്. ബാച്ചുകാരനായ ഇദ്ദേഹം കോഴിക്കോട് വടകര സ്വദേശിയാണ്. കുനിയിൽ കൈലാസനാഥൻ എന്ന് മുഴുവൻ പേര്. നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനായ അദ്ദേഹം മോദിയുടെ ഗുജറാത്തിലെ കണ്ണായാണ് അറിയപ്പെടുന്നത്. നേരത്തെ പ്രധാനമന്ത്രി ആയപ്പോൾ മോദി ഡൽഹിയിലേക്ക് ചുടവുമാറിയപ്പോൾ മോദി കെ കെയോട് ഗുജറാത്തിൽ തുടരാനാണ് ആവശ്യപ്പെട്ടത്.

കെ.കെ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൈലാസനാഥൻ 2006 ജൂലായ് മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായകസ്ഥാനത്തുണ്ട്. 2013-ൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ചപ്പോൾ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. മലയാളി ഉദ്യോഗസ്ഥന്റെ മിടുക്കിൽ തൃപ്തനായ മോദി പിന്നീട് അദ്ദേഹത്തിന്റെ കാലാവധി നീട്ടി ഓഫീസിൽ നിലനിർത്തി. പിന്നീട് ആനന്ദിബെൻ പട്ടേൽ, വിജയ് രൂപാണി മന്ത്രിസഭകൾ വന്നപ്പോഴും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്ത്രിമാരുടെ ഓഫീസിൽ തുടർന്നു.

രൂപാണിയുടെ മന്ത്രിസഭയെ സമ്പൂർണമായി അഴിച്ചുപണിയുകയും മുഖ്യമന്ത്രിയുടെ ഓഫീസിലെ നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരെ മാറ്റുകയും ചെയ്തപ്പോഴും കെ.കെ.ക്ക് സ്ഥാനചലനമില്ല. ഭൂപേന്ദ്ര പട്ടേൽ കാലാവധി പൂർത്തിയാക്കുംവരെയോ മറ്റൊരു ഉത്തരവ് ഉണ്ടാകും വരെയോ കൈലാസനാഥൻ അതേ തസ്തികയിൽ തുടരുമെന്നാണ് പൊതുഭരണ വിഭാഗത്തിന്റെ ഉത്തരവ്. 15 വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഇദ്ദേഹത്തിന്റെ കാലാവധി ഏഴാംതവണയാണ് നീട്ടുന്നത്.

മോദി പ്രധാനമന്ത്രിയായപ്പോൾ കെ.കെ. ഡൽഹിയിലേക്കു പോകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഗുജറാത്തിന്റെ മനസ്സു വായിക്കാനറിയാവുന്നയാളെന്ന നിലയിൽ മോദി ഇദ്ദേഹത്തെ ഗാന്ധിനഗറിൽ നിലനിർത്തി. ഭരണസിരാകേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ കണ്ണും കാതുമായാണ് കൈലാസ നാഥൻ അറിയപ്പെടുന്നത്. ഗാന്ധിജിയുടെ സാബർമതി ആശ്രമം നവീകരിക്കുന്ന പദ്ധതിയുടെ എക്‌സിക്യുട്ടീവ് കൗൺസിൽ തലവൻ കൂടിയാണ് ഇദ്ദേഹം.

1979ലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് കൈലാസനാഥൻ. ഗുജറാത്ത് മാരിടൈം ബോർഡിന്റെ സിഇഒ, അഹമ്മദാബാദ് മുൻസിപ്പൽ കമ്മീഷണർ, ഗുജറാത്ത് അർബൻ ഡെവലപ്പ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് അദ്ദേഹം. നേരത്തെ കൈലാസനാഥന് ഏതെങ്കിലും ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.