കോട്ടയം: അഴിമതിക്കേസുകൾ തെളിയിക്കുന്നതിലെ അസാധാരണ മികവ്. കുറ്റവാളികളോട് അയവില്ലാത്ത, കുരുക്കുകൾ അഴിച്ച് തെളിവുകൾ കണ്ടെത്തി കേസുകൾ തെളിയിക്കുന്ന കുറ്റാന്വേഷകൻ. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ പ്രവർത്തന മികവിന് ലഭിച്ച അംഗീകാരമായാണ് കേന്ദ്ര പുരസ്‌കാരത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും തേടിയെത്തുന്നത്.

'മൃദു ഭാവേ ദൃഢ കൃത്യേ' കേരള പൊലീസിന്റെ ഈ മുദ്രാവാക്യം എസ്‌പി കെ. കാർത്തിക്കിനെക്കൂടി ഉദ്ദേശിച്ചാണ് രൂപപ്പെടുത്തിയതെന്നു സഹപ്രവർത്തകർ പറയാറുണ്ട്. എല്ലാവരോടും സൗമ്യ ഭാവത്തിലാണു പെരുമാറ്റം. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും പരിഗണിക്കും. കുറ്റവാളികളോട് അയവില്ലാത്ത സമീപനം. പിടിച്ചാൽ പിടിവിടാത്ത രീതി.

കേരളം ആകാംക്ഷയോടെ നോക്കിയ ഒട്ടേറെ കേസുകളുടെ അന്വേഷണത്തിനു ചുക്കാൻ പിടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. പാലാരിവട്ടം പാലം അഴിമതി, മരട് ഫ്‌ളാറ്റ് നിർമ്മാണ അപാകത, കൊച്ചിയിലെ അനധികൃത കെട്ടിടനിർമ്മാണം, ആലത്തൂരിലെ പട്ടികജാതി വർഗ കേസുകൾ, നടൻ കലാഭവൻ മണിയുടെ മരണം തുടങ്ങിയ കേസുകളിലെ അന്വേഷണ മികവ് കാർത്തിക്കിന്റെ തൊപ്പിയിലെ പൊൻതൂവലുകളായി മാറി. ഇതടക്കം ഒട്ടേറെ കേസുകളിലെ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് അർഹതയ്ക്കുള്ള അംഗീകാരമാണ്.

2011 ബാച്ചിലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പാലക്കാട് എഎസ്‌പിയായി സർവീസിനു തുടക്കം. തൃശൂർ സിറ്റി എസിപി, കേരള ഗവർണറുടെ എഡിസി, വയനാട്, തൃശൂർ എന്നിവിടങ്ങളിൽ റൂറൽ എസ്‌പി, കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി സിഎംഡി, തൃശൂർ റൂറൽ എസ്‌പി എന്നീ നിലകളിലും പ്രവർത്തിച്ചു.എറണാകുളം റൂറൽ എസ്‌പിയായിരിക്കെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചെത്തിയത്.

എറണാകുളം റൂറൽ എസ്‌പിയായിരിക്കെ, പരാതി നൽകാൻ എത്തിയ ഭിന്നശേഷിക്കാർ മൂന്നാം നിലയിലെ തന്റെ മുറിയിലേക്കു കയറാൻ ബുദ്ധിമുട്ടുന്നതു കണ്ടപ്പോൾ താഴെ ഇറങ്ങിച്ചെന്ന് പരാതി കേൾക്കാൻ തീരുമാനിച്ചു കാർത്തിക്. ഹോട്ടലുകൾ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് ഒരു രാത്രി ആലുവയിലെ ഓഫിസിൽ നിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ റോഡിൽ ആൾക്കൂട്ടം എസ്‌പിയുടെ ശ്രദ്ധയിൽപെട്ടു. തെരുവിൽ അന്തിയുറങ്ങുന്നവർ ഭക്ഷണം കിട്ടാതെ വിഷമിച്ചു നിൽക്കുകയാണ്. സ്വന്തം ആവശ്യത്തിനു കരുതിയ ഭക്ഷണം ഒരാൾക്കു നൽകി. ഓഫിസിൽ വിളിച്ചു പറഞ്ഞ് ബാക്കിയുള്ളവർക്കും ഭക്ഷണം വരുത്തി നൽകി.

അഴിമതിക്കേസുകൾ അന്വേഷിച്ചു കഴിവു തെളിയിച്ച കാർത്തിക്കിന് സംസ്ഥാന പൊലീസിലെ മികച്ച കുറ്റാന്വേഷകനു മുഖ്യമന്ത്രി നൽകുന്ന ബാഡ്ജ് ഓഫ് ഓണർ 2019ൽ ലഭിച്ചിരുന്നു. ചെന്നൈയിൽ നിന്ന് 22 കിലോമീറ്റർ അകലെ തുരുഞ്ചാപുരം ഗ്രാമത്തിലെ കർഷക കുടുംബത്തിലാണു ജനനം. തുരുഞ്ചാപുരത്തെ ആദ്യ എൻജിനീയറാണ് കാർത്തിക്. അനുജൻ കെ.പഴനി ഗ്രാമത്തിലെ ആദ്യ ഡോക്ടറും. ട്യൂഷനു പോയിട്ടില്ല. സിവിൽ സർവീസ് പരീക്ഷയ്ക്കു തയ്യാറെടുത്തതും തനിയെ. വനംവകുപ്പിൽ താൽക്കാലിക ജോലിയായിരുന്നു കാർത്തിക്കിന്റെ പിതാവിന്. അതു സ്ഥിരപ്പെട്ടതു വിരമിക്കുന്നതിനു 2 വർഷം മുൻപാണ്.

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥരാണ് അർഹരായത്. സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രി നൽകുന്ന പുരസ്‌കാരമാണ് പൊലീസ് മെഡൽ.

അംഗീകാരത്തിനു സംസ്ഥാന സർക്കാരിനോടും മേലുദ്യോഗസ്ഥരോടും കടപ്പെട്ടിരിക്കുന്നു. ഡിഐജി, ഐജി, എഡിജിപി, ഡിജിപി എന്നിവർ നൽകിയ പിന്തുണ വളരെ വലുതാണ്. അന്വേഷണ സംഘത്തിൽ ഒപ്പമുണ്ടായിരുന്ന ഡിവൈഎസ്‌പി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരെ നന്ദിപൂർവം സ്മരിക്കുന്നു. അംഗീകാരത്തിനു മുന്നിൽ തലകുനിക്കുമ്പോഴും തന്റെ കർത്തവ്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുകയാണ് കെ കാർത്തിക്.