- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ കുറ്റവും കെഎം എബ്രഹാമിൽ ആരോപിച്ച് കോടികൾ കട്ടു തിന്ന ചന്ദ്രശേഖരൻ; ഐഎൻടിയുസി നേതാവിന്റെ പണി തെറിപ്പിച്ചത് പണത്തിനും പ്രലോഭത്തിനും വഴങ്ങാതെ സഹാറ മുതലാളിയെ അഴിയെണ്ണിച്ച ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷനിലെ അഴിമതി സിബിഐ അന്വേഷിക്കുന്നു. തെറ്റു ചെയ്യാത്തവർ ക്ഷുഭിതരാകേണ്ട ആവശ്യമില്ല. ഏതായാലും ഒന്നുറപ്പ്. കെഎം എബ്രഹാമെന്ന സത്യന്ധനായ ഉദ്യോഗസ്ഥന്റെ സാന്നിധ്യം തന്നെയാണ് സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. രാഷ്ട്രീയ സമ്മർദ്ദമൊന്നും കണക്കാക്കാതെ അഴിമതിക്കാരെ കുടുക്കാനുള്ള യുദ്ധം കേരള
തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷനിലെ അഴിമതി സിബിഐ അന്വേഷിക്കുന്നു. തെറ്റു ചെയ്യാത്തവർ ക്ഷുഭിതരാകേണ്ട ആവശ്യമില്ല. ഏതായാലും ഒന്നുറപ്പ്. കെഎം എബ്രഹാമെന്ന സത്യന്ധനായ ഉദ്യോഗസ്ഥന്റെ സാന്നിധ്യം തന്നെയാണ് സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. രാഷ്ട്രീയ സമ്മർദ്ദമൊന്നും കണക്കാക്കാതെ അഴിമതിക്കാരെ കുടുക്കാനുള്ള യുദ്ധം കേരളത്തിലും ഈ ഉദ്യോഗസ്ഥൻ തുടർന്നു. സഹാറ ഗ്രൂപ്പ് തലവൻ സുബ്രതോ റോയിയെ ജയിലിലാക്കിയ കെ എം എബ്രഹാമിന്റെ നീക്കങ്ങൾ ഐഎൻടിയുസിയുടെ സംസ്ഥാന അധ്യക്ഷനേയും വെട്ടിലാക്കി. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ കരുത്തിൽ എല്ലാം ശരിയാക്കാമെന്ന ചന്ദ്രശേഖരന്റെ പ്രതീക്ഷകളാണ് തെറ്റുന്നത്. സത്യസന്ധമായി അഴിമതിയിൽ സിബിഐ അന്വേഷണം നടത്തിയാൽ അത് കേരളത്തിലെ അഴിമതി വിരുദ്ധ ചരിത്രത്തിലെ പുതി ഏടാകും. അതുകൊണ്ട് കൂടിയാണ് എബ്രഹാമിനെതിരെ പ്രതിപക്ഷവും ചന്ദ്രശേഖരന് പിന്നിൽ അണിനിരക്കുന്നത്. ഈ ഉദ്യോഗസ്ഥനെ ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിനും മടുക്കുകയാണ്.
തൊഴിൽ പരമായ സത്യസന്ധതയ്ക്ക് പേര് കേട്ടയാളാണ് കെഎം എബ്രഹാം എന്ന ഐ എ എസ് ഓഫീസർ. അഴിമതി കാര്യത്തിൽ കേരളത്തിലെ നേതാക്കൾ കൂട്ടിക്കൊടുപ്പുകാരെക്കാൾ മോശമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇടതും വലതും ചേർന്ന് അധികാരം പങ്കുവെക്കുകയും ഖജനാവ് കൊള്ളടിക്കുകയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പറാട്ടു സമരം നടത്തുകയും ചെയ്യുന്നത് പതിവാണ്. കശുവണ്ടി കോർപറേഷൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ചന്ദ്രശേഖരൻ നടത്തിയ നിരാഹാരവും അതിന് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ചേർന്ന് ഉണ്ടാക്കിയ ഒത്തുതീർപ്പും ഈ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിലെ അവസാന കാഴ്ചയായിരുന്നു. എന്നിട്ടും ഒന്നും നടന്നില്ല. കോടികളുടെ അഴിമതി നടത്തിയ കശുവണ്ടി കോർപറേഷനെ നേരെയാക്കാൻ ഒരു ഐഎഎസ് ഓഫീസർ നടത്തിയ ധീരമായ ഇടപെടലിനെ ഹൈക്കോടതി അംഗീകരിച്ചു. അങ്ങനെ വിഷയത്തിൽ ഒരു തീരുമാനമായി. ആടിനെ പട്ടിയാക്കാൻ ചന്ദ്രശേഖരൻ കശുവണ്ടി കോർപ്പറേഷനിലെ ചെയർമാൻ സ്ഥാനം രാജിവച്ചു. ഒപ്പം സത്യസന്ധനായ ഉദ്യോഗസ്ഥന് നേരെ ആക്രമണവും.
കുറച്ചു വർഷങ്ങൾക്ക് മുന്പ് എബ്രഹാം മുംബൈ സെബിയിൽ മെമ്പറായിരുന്നപ്പോഴാണ് സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയതും സുബ്രതോ റായി ജയിലിലായതും. രണ്ടു സഹാറ ഗ്രൂപ് കമ്പനിക്കെതിരെ എബ്രഹാം കൊണ്ടുവന്ന തെളിവുകൾ സെക്യൂരിറ്റീസ് അപ്പലേറ്റ്റ്റ് ട്രിബ്യൂണലിനോ സുപ്രീം കോടതിക്കോ തള്ളിക്കളയാൻ സാധിക്കാത്ത വിധം ശക്തമായിരുന്നു. 2011 ജൂൺ 23നു സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപ്പറേഷനും സഹാറ ഹൗസിങ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനും എതിരെ എബ്രഹാം പുറപ്പെടുവിച്ച ഉത്തരവാണ് സുബ്രതോ റോയിയുടെ പതനത്തിലേക്ക് നയിച്ചത്. വളരെ യാദൃശ്ചികമായാണ് എബ്രഹാം ഈ രണ്ടു കമ്പനികളുടെയും സാമ്പത്തിക ക്രമക്കേടുകൾ കണ്ടത്തിയത്. ഒരു ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി മൂല്യം ഉയർത്താൻ വേണ്ടി റിയൽ എസ്റ്റേറ്റ് കമ്പനിയായ സഹാറ പ്രൈം സിറ്റി ലിമിറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്‌പെക്ടസ് സമർപ്പിച്ചപ്പോഴാണ് ഈ തെളിവുകൾ പുറത്തു വന്നത്. സെബിയുടെ അനുമതി ഇല്ലാതെ 'പൂർണമായും മാറ്റാവുന്ന കടപ്പത്രങ്ങൾ' വഴി പൊതു ജനങ്ങളിൽ നിന്നു വൻതോതിൽൽ പണം സമാഹരിക്കുന്ന ഈ രണ്ടു അസോസിയേറ്റ് കമ്പനികളുടെ മുഴുവൻ വിശദാംശങ്ങളും അവർ ഈ അപേക്ഷയിൽ വെളിപ്പെടുത്തിയിരുന്നു. സഹാറ കേസിൽ അവസാനമായി നല്കിയ ഉത്തരവ് എബ്രാഹാമിന്റെ ധൈര്യത്തിനും തൊഴിൽ നൈപുണ്യത്തിനും മികച്ച സാക്ഷ്യപത്രമാണ്. കടപ്പത്രം അവരുടെ സ്വകാര്യ നടപടി മാത്രമാണെന്ന സഹാറയുടെ വാദം അവർ തന്നെ നല്കിയ രേഖകളിലൂടെ വെളിപ്പെടുന്ന, ലക്ഷക്കണക്കിനു ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന തെളിവിലൂടെ വളരെ ഫലപ്രദമായി എബ്രഹാം തകർക്കുന്നുണ്ട്.
കശുവണ്ടി വികസന കോർപറേഷനിൽ കോടികളുടെ ക്രമക്കേടാണ് വിവിധ അന്വേഷണങ്ങളിൽ എബ്രഹാം കണ്ടെത്തിയത്. പരാതികളും അഴിമതി വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും പെരുകിയപ്പോൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഹൈക്കോടതിയാണ് അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) ഡോ. കെ എം എബ്രഹാമിനെ ചുമതലപ്പെടുത്തിയത്. അദ്ദേഹം ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കവും ശുപാർശകളും കോർപറേഷനിലെ ഉന്നതരെ വിറളി പിടിപ്പിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നീക്കം സ്വകാര്യ മുതലാളിമാരെ സഹായിക്കാനാണെന്നു ചന്ദ്രശേഖരൻ നേരത്തേതന്നെ ആരോപിച്ചിരുന്നു. മാത്രമല്ല സർക്കാരിന്റെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥൻ ഹൈക്കോടതിക്ക് നേരിട്ട് റിപ്പോർട്ട് നൽകിയതു ശരിയാണോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
എന്നാൽ ഇതിനുള്ള മറുപടി കെ എം എബ്രഹാമിന്റെ റിപ്പോർട്ടിൽ തന്നെയുണ്ട്. 2015 ഫെബ്രുവരി 10ന് താൻ മുഖ്യമന്ത്രിക്ക് ഒരു കുറിപ്പ് സമർപ്പിച്ചിരുന്നുവെന്നും സ്വതന്ത്രമായ അന്വേഷണത്തിനുവേണ്ടി മാനേജിങ് ഡയറക്ടറെ അടിയന്തരമായി മാറ്റുകയും ഹൈക്കോടതിക്കു മുന്നിലുള്ള റിട്ട് പെറ്റീഷൻ തീർപ്പാകുന്നതുവരെയെങ്കിലും സത്യസന്ധനായ ഒരുദ്യോഗസ്ഥന് എംഡിയുടെ ചുമതല നൽകണെന്നു ശുപാർശ ചെയ്തിരുന്നുവെന്നും അദ്ദേഹം അതിൽ വ്യക്തമാക്കുന്നു. എന്നാൽ സർക്കാർ അതിൽ ഒരു തീരുമാനവുമെടുത്തില്ല. ഇതേത്തുടർന്നാണ് കോടതിക്ക് നേരിട്ടു റിപ്പോർട്ടു നൽകിയത്. കോടതി നിർദ്ദേശപ്രകാരം 2014 ഒക്ടോബറിൽ ആദ്യ സത്യവാങ്മൂലം അദ്ദേഹം സമർപ്പിക്കുകയും ചെയ്തിരുന്നു. അന്നുണ്ടാകാത്ത പ്രകോപനമാണ് കോർപറേഷൻ തലപ്പത്ത് ഇപ്പോഴുണ്ടായിരിക്കുന്നത്. സിബിഐ അന്വേഷണത്തിനു കോടതി നിർദ്ദേശിക്കുമോ എന്ന ഭയമാണ് അതിനു പിന്നിലെന്ന് കശുവണ്ടി വികസന കോർപറേഷനിലെ അഴിമതിക്കെതിരേ കോടതിയെ സമീപിച്ച സാമൂഹിക പ്രവർത്തകൻ കടകംപള്ളി മനോജും ആരോപിച്ചിരുന്നു.
കോർപറേഷനുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും വിദഗ്ധ സമിതിക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം എന്നുകൂടി കോടതി നിർദ്ദേശിച്ചിരുന്നു. വിദഗ്ധ സമിതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ 2014 ഡിസംബർ ആറിന് ഡോ. എബ്രഹാം ഒരു യോഗം വിളിച്ചു ചേർത്തു. കോർപറേഷൻ തോട്ടണ്ടി വാങ്ങുന്നതിന്റെ വില നിശ്ചയിക്കുന്ന ടെണ്ടർ നടപടികൾ പ്രാഥമികമായി വിലയിരുത്തുകയും സമിതി അംഗങ്ങളുമായി വിശദമായി ചർച്ച നടത്തുകയുമാണ് അന്നു ചെയ്തത്. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നു തനിക്ക് മനസ്സിലായതായി റിപ്പോർട്ടിൽ അദ്ദേഹം പറയുന്നു. സമിതിക്ക് സ്വതന്ത്രമായും ഇടപെടലുകളില്ലാതെയും പ്രവർത്തിക്കാൻ കഴിയണമെങ്കിൽ എംഡിയെ ഉടൻ മാറ്റണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രേഖകൾ പരിശോധിക്കുന്നതിന് സമിതിയെ സഹായിക്കാൻ ധനകാര്യ വകുപ്പിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരെ വിട്ടുനൽകിയിരുന്നു. ഇതിൽ എതിർപ്പു പ്രകടിപ്പിച്ച് എംഡി കെ എ രതീഷ് ജനുവരി 17ന് ഡോ. എബ്രഹാമിനു കത്തെഴുതി.
സമിതിയുമായി സഹകരിക്കുകയും ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുകയും ചെയ്യണം എന്ന് അഭ്യർത്ഥിച്ചാണ് അദ്ദേഹം മറുപടി നൽകിയത്. മാത്രമല്ല സമിതിയുമായി സഹകരിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് പ്രകടിപ്പിച്ചാൽ അത് താൻ കോടതിയെ അറിയിക്കുമെന്ന താക്കീതുമുണ്ടായി. അന്വഷണത്തിന്റെ ഉത്തമ താൽപര്യത്തിന് എംഡിയെ മാറ്റിനിർത്തുകയാണു വേണ്ടതെന്ന ശുപാർശ നടപ്പാക്കാതെ പോയപ്പോഴാണ് മുഖ്യമന്ത്രിയോടുതന്നെ നേരിട്ട് ഇക്കാര്യം ആവശ്യപ്പെടേണ്ടിവന്നത്. പത്ത് ശുപാർശകളാണ് അദ്ദേഹം ഹൈക്കോടതിക്കു മുന്നിൽ വച്ചിരിക്കുന്നത്. 2008 മുതൽ 2011 വരെ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ( സെബി)യുടെ മുഴുവൻ സമയ അംഗമായി അന്വേഷണങ്ങൾ അടുത്തുനിന്ന് നിരീക്ഷിച്ചതിന്റെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാർശകളെന്നും ചൂണ്ടിക്കാണിച്ചു. ഇത് അംഗീകരിച്ചാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
തോട്ടണ്ടി ഇറക്കുമതിയിലെ ക്രമക്കേട് മൂലം മാത്രം 179 കോടിയുടെ നഷ്ടം കോർപറേഷന്് ഉണ്ടായതായാണ് 2014ലെ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. സിബിഐയെപ്പോലുള്ള അന്വേഷണ ഏജൻസിക്ക് അന്വേഷണം കൈമാറുകയും ഹൈക്കോടതി മേൽനോട്ടം വഹിക്കുകയും ചെയ്യണം എന്നാണ് ഡോ. എബ്രഹാമിന്റെ ശുപാർശകളിൽ ആദ്യത്തേത്. അന്വേഷണകാലത്ത് എംഡിയെ മാറ്റിനിർത്തുകയും സർക്കാർ അദ്ദേഹത്തിന് വേറെ യോജിച്ച ജോലി എന്തെങ്കിലും നൽകുകയും ചെയ്യുക, ഡയറക്ടർ ബോർഡ് മരവിപ്പിക്കുകയും അധികാരങ്ങൾ കൊല്ലം കളക്ടർക്ക് നൽകുകയും ചെയ്യുക, വില്പനയും വാങ്ങലും സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിൽ സഹായിക്കാൻ രണ്ട് പ്രൊഫഷണൽ ചാർട്ടേഡ് അക്കൗണ്ടന്റുകളുടെ സേവനം വിനിയോഗിക്കാൻ കളക്ടറെ അനുവദിക്കുക, സിഎജിയും റിയാബും അടക്കമുള്ള വിവിധ സമിതികൾ നൽകിയ ശുപാർശകൾ നടപ്പാക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകുക, കോർപറേഷനിലെ വാണിജ്യ, സാമ്പത്തിക വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ അധികാരം എടുത്തുമാറ്റി കൊള്ളാവുന്നവരെ ഏൽപ്പിക്കുക, ചെയർമാനും എംഡിയും ബോർഡിലെ രാഷ്ട്രീയ പ്രതിനിധികളും കോർപറേഷന്റെ ഓഫീസുകളോ ഫാക്ടറികളോ സന്ദർശിക്കുന്നത് വിലക്കുക എന്നിവ ശുപാർശകളിൽപ്പെടുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ലഭിച്ച പരാതിയേത്തുടർന്ന് വിജിലൻസ് ത്വരിത പരിശോധന നടത്തിയിരുന്നു. ആ പരിശോധനയിലും കണ്ടെത്തിയത് വലിയ ക്രമക്കേടുകളാണ്. കോടിക്കണക്കിനു രൂപയുടെ അഴിമതികൾ നടക്കുന്നുവെന്ന വൻതോതിലുള്ള പരാതികളാണുള്ളത്. അതൊക്കെ അന്വേഷിക്കേണ്ടതാണ് എന്നാണ് 2012ലെ പരിശോധനയേക്കുറിച്ച് വിജിലൻസ് ഡയറക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. വിശദമായ അന്വേഷണം ശുപാർശ ചെയ്തുകൊണ്ടുള്ളതാണ് ആ റിപ്പോർട്ട്. 2003 മുതൽ 2008 വരെയും 20082009 കാലയളവിലും സിഎജി റിപ്പോർട്ടുകളിലും ധനകാര്യ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലും കണ്ടെത്തിയ ക്രമക്കേടുകളെയും പരാമർശിക്കുന്നുണ്ട് അതിൽ. നാടൻ തോട്ടണ്ടിക്കു പകരം നിലവാരം കുറഞ്ഞ നൈജീരിയൻ തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ നടന്നത് വലിയ അഴിമതിയാണെന്ന ആരോപണം നിലനിൽക്കുന്നു; നഷ്ടത്തേക്കുറിച്ചുള്ള കണ്ടെത്തലും. 2013 ഒക്ടോബറിൽ നടത്തിയ ഇ ടെൻഡറിൽ ജെഎംജെ എന്ന കമ്പനി മാത്രം സംബന്ധിച്ചതിനേത്തുടർന്ന് ടെൻഡർ റദ്ദാക്കിയിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ടെൻഡർ ക്ഷണിച്ചപ്പോഴും അവർ മാത്രം. ഡയറക്ടർ ബോർഡ് യോഗം ചേർന്ന് അവരിൽ നിന്നുതന്നെ തോണ്ടണ്ടി വാങ്ങാൻ തീരുമാനിച്ചു.
ഒരു ടെൻഡർ മാത്രം ലഭിച്ചാൽ റീ ടെൻഡർ ചെയ്യുകയാണ് സ്‌റ്റോർ പർച്ചേസ് നിയമപ്രകാരം ചെയ്യേണ്ടത്. ഇതിനു വിരുദ്ധമായി ചെയർമാനും എംഡിയും ബോർഡിന്റെ പേരിൽ ഈ കമ്പനിയുമായി 'നെഗോസിയേഷൻ' നടത്തി ടെൻഡർ ഉറപ്പിച്ചു. ബോർഡംഗങ്ങളും ചെയർമാനും എംഡിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിനേക്കുറിച്ച് കെ എം എബ്രഹാമിന്റെ റിപ്പോർട്ടിലും സംശയരഹിതമായി ചൂണ്ടിക്കാണിക്കുന്നു. എല്ലാം ചെയ്തുകൂട്ടുന്നത് ഇവരെല്ലാം അറിഞ്ഞുകൊണ്ടാണെന്നും ബോർഡിൽ ഇവർ തമ്മിൽ 'താൽപര്യ' സംഘട്ടനങ്ങൾ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കശുഅണ്ടി കോർപ്പറേഷന് സർക്കാർ അനുവദിച്ച ധനസഹായം ധനവകുപ്പ് നിഷേധിച്ചതിനെതിരെ കശുവണ്ടി കോർപറേഷൻ ചെയർമാൻ കൂടിയായ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ സെക്രട്ടേറിയേറ്റ് പടിക്കൽ സമരം നടത്തിയിരുന്നു്. കോൺഗ്രസ് സർക്കാരിനെതിരെ കോൺഗ്രസിന്റെ തന്നെ തൊഴിലാളി നേതാവ് സമരം നടത്തുകയും അതിന് പിന്തുണയുമായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മുന്മന്ത്രി എളമരം കരീമും സമരപ്പന്തലിൽ എത്തുകയും ചെയ്തത് അപൂർവമായ രാഷ്ട്രീയ സംഭവവികാസമായിരുന്നു. തൊട്ട് പിന്നാലെ കോർപ്പറേഷന് പണം ഉടൻ നൽകാനുള്ള തീരുമാനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമരപ്പന്തലിൽ എത്തി ചന്ദ്രശേഖരനെ അറിയിച്ചു. തുടർന്ന് രമേശ് നൽകിയ നാരങ്ങാ നീരു കുടിച്ച് ചന്ദ്രശേഖരൻ സമരം അവസാനിപ്പിച്ചു. ഈ രാഷ്ട്രീയ നാടകം ഉദ്ദേശിച്ചതാണ് ഹൈക്കോടതി ഉത്തരവിലൂടെ തകർന്നടിയുന്നത്.
ധനസാഹായം തടഞ്ഞതോടെ തൊഴിലാളികൾക്ക് ശമ്പളമോ ബോണസോ നൽകാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മന്ത്രി രമേശ് ചെന്നിത്തലയുമായും അവസാന നിമിഷവും ചർച്ച നടത്തിയിട്ടും ഫലമില്ലാതായപ്പോഴാണ് ചന്ദ്രശേഖരൻ സത്യാഗ്രഹമാരംഭിച്ചത്. മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയും അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെ മന്ത്രിസഭാ യോഗത്തിലേക്ക് വിളിച്ചു വരുത്തി മന്ത്രിമാർ വിശദീകരണം ആരായുകയും ചെയ്തു. എന്നാൽ കശുവണ്ടിവികസന കോർപ്പറേഷനിൽ മൊത്തം അഴിമതിയാണെന്നും തുക ഇനിയും നൽകുന്നത് കൂടുതൽ കുഴപ്പങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മറുപടി നൽകി. എന്നാൽ, ഈ കുഴപ്പങ്ങൾ ഇപ്പോഴത്തെ സർക്കാർ ഉണ്ടാക്കിയതല്ലെന്നും തുക എത്രയും വേഗം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യവസായ സെക്രട്ടറി മുഖേന തുക നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എം. മാണി പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണം നൽകാൻ തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാൻ വൈകിയതിനാൽ സത്യാഗ്രഹം നീണ്ടു. തുടർന്നാണ് ചെന്നിത്തല സമരപ്പന്തലിൽ നേരിട്ടെത്തി സത്യാഗ്രഹം അവസാനിപ്പിച്ചത്. എന്നാൽ അഴിമതിയിൽ എബ്രഹാം നടത്തിയ നീക്കങ്ങൾ ഫലം കണ്ടു.
സഹാറ മുതലാളി സുബ്രത റോയിയെ മുട്ടുകുത്തിച്ച, നിയമങ്ങളിൽനിന്ന് അണുവിട പിന്നോട്ടുപോകാത്ത ഐഎഎസ് ഉദ്യോഗസ്ഥനായ കെ.എം.എബ്രഹാമിനെ പൂട്ടാനുള്ള രാഷ്ട്രീയക്കളികൂടി ഇതോടെ സജീവമായി. കശുവണ്ടി വ്യവസായത്തെ നശിപ്പിക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) കെ എം എബ്രഹാമിനെ മാറ്റണം. സെബി അംഗമായിരിക്കെ സഹാര ഗ്രൂപ്പ് ഉടമ സുബ്രത റോയിയുടെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവരികയും റോയിയെ അഴിക്കുള്ളിലാക്കുകയും ചെയ്തതോടെ രാജ്യത്താകമാനം ആദരവ് പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് എബ്രഹാം. 2008 മുതൽ മൂന്നു വർഷങ്ങളിൽ കശുവണ്ടി കോർപറേഷനിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് സി.എ. ജി റിപ്പോർട്ട് ചെയ്തിരുന്നു. 2013ൽ വിജിലൻസ് ഒരു ക്വിക്ക് വെരിഫിക്കേഷൻ നടത്തി അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തി.
എന്നാൽ, പിന്നീട് അന്വേഷണം വ്യവസായ സെക്രട്ടറിയുടെ നേതൃത്വത്തിൽ മതിയെന്ന് തീരുമാനിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി പരിഗണനയ്ക്ക് വന്നെങ്കിലും തല്ക്കാലം സർക്കാർ അന്വേഷണം മതി, ഫിനാൻസ് സെക്രട്ടറി അന്വേഷണത്തിനു മേൽനോട്ടം വഹിക്കണം എന്നും ഹൈക്കോടതി ഉത്തരവിടുന്നു. ഇതിനിടെയാണ് അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് എബ്രഹാം എത്തുന്നത്. വന്നകാലം മുതല്ക്ക് കോർപറേഷനിലെ ക്രമക്കേടുകളെ എബ്രഹാം ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ മറികടന്ന് മന്ത്രിസഭയിലൂടെ നടപടികൾ സാധിക്കുകയാണ് ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ ബന്ധുകൂടിയായ കോർപറേഷൻ എം.ഡി. രതീഷും ചെയ്തത്. ഇതിനിടെ അന്വേഷണം പൂർത്തിയായി. 2008മുതൽ നടന്ന മിക്കവാറും കാര്യങ്ങളിൽ ക്രമക്കേട് ഉണ്ടെന്നു കമ്മീഷൻ കണ്ടെത്തി. ഏകദേശം 700 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതേതുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇത് അട്ടമറിക്കപ്പെട്ടെവെന്ന് വ്യക്തമായതോടെയാണ് സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതിക്ക് മുന്നിലെത്തിയത്. അത് അംഗീകരിക്കാൻ വേണ്ടതെല്ലാം കെഎം എബ്രഹാമിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു.