തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വിജയം മാത്രം ശീലമാക്കിയ ചില നേതാക്കളുണ്ട്. അക്കൂട്ടത്തിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിയും. ഇവരുടെ മണ്ഡലങ്ങളിൽ ഇവരെ തോൽപ്പിക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറി നിൽക്കും വരെ ആരും ഈ മണ്ഡലങ്ങളിൽ നിന്നും വിജയിക്കുമെന്ന് കരുതാനും സാധിക്കില്ല. രാഷ്ട്രീയ ജീവിതത്തിന്റെ ഏറ്റവും പ്രതിസന്ധിയുള്ള ഘട്ടമാണെങ്കിലും മാണി തന്നെ ഇത്തവണയും പാലയിൽ നിന്നും വിജയിക്കുമെന്നാണ് ഭൂരപക്ഷം പേരും കരുതുന്നത്. തുടർച്ചയായി പന്ത്രണ്ടാം വിജയം ലക്ഷ്യമിട്ടാണ് കെ എം മാണി ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. അതേസമയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്നും ലക്ഷ്യമിടുന്നത് 11ാമത്തെ വിജയമാണ്. തെരഞ്ഞെടുപ്പിൽ ഒരിക്കലും തോൽവി അറിയാത്തവരാണ് ഇവർ.

അതേസമയം ഹാട്രിക്കും കടന്ന് സഭയിലെ അനിഷേധ്യരായവർ 18 പേർ കൂടിയുണ്ട്. പാലായിൽ തുടർച്ചയായി പതിനൊന്നാം ജയത്തോടെ കെ.എം.മാണിയാണ് ഈ പട്ടികയിൽ ഒന്നാമൻ. നാലാം ഹാട്രിക്കാണ് മാണിയുടെ ലക്ഷ്യം. 1970മുതൽ തുടർച്ചയായി പത്താംജയം കടന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം 11ാമത്തെ ജയം തന്നയാണ്. 1980മുതൽ ചങ്ങനാശേരിയിൽ നിന്ന് തുടർച്ചയായി ജയിക്കുന്ന സി.എഫ്.തോമസ്, 1982മുതൽ ഏഴുതവണയായി ഇരിക്കൂറിൽ ജയിച്ചുകയറുന്ന കെ.സി.ജോസഫ് എന്നിവരാണ് മറ്റുപ്രമുഖർ. തുടർച്ചയായി എട്ടുവിജയങ്ങളുടെ തിളക്കമുള്ള മന്ത്രി ആര്യാടന്മുഹമ്മദ് ഇനി തിരഞ്ഞെടുപ്പിനില്ല. മന്ത്രിമാരായ കെ.ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ തുടർച്ചയായ ആറാംജയം തേടിയാണ് മത്സരത്തിനിറങ്ങുന്നത്.

ഹാട്രിക് വിജയവുമായി കഴിഞ്ഞ സഭയിൽ അംഗങ്ങളായിരുന്ന 18പേരാണ് ഇക്കുറി അങ്കത്തിന് കച്ചമുറുക്കുന്നത്. പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദൻ മത്സരിക്കുമെന്ന് ഉറപ്പായതോടെ തുടർച്ചയായ നാലാംജയം തേടിയുള്ള പോരാട്ടണ് മലമ്പുഴയിലേത്. മന്ത്രിമാരായ മഞ്ഞളാംകുഴി അലിക്കും എ.പി.അനിൽകുമാറിനും ഇത് തുടർച്ചയായ നാലാംജയത്തിനുള്ള പോരാട്ടമാണ്. 1996ൽ മാരാരിക്കുളത്ത് അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങിയാണ് വി എസ് 2001ൽ പാലക്കാട്ടെ മലമ്പുഴയിലേക്ക് മാറിയത്. പിന്നീട് മണ്ഡലം വിഎസിന്റെ കൈപ്പിടിയിലൊതുങ്ങി.

വി എസ്. അച്യുതാനന്ദൻ ഉപേക്ഷിച്ച മാരാരിക്കുളത്ത് തുടർച്ചയായ മൂന്നുവിജയം നേടിയാണ് തോമസ്‌ഐസക്ക് നാലാമങ്കത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞതവണ മാരാരിക്കുളം ഇല്ലാതായപ്പോൾ ആലപ്പുഴയിൽ നിന്ന് 18,324വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഐസക്കിന്റെ വിജയം. തലശേരിയിൽ ഹാട്രിക്കടിച്ച കോടിയേരി ബാലകൃഷ്ണൻ സിപിഐ(എം) സംസ്ഥാനസെക്രട്ടറിയായതിനാൽ ഇത്തവണ മത്സര രംഗത്തുണ്ടവില്ല. കുഴൽമന്ദത്തും തരൂരിലുമായി ഹാട്രിക് നേടിയ എ.കെ.ബാലനും മത്ര രംഗത്തുണ്ടാവുമോ എന്ന് പറയാറായിട്ടില്ല.

എന്നാൽ വണ്ടൂരിൽ നിന്ന് ഹാട്രിക്കടിച്ച കോൺഗ്രസിന്റെ എ.പി. അനിൽകുമാർ എന്നിവർ ഇത്തവണയും മത്സരരംഗത്തുണ്ടാവും. എൽ.ഡി.എഫ് വിട്ട് മുസ്ലിംലീഗിലെത്തിയ മന്ത്രി മഞ്ഞളാംകുഴി അലിക്കും യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ് ഇടത്തേക്കെത്തിയ കെ.ബി.ഗണേശ്‌കുമാറിനും നാലം ജയം തേടിയുള്ള പോരാട്ടമാണിത്. മഞ്ഞളാംകുഴിഅലി മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി പെരിന്തൽമണ്ണയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

വി.ഡി.സതീശൻ മത്സരത്തിനിറങ്ങുന്നത് പറവൂരിൽ ഹാട്രിക് നേട്ടത്തോടെയാണ്. 1996ൽ പരാജയപ്പെട്ടെങ്കിലും 2001മുതൽ തുടർച്ചയായ വിജയങ്ങൾ സതീശനെത്തേടിയെത്തി. കഴക്കൂട്ടത്ത് എം.എ.വാഹിദ്, വർക്കലയിൽ വർക്കല കഹാർ, കൊടുങ്ങല്ലൂരിൽ ടി.എൻ.പ്രതാപൻ, പട്ടാമ്പിയിൽ സി.പി.മുഹമ്മദ്, ഇരവിപുരത്ത് എ.എ.അസീസ്, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, കടുത്തുരുത്തിയിൽ മോൻസ് ജോസഫ് എന്നിവരും ഹാട്രിക്കിന്റെ തിളക്കത്തോടെയാണ് അങ്കത്തിനിറങ്ങുന്നത്. ഉടുമ്പൻചോലയിൽ കെ.കെ.ജയചന്ദ്രനും പെരുമ്പാവൂരിൽ സാജുപോളുനും മത്സര രംഗത്തിറങ്ങുകയാണെങ്കിൽ ഹാട്രിക് തിളക്കമുണ്ടാവും. കുന്നത്തൂരിൽ ഹാട്രിക് നേടിയ കോവൂർകുഞ്ഞുമോൻ എംഎ‍ൽഎ പുതിയ പാർട്ടിയുമായി വിജയിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്.

സ്പീക്കർ എൻ.ശക്തൻ കാട്ടാക്കടയിലും, മുൻ സ്പീക്കർമാരായ കെ.രാധാകൃഷ്ണൻ ചേലക്കരയിലും, മന്ത്രിമാരായ അടൂർപ്രകാശ് (കോന്നി), പി.കെ.അബ്ദുറബ്ബ് (തിരൂരങ്ങാടി) എന്നിവർ തുടർച്ചയായ നാലുജയങ്ങൾ നേടിക്കഴിഞ്ഞു. തേറമ്പിൽ രാമകൃഷ്ണനും തൃശൂരിൽ നാലാം ജയം നേടിയിട്ടുണ്ട്. ബേപ്പൂരിൽ എളമരംകരിമും വൈപ്പിനിൽ എസ്.ശർമ്മയും റാന്നിയിൽ രാജുഎബ്രഹാമും മത്സരിച്ചാൽ അത് അഞ്ചാം വിജയത്തിനാവും. എന്നാൽ, പൂഞ്ഞാറിൽ പി.സി.ജോർജ്ജും, ചിറ്റൂരിൽ കെ.അച്യുതനും തുടർച്ചയായ അഞ്ചാംജയത്തിനും അങ്കത്തിനിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.