കോട്ടയം: മുന്നണികളിൽ തെരഞ്ഞെടുപ്പ് ചർച്ചകൾ കൊഴുക്കുന്നതിനിടെ മത്സരരംഗത്തുണ്ടാകുമെന്ന് ഉറച്ചു പ്രഖ്യാപിച്ച് മുൻ ധനമന്ത്രി കെ എം മാണി രംഗത്തെത്തി. താൻ സ്ഥാനാർത്ഥിയായി നിൽക്കണം എന്നത് പാലാക്കാരുടെ ആഗ്രഹമാണെന്ന് കെ.എം. മാണി പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് കെ.എം. മാണിയോട് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോഴാണ് അദ്ദേഹം ഈ മറുപടി നൽകിയത്. താൻ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. ഇത്തവണ കേരള കോൺഗ്രസ് യുഡിഎഫിനോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും മാണി പറഞ്ഞു.

താൻ മത്സരിക്കില്ലെന്നും മറ്റും പറയുന്നത് ശത്രുക്കളാണ്. പാർട്ടിക്കുള്ളിലെ അച്ചടക്കം ലംഘിക്കുന്നവർക്ക് പി.സി. ജോർജ്ജിന്റെ അവസ്ഥയായിരിക്കും. പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നത് ഒന്നോ രണ്ടോ പേർ മാത്രമാണെന്നും കെ.എം. മാണി പറഞ്ഞു. പാർട്ടിയിലെ സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മാണി മുന്നറിയിപ്പ് നൽകുന്നുണ്ട്.

കേരളാ കോൺഗ്രസിൽ ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കൾ സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതിന് ഇടെയാണ് മാണി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യപിച്ചത്. സീറ്റ് ലഭിക്കില്ലാത്ത ഫ്രാൻസിസ് ജോർജ്ജും ആന്റണി രാജുവും അടക്കമുള്ളവർ ഇടത്തേക്ക് നോട്ടമിടുന്ന സാഹചര്യം പാർട്ടിയിൽ ഉണ്ട്. ഈ സാഹചര്യത്തിൽ കൂടയാണ് യുഡിഎഫിനോട് കൂടുതൽ സീറ്റുകൾ ചോദിക്കുമെന്ന് കെ എം മാണി അഭിപ്രായപ്പെട്ടിരിക്കുന്നത്.

അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽനിന്ന് രാജി വച്ചതിന് പിന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എന്നതിനാലാണ് മാണിയുടെ സ്ഥാനാർത്ഥിത്വത്തിന് രാഷ്ട്രീയ പ്രസക്തിയുള്ളത്. മാണി കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കേസിൽ കുടുക്കിയതാണെന്നുമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് കേരള കോൺഗ്രസ് ബാർ കോഴ കേസിനെ പ്രതിരോധിക്കാൻ ഒരുങ്ങുന്ന ത്.