കോട്ടയം. കേരളാ കോൺഗ്രസ്സ് പിറവിയെടുത്ത മണ്ണിലേക്ക് കെ.എം മാണിയുടെ ഓർമ്മകൾ ഒഴുകിയെത്തിയപ്പോൾ തിരുനക്കര മൈതാനം ആവേശത്തിലായി. കേരളാ കോൺഗ്രസ്സിന്റെ ചരിത്രത്തിലും കെ.എം മാണിയുടെ ജീവിത്തിലും സവിശേഷതയുള്ള കോട്ടയം തിരുനക്കര മൈതാനിയിൽ സംഘടിക്കപ്പെട്ട കെ.എം മാണി സ്മൃതി സംഗമത്തിലേക്ക് തുടക്കം മുതൽ ഒടുക്കം വരെയും അണമുറിയാതെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

ജനഹൃദയങ്ങളിൽ ചിരസ്മരണയായി കെ.എം മാണി നിലകൊള്ളുന്നതിന്റെ നേർസാക്ഷ്യങ്ങളായ നിരവധി വൈകാരിക മുഹൂർത്തങ്ങളാണ് ചടങ്ങിൽ ഉടനീളം കണ്ടത്. കെ.എം മാണിയുടെ അന്ത്യയാത്രയുടേയും പ്രസംഗങ്ങളുടേയും ദൃശ്യങ്ങൾ വേദിയിൽ തെളിഞ്ഞപ്പോൾ പലരും വികാരാധീനരായി.പൂക്കളും കെ.എം മാണിയുടെ ഓർമ്മകളുണർത്തുന്ന ചിത്രങ്ങളുമായാണ് പലരുമെത്തിയത്.

മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് കേരളാ കോൺഗ്രസിന് കെഎം മാണി സ്മൃതി സംഗമം സംഘടിപ്പിച്ചത്.അനുസ്മരണ സമ്മേളനങ്ങളുടെ പതിവുരീതികളിൽ നിന്ന് വ്യത്യസ്തമായാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രവർത്തകർ പ്രിയപ്പെട്ട നേതാവിന്റെ ഓർമ്മ പുതുക്കാൻ എത്തിയിരുന്നു. രാവിലെ മുതൽ തന്നെ കോട്ടയത്തേക്ക് പ്രവർത്തകരുടെ ഒഴുക്കായിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തകർ എത്തി പുഷ്പാർച്ചന നടത്തി മടങ്ങുന്ന രീതിയിലായിരുന്നു ചടങ്ങ് ക്രമീകരിച്ചത്.

പാർട്ടി പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനത്ത പ്രത്യേകം തയാറാക്കിയ വേദിയിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി രാവിലെ കെ.എം മാണിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയതോടെ സ്മൃതി സംഗമത്തിന് തുടക്കമായി. കെ.എം മാണിയുടെ സ്നേഹത്തിന് അതിർവരമ്പുകൾ ഇല്ലായിരുന്നെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി പറഞ്ഞു. രാഷ്ട്രീയമോ, ജാതിമത വിത്യാസങ്ങളോ, ആശയഭേദങ്ങളോ ആ സ്നേഹത്തിന് തടസ്സമായില്ല. കെ.എം മാണിയെ സ്നേഹിക്കുന്ന പതിനായിരങ്ങളാണ് ഇവിടെ ഒത്തുചേർന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ കെഎം മാണിയുടെ ചിത്രത്തിൽ പുഷ്പം അർപ്പിച്ചു. രാഷ്ട്രീയത്തിന് അതീതമായി കെഎം മാണി എന്ന നേതാവിനെ അനുസ്മരിക്കാനാണ് ചടങ്ങ് ഒരുക്കിയതെന്ന് പരിപാടിയുടെ ജനറൽ കൺവീനർ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ചീഫ് വിപ്പ് പ്രൊഫ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എംപി, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, പ്രമോദ് നാരായണൻ എംഎൽഎ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം തുടങ്ങിയവർ പുഷ്പാർച്ച നടത്തി. തുടർന്ന് സംസ്ഥന സ്റ്റിയറിങ് കമ്മറ്റി അംഗങ്ങളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും പുഷ്പാർച്ചന നടത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ആത്മീയ രംഗത്തെ പ്രമുഖരാണ് ആദരം അർപ്പിക്കാൻ എത്തിയത്.

മുന്നോടിയായി രാവിലെ ഏഴു മണിയോടെ പാർട്ടി ചെയർമാൻ ജോസ് കെ.മാണിയും കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും കെ.എം മാണിയെ അടക്കം ചെയ്ത പാലാ കത്തീഡ്രൽ പള്ളിയിൽ എത്തി പ്രാർത്ഥനകളിലും ചടങ്ങുകളിലും പങ്കെടുത്തു.

ഞായറാഴ്‌ച്ച മുതൽ 15 വരെ എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കും. എല്ലാ ജില്ലകൽും കാരുണ്യ ഭവനം നിർമ്മിച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട്. അതാതു ജില്ലാ കമ്മിറ്റികൾക്കാകും ഇതിന്റെ ചുമതല.