- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ. എം.റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുശോചിച്ചു; പ്രഗത്ഭ മാധ്യമപ്രവർത്തകനെ നഷ്ടമായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പല പതിറ്റാണ്ടുകൾ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിനും മലയാള പത്രപ്രവർത്തനത്തിനും കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭ മാധ്യമപ്രവർത്തകനെയാണ് കെഎം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രദ്ധേയനായ വാർത്താ ഏജൻസി റിപ്പോർട്ടർ, പംക്തികാരൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം കെ. എം. റോയ് നൽകിയ സംഭാവനകൾ കേരളത്തിന് പൊതുവിൽ വിലപ്പെട്ടതായിരുന്നു.
പൊതു പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും സംശുദ്ധി നിലനിർത്തണമെന്ന കാര്യത്തിൽ നിഷ്കർഷ ഉണ്ടായിരുന്ന കെ. എം റോയ്, തന്റെ ആ നിലപാട് എഴുത്തുകളിൽ ഏറെ പ്രതിഫലിപ്പിച്ചു. അത് സമൂഹത്തിന് ഏറെ മാർഗ്ഗനിർദ്ദേശമാവുകയും ചെയ്തു. അപഗ്രഥനാത്മകമായ അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ വലിയതോതിൽ ശക്തിപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ അനുശോചനം
മുതിർന്ന മധ്യമ പ്രവർത്തകൻ കെ.എം. റോയിക്ക് പ്രണാമം. ഇംഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിൽ ഒരു പോലെ തിളങ്ങിയ കെ.എം റോയിയുടെ നിര്യാണം ഇന്ത്യൻ മാധ്യമ രംഗത്തിന് വലിയ നഷ്ടമാണ്. അര നൂറ്റാണ്ടിലേറെ പത്രപ്രവർത്തന രംഗത്ത നിറസാന്നിധ്യമായിരുന്ന കെ എം റോയിയുമായി എനിക്ക് കോളേജ് വിദ്യാഭ്യാസ കാലം മുതൽക്കേ വ്യക്തിബന്ധം ഉണ്ടായിരുന്നു. മലയാളത്തിൽ ഏറ്റവും കാലം നീണ്ടുനിന്ന പംക്തിയും കെ.എം റോയിയുടേതാണ്. ഹൃദയത്തിൽ നിന്നുള്ള എഴുത്തുമായി ഇരുളും വെളിച്ചവുമെന്ന ആ പംക്തി മൂന്ന് പതിറ്റാണ്ടോളം നിരാലംബർക്ക് സാന്ത്വനമായിരുന്നു.
മത്തായി മാഞ്ഞൂരാന്റെ ശിഷ്യനായിരുന്ന കെ.എം റോയി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമെന്ന് എം.കെ സാനു അടക്കമുള്ള അദ്ധ്യാപകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം പത്രപ്രവർത്തനത്തിൽ സജീവമാക്കുകയായിരുന്നു. രാഷ്ട്രീയ ബോധവും രാഷ്ട്രീയ നേതൃത്വവുമായുള്ള അടുത്ത ബന്ധവും കെ.എം റോയിയുടെ പത്രപ്രവർത്തനത്തെ മികവുറ്റതാക്കി. പക്ഷപാതിത്വമില്ലാത്ത നിർഭയമായ എഴുത്തിലൂടെയാണ് കെ.എം റോയി മാധ്യമ ചരിത്രത്തിൽ ഇടം നേടിയത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
മറുനാടന് മലയാളി ബ്യൂറോ