കൊച്ചി:സ്റ്റാർ ഇന്ത്യ (സൗത്ത്) മാനേജിങ് ഡയറക്റ്ററും ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡ് വൈസ് ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ കെ. മാധവനെ ധനം ബിസിനസ്മാൻ ഓഫ് ദി ഇയർ 2015 ആയി തെരഞ്ഞെടുത്തു.

ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റർ ജോയ് ആലുക്കാസാണ് ധനം എൻആർഐ ബിസിനസ്മാൻ ഓഫ് ദി ഇയർ 2015. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറി എക്‌സിക്യൂട്ടിവ് ഡയറക്റ്റർ പ്രസാദ് കെ. പണിക്കർ ധനം ബിസിനസ് പ്രൊഫഷണൽ ഓഫ് ദി ഇയർ 2015 അവാർഡിന് അർഹനായി.ധനം എൻട്രപ്രണർ ഓഫ് ദി ഇയർ 2015 അവാർഡിന് ഡെന്റ്‌കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റർ ജോൺ കുര്യാക്കോസിനെയുംധനം വുമൺ എൻട്രപ്രണർ ഓഫ് ദി ഇയർ 2015 പുരസ്‌കാരത്തിന് റെസിടെക് ഇലക്ട്രിക്കൽസ് മാനേജിങ് ഡയറക്റ്റർ ലേഖ ബാലചന്ദ്രനെയും തെരഞ്ഞെടുത്തു.

ജൂലൈ 23ന് കൊച്ചിയിലെ ലെ മെറിഡിയനിൽ അരങ്ങേറുന്ന പത്താമത് ധനം ബിസിനസ് സമിറ്റ് & അവാർഡ് നൈറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്മുഖ്യാതിഥിയാകും. ബ്രേക്ക് ത്രൂ ടു എക്‌സലൻസ്' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ചിട്ടുള്ള സമിറ്റിൽ കർണാടക മുൻ ചീഫ് സെക്രട്ടറിയും മുൻ മന്ത്രിയുമായ ഡോ. ജെ. അലക്‌സാണ്ടർ ഐ.എ.എസ്, ബാംഗ്ലൂരിലെ ഡോ. ഉഷീസ് വിസ്ഡം വർക്‌സിന്റെ ചീഫ് കോച്ചും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ പ്രൊഫ. ഡോ. ഉഷി മോഹൻദാസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാർട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാൽ സി. ഗോവിന്ദ് ചെയർമാനും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മാനേജിങ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഡോ. വി.എ ജോസഫ്, മുതിർന്ന പത്രപ്രവർത്തകനായ എം.കെ ദാസ്, മുൻ വർഷങ്ങളിലെ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്‌കാര ജേതാക്കളായ സി.ജെ ജോർജ്, വി.കെ മാത്യൂസ് എന്നിവർ അംഗങ്ങളുമായുള്ള വിദഗ്ധ ജൂറിയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്.