തിരുവനന്തപുരം: തിരുവനന്തപുരം: ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ (ഐബിഡിഎഫ്) പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു ചേർന്ന 22-ാമത് ജനറൽ ബോഡി യോഗത്തിലാണ് മലയാളികൂടിയായ മാധവനെ ഐബിഡിഎഫ് അധ്യക്ഷനായി തെരഞ്ഞെടുത്തത്.

ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റർമാരുടെയും ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെയും ഉന്നതസമിതിയാണ് ഐ.ബി.ഡി.എഫ്. 2019 മുതൽ സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ കൺട്രി മാനേജരായി സേവനമനുഷ്ഠിച്ച കെ മാധവനെ കഴിഞ്ഞ ഏപ്രിലിലാണ് ദി വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തത്. നേരത്തെ കമ്പനിയുടെ ടെലിവിഷൻ, സ്റ്റുഡിയോ വിഭാഗത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നു.

2019 ഡിസംബറിലാണ് ഡിസ്നിയുടെയും സ്റ്റാർ ഇന്ത്യയുടെയും പുതിയ കൺട്രി ഹെഡായി കെ മാധവനെ നിയമിതനായത് .വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ ടെലിവിഷൻ ബിസിനസ്സിന് കെ മാധവൻ മേൽനോട്ടം വഹിക്കുന്നു.

ഒരു ആഗോള മാധ്യമ സ്ഥാപനത്തിന്റെ ഇന്ത്യ നെറ്റ്‌വർക്കിന്റെ ഉന്നത പദവിയിൽ എത്തുന്ന ആദ്യ മലയാളി എന്ന റെക്കോർഡും കെ മാധവന്റെ പേരിലാണ്. സ്റ്റാർ പ്ലസ്, സ്റ്റാർ ജൽസ, സ്റ്റാർ ഭാരത്, ലൈഫ് ഓക്കേ, സ്റ്റാർ സ്പോർട്സ് തുടങ്ങി സ്റ്റാർ ഇന്ത്യയുടെ കീഴിലുള്ള നാഷണൽ ചാനലുകൾക്കൊപ്പം പ്രാദേശിക ഭാഷാ ചാനലുകളുടെ ചുമതലയും കെ മാധവനാണ്. പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിനെ ഇന്ത്യയിലെ തന്നെ മുൻനിര ചാനലാക്കുന്നതിനും, സ്റ്റാർ ഇന്ത്യയ്ക്ക് കീഴിലുള്ള പ്രാദേശിക ഭാഷാ ചാനലുകളുടെ വളർച്ചക്കും നേതൃത്വം നൽകി. ഏഷ്യാനെറ്റിനെ അമേരിക്ക, യൂറോപ്പ്, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനായതും കെ മാധവന്റെ ശ്രമഫലമായിട്ടാണ്. മിഡിൽ ഈസ്റ്റ് മലയാളികൾക്ക് വേണ്ടി ആദ്യമായി മിഡിൽ ഈസ്റ്റ് ചാനൽ തുടങ്ങിയതും കെ മാധവന്റെ ദീർഘവീക്ഷണ ഫലമായിരുന്നു.

നിലവിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമാണ് കെ മാധവൻ. റുപ്പർട്ട് മർഡോക്കിന് കീഴിലുള്ള ട്വന്റീത് സെഞ്ച്വറി ഫോക്്‌സിന്റെ ഭൂരിഭാഗം ഓഹരികളും രണ്ട് വർഷം മുമ്പാണ് വാൾട് ഡിസ്നി വാങ്ങിയത്. ജൂൺ 2018ലായിരുന്നു 5240 കോടിയുടെ ഏറ്റെടുക്കൽ. ഫോക്സ് സ്റ്റാറിന്റെ ഫിലിം സ്റ്റുഡിയോ, ടെലിവിഷൻ ബിസിനസ്, ജനപ്രിയ വിനോദ പരിപാടികൾ, നാഷനൽ ജിയോഗ്രഫിക്, സ്റ്റാർ ഇന്ത്യ, ഹോട്ട് സ്റ്റാർ, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, എന്നിവ നിലവിൽ ഡിസ്നിയുടെ ഉടമസ്ഥതയിലാണ്. സ്റ്റാർ ഇന്ത്യയുടെ കീഴിൽ ഇന്ത്യയിൽ എട്ട് ഭാഷകളിലായി ഏഷ്യാനെറ്റ്, സ്റ്റാർ വിജയ് ഉൾപ്പെടെ 69 ടിവി ചാനലുകൾ ഉണ്ട്.

സ്റ്റാർ ഇന്ത്യ കൂടാതെ, ഡിസ്നിയുടെ ഉടമസ്ഥതയിൽ വരുന്ന മറ്റ് ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ബിസിനസുകൾ ഇവയാണ്: നാഷണൽ ജിയോഗ്രഫിക് പാർട്ണർസ്, ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സ്, ഫോക്‌സ് സേർച്ച് ലൈറ്റ് പിക്‌ചേഴ്‌സ്, ഫോക്‌സ് 2000 പിക്‌ചേഴ്‌സ്, ഫോക്‌സ് ഫാമിലി, ഫോക്‌സ് അനിമേഷൻ, ടെലിവിഷൻ ക്രീയേറ്റീവ് യൂണിറ്റുകൾ, ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സ് ടെലിവിഷൻ, എഫ്എക്‌സ് പ്രൊഡക്ഷൻസ്, ഫോക്‌സ് 21, എഫ്എക്‌സ് നെറ്റ്‌വർക്‌സ്, ഫോക്‌സ് നെറ്റ്‌വർക്‌സ് ഗ്രൂപ്പ് ഇന്റർനാഷണൽ.

ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്ത് പുതിയ ചരിത്രങ്ങൾ കുറിച്ച വ്യക്തിയാണ് കെ മാധവൻ. ഫെഡറൽ ബാങ്കിൽ പ്രബേഷണറി ഓഫീസറായി 1982ൽ കരിയർ ആരംഭിച്ച വ്യക്തിയാണ്. ശങ്കരൻ നമ്പ്യാരുടെയും സത്യഭാമയുടെയും മകനായ മാധവൻ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഫെഡറൽ ബാങ്കിലെത്തിയത്. ആദ്യ നിയമനം ഷില്ലോംഗിലായിരുന്നു. അവിടെ ജോലി ചെയ്തതിന്റെ പേരിൽ പിന്നീടുള്ള നിയമനം ബാങ്ക് ജന്മനാടായ വടകരയിൽ തന്നെ നൽകിയിരുന്നു. അവിടെ നിന്നും മുംബൈയിലേക്ക് സ്ഥലംമാറ്റത്തിന് സ്വയം ആവശ്യപ്പെട്ടു കൊണ്ടാണ് അദ്ദേഹം തന്നിലെ ബിസിനസുകാരനെ വളർത്തിയത്.

മുംബൈ നഗരം മാധവനിലെ പ്രൊഫഷണലിനെ തേച്ചുമിനുക്കി. അവിടത്തെ ട്രെയ്ൻ യാത്ര പോലും ഏറ്റവും മികച്ച ജീവിത, പ്രൊഫഷണൽ പാഠങ്ങളാണെന്ന് വിലയിരുത്തുന്ന മാധവൻ കണ്ടുമുട്ടിയ ഭിക്ഷക്കാരനിൽ നിന്നു പോലും ഗ്രഹിച്ചതും അറിഞ്ഞതും മികവിന്റെ പുതിയ തലങ്ങളായിരുന്നു. പിന്നീട് ഫെഡെക്‌സ് സെക്യൂരിറ്റീസ് എന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് വിഭാഗത്തിലേക്ക് ചേക്കേറിയ ഇദ്ദേഹം അവിടെ നിന്നാണ് 2000ത്തിൽ പൂർണമായും ഏഷ്യാനെറ്റിലേക്ക് എത്തുന്നത്.

പ്രാരംഭനാളുകളിൽ ഏഷ്യാനെറ്റിന്റെ പുളിയറക്കോണത്തെ സ്റ്റുഡിയോയിൽ തന്നെയായിരുന്നു താമസം. എവിടെ പോയാലും എന്തുകണ്ടാലും അതെങ്ങനെ ജനങ്ങളെ ആകർഷിക്കുന്ന വിധത്തിൽ ഏഷ്യാനെറ്റിലൂടെ കൊണ്ടുവരാം എന്നതായിരുന്നു ചിന്ത. പൊതുവേ പത്രങ്ങളുടെ സ്വാധീനവലയത്തിൽ പെട്ടുകിടക്കുന്ന അന്നത്തെ പരസ്യദാതാക്കളെ ദൃശ്യമാധ്യമത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഏറെ പണിപ്പെട്ടിരുന്നു മാധവനും ഏഷ്യാനെറ്റും. വലിയ കാൻവാസിൽ ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള മലയാളികളെ അത്ഭുതപ്പെടുത്തുന്ന പ്രോഗ്രാമുകൾ സ്വന്തം വീട്ടകത്തെ ടെലിവിഷൻ സ്‌ക്രീനിലേക്ക് എത്തിച്ചു. കണ്ടന്റിന്റെ ഗുണമേന്മയിൽ ഒരുതരത്തിലും വിട്ടു വീഴ്ച ചെയ്യാതെ, എപ്പിസോഡിന് ലക്ഷങ്ങൾ ചെലവാകുന്നവയായിരുന്നു പല പ്രോഗ്രാമുകളും.

ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ കടുത്ത ആരാധകനാണ് മാധവൻ. ഉള്ളടക്കത്തിലെ പുതുമയും അതിന്റെ ഗുണമേന്മയും, ഏറ്റവും പുതിയ സാങ്കേതിക വിദ്യ, അനുദിനം മികവ് കൂട്ടുന്ന ശൈലി ഇവയ്‌ക്കൊപ്പം പ്രവർത്തന സ്വാതന്ത്ര്യം നൽകി മികച്ച പ്രതിഭകളെ കൂടെ നിർത്താനും മാധവൻ ശ്രമിച്ചപ്പോൾ ഏഷ്യാനെറ്റ് ജനപ്രീതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. ഇതിനിടെ വളർച്ചയ്ക്കായുള്ള വഴികൾ തിരയാതിരുന്നില്ല അദ്ദേഹം. സ്റ്റാർ ഗ്രൂപ്പുമായുള്ള പങ്കാളിത്തവും ഏറ്റെടുക്കലും അങ്ങനെയാണ് സംഭവിച്ചത്. ഏഷ്യാനെറ്റിന്റെ എൻർടെയ്ന്മെന്റ് ചാനലുകളെല്ലാം സ്റ്റാറിന്റെ കുടക്കീഴിൽ എത്തിയതോടെ ഗ്രൂപ്പ് വളർച്ചയുടെ പുതിയ പടവുകൾ കയറി. മാധവൻ സ്റ്റാർ സൗത്ത് ഇന്ത്യയുടെ സാരഥ്യത്തിലേക്കും കൂടി ഉയരുകയായിരുന്നു.

രണ്ടാം തവണയും ഐബിഡിഎഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ മാധവൻ സന്തോഷം അറിയിച്ചു.'ഐബിഡിഎഫ് അംഗങ്ങൾക്ക് എന്നോടുള്ള വിശ്വാസ്യതയിൽ ഞാൻ വിനീതനാണ്. രാജ്യത്തെ ഡിജിറ്റൽ മീഡിയയുടെയും ബ്രോഡ്കാസ്റ്റ് മീഡിയയുടെയും വളർച്ചക്ക് വേണ്ടി സർക്കാരിനും, മറ്റ് വ്യവസായ പങ്കാളികൾക്കുമൊപ്പവും തുടർന്ന് പ്രവർത്തിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നും മാധവൻ പ്രതികരിച്ചു.

ഇന്ത്യ ടിവി ചെയർമാൻ രജത്ത് ശർമ്മ, നെറ്റ് വർക്ക് 18 എംഡി രാഹുൽ ജോഷി, പ്രസാർ ഭാരതി സിഇഓ ശശി വേംപട്ടി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. പുനിത് മിശ്രയാണ് ട്രെഷറർ.