തിരുവനന്തപുരം: നേമത്ത് സ്ഥാനാർത്ഥിയായി കോൺഗ്രസ് ഹൈക്കമാണ്ട് പരിഗണിക്കുന്നത് പ്രമുഖരെ തന്നെ. ഉമ്മൻ ചാണ്ടിയുടേയും കെ മുരളീധരന്റേയും പേരുകൾക്കാണ് പ്രഥമ പരിഗണന. എന്നാൽ നേമത്ത് മത്സരത്തിന് ഉമ്മൻ ചാണ്ടി സമ്മതം അറിയിച്ചാൽ മാത്രമേ ഹൈക്കമാണ്ട് നിർബന്ധിക്കൂ. വടകര എംപിയായ മുരളീധരന് മാനദണ്ഡങ്ങൾ മാറ്റി മത്സരത്തിന് അനുമതി നൽകേണ്ടി വരും. എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്നതാണ് ഹൈക്കമാണ്ടിന്റെ ആദ്യ തീരുമാനം. എന്നാൽ നേമം പിടിക്കാൻ മുരളിയിലൂടെ കഴിയുമെന്നാണ് ഹൈക്കമാണ്ടിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മുരളീധരനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് ശ്രമം.

വട്ടിയൂർക്കാവിലെ എംഎൽഎയായിരുന്നു മുരളീധരൻ. വടകരയിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ചർച്ചകളാണ് മുരളീധരനെ എംപിയാക്കിയത്. വടകരയിൽ മത്സരിക്കാൻ കെപിസിസി അധ്യക്ഷൻ തയ്യറാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് ഈ നീക്കം രാഷ്ട്രീയമായി ദോഷമുണ്ടാക്കിയെന്ന് മുരളീധരന് തോന്നലുണ്ടായി. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സ്വന്തമാകുകയും ചെയ്തു. ഇതിൽ മുരളിക്ക് വേദനയും അമർഷവുമുണ്ട്. എങ്കിലും ലോക്‌സഭയിലെ നേമം ചലഞ്ചും മുരളി ഏറ്റെടുക്കുമെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പ്രതീക്ഷ.

നേമത്ത് ബിജെപി വിരുദ്ധൻ ജയിക്കുമെന്നാണ് ഹൈക്കമാണ്ട് സർവ്വേയിലുള്ളത്. നേമത്ത് ബിജെപിക്കായി കുമ്മനം രാജശേഖരനാകും മത്സരിക്കുക. സിപിഎം മുൻ എംഎൽഎ ശിവൻകുട്ടിയേയും സ്ഥാനാർത്ഥിയാക്കും. കുമ്മനത്തിനെതിരെ ശിവൻ കുട്ടിയേക്കാൾ മികച്ച സ്ഥാനാർത്ഥിയെ കോൺഗ്രസിന് നിർത്താനായാൽ ജയിക്കാമെന്നാണ് ഹൈക്കമാണ്ട് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നേമത്ത് ഉമ്മൻ ചാണ്ടിയേയും കെ മുരളീധരനേയും പരിഗണിക്കുന്നത്. വിഷ്ണുനാഥ് പോലുള്ളവരുടെ പേരും ചർച്ചയിലുണ്ട്. അതിശക്തനായ സ്ഥാനാർത്ഥി നേമത്ത് മത്സരിച്ചാൽ അതിന്റെ ഗുണം കേരളത്തിൽ ഉടനീളം കോൺഗ്രസിനുണ്ടാകുമെന്നാണ് വിലയിരുത്തൽ. നാളെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം വരും. ഈ പട്ടികയിൽ തന്നെ നേമത്തെ ചർച്ചകൾ അവസാനിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പടിസ്ഥാനത്തിൽ സീറ്റുകൾ വീതം വയ്ക്കരുതെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ ആവശ്യപ്പെട്ടിരുന്നു നല്ല സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ മാത്രമേ ജനം അംഗീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോൾ ഏറ്റവും അത്യാവശ്യമായി വേണ്ടത് സ്ഥാനാർത്ഥി നിർണയമാണ്, അവിടെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. പഴയതുപോലെ വീതംവയ്‌പ്പൊന്നും ശരിയാകില്ല. ഒരു സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ ആ സ്ഥാനാർത്ഥിക്ക് നിയോജക മണ്ഡലത്തിൽ വേരോട്ടമുണ്ടാകണം' മുരളീധരൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ നേമത്ത് മത്സരിക്കണമെന്ന നിർദ്ദേശം മുരളീധരന് മുമ്പിൽ വയ്ക്കാനാണ് ആലോചന. ഇത് മുരളി അംഗീകരിച്ചാൽ നേമത്ത് അദ്ദേഹം സ്ഥാനാർത്ഥിയാകും. അല്ലാത്ത പക്ഷം ഉമ്മൻ ചാണ്ടിയെ പോലുള്ളവർക്ക് മേൽ സമ്മർദ്ദം കൂടും.

കേരളത്തിൽ അധികാരം പിടിക്കുകയാണ് ലക്ഷ്യം വടകരയിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ അത് അപ്പോൾ നോക്കാം-ഇതാണ് മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. അതിശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ നേമത്ത് ബഹുദൂരം പിന്നിൽ പോകുമെന്നാണ് എഐസിസി സർവ്വേ വ്യക്തമാക്കുന്നതെന്നാണ് സൂചന. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുകയെന്നത് മാത്രമാണ് എഐസിസി സർവ്വേയിലെ അനുകൂല ഭാഗമായി കോൺഗ്രസ് കാണുന്നത്. എന്നാൽ ബിജെപി വിരുദ്ധ വോട്ടുകൾ സിപിഎമ്മിലേക്ക് പോയാൽ വൻ പരാജയം കോൺഗ്രസിനുണ്ടാകും. ഇതിനെ ചെറുത്ത് വിജയം നേടാൻ അതിശക്തമായ തന്ത്രം വേണ്ടി വരുമെന്നാണ് സർവ്വേ നൽകുന്ന സൂചന.

നേമം പോലെ പ്രധാനമാണ് വട്ടിയൂർക്കാവ്. ഇവിടേക്കും കരുത്തനെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. അതിനിടെ ഐഐസിസി നിരീക്ഷകനായി കേരളത്തിലുള്ള ദേശീയ നേതാവിന്റെ ശപഥം ചെയ്യലും കോൺഗ്രസുകാർക്കിടയിൽ ചർച്ചയാണ്. എന്തുവന്നാലും നേമം നേടണമെന്ന സന്ദേശമാണ് എഐസിസി സെക്രട്ടറി കൂടിയായ തമിഴ് നാട്ടുകാരനായ പി വിശ്വനാഥ് മുമ്പോട്ട് വയ്ക്കുന്നത്. അണികളിൽ ആവേശം വിതറാൻ ഒരു പ്രഖ്യാപനവും പ്രാദേശിക യോഗങ്ങളിൽ ഇദ്ദേഹം നൽകുന്നുണ്ട്. നേമത്ത് കോൺഗ്രസ് ജയിച്ചാൽ തന്റെ മകളുടെ കുട്ടിക്ക് നേമം എന്ന് പേരു നൽകുമെന്നാണ് വിശ്വനാഥന്റെ പ്രഖ്യാപനം. നേമത്തെ കോൺഗ്രസ് ഹൈക്കമാണ്ട് ഏറെ പ്രതീക്ഷയോടെ കാണുന്നുവെന്ന സന്ദേശം നൽകാനാണ് ഇത്. എങ്ങനേയും നേമം ജയിക്കാനാണ് പദ്ധതി.

നേമത്തും എഐസിസി സർവ്വേ നടത്തിയിരുന്നു. ഇതിൽ മുരളീധരൻ ഉൾപ്പെട്ടിരുന്നില്ല. ഈ സർവ്വേയുടെ കണ്ടെത്തൽ അതിനിർണ്ണായകമാണ്. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുക. ബിജെപി വിരുദ്ധ വോട്ടർമാർ ഇതിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. നിലവിൽ ഇതിന്റെ ആനുകൂല്യം കിട്ടുക സിപിഎം സ്ഥാനാർത്ഥി ശിവൻകുട്ടിയാകും. ജയിക്കാൻ സാധ്യതയുള്ള ബിജെപി വിരുദ്ധൻ എന്ന പ്രതിച്ഛായയിൽ ശിവൻകുട്ടി ജയിക്കാനാണ് നിലവിലെ സാധ്യതയെന്നും കോൺഗ്രസ് സർവ്വേയിൽ തെളിയുന്നു. എന്നാൽ അതിശക്തനായ സ്ഥാനാർത്ഥിയെ കോൺഗ്രസ് അവതരിപ്പിച്ചാൽ ഈ മുൻതൂക്കം നഷ്ടമാകും. ഇതോടെ ശിവൻകുട്ടിക്ക് കിട്ടുന്ന മുഴുവൻ വോട്ടും കോൺഗ്രസിലേക്ക് വരും. അതിനാൽ സ്ഥാനാർത്ഥി നിർണ്ണയം പാളരുതെന്ന സന്ദേശമാണ് എഐസിസി നൽകുന്നത്.

ഇതെല്ലാം മനസിൽ വച്ച് അതിശക്തനെ നേമത്ത് കോൺഗ്രസും മത്സരിപ്പിക്കും. നോമിനേഷൻ കൊടുക്കുന്നതിന് തൊട്ടു മുമ്പ് മാത്രമേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ. എല്ലാവരുമായി ആലോചിച്ചാകും തീരുമാനം. ശിവൻകുട്ടിയെ കടത്തി വെട്ടാൻ കഴിയുന്ന സ്ഥാനാർത്ഥി തന്നെ നേമത്ത് വരുമെന്നാണ് കോൺഗ്രസ് പറയുന്നത്. അങ്ങനെ എങ്കിൽ മുരളീധരനും ഉമ്മൻ ചാണ്ടിക്കുമാകും സാധ്യത എന്നാണ് വിലയിരുത്തൽ.