തിരുവനന്തപുരം: നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് പുതുമാനം. നേമത്തെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും പാർട്ടി പറഞ്ഞാൽ വെല്ലുവിളി ഏറ്റെടുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. ഇതിന് ഉപാധി വച്ചുവെന്ന പറയുന്നത് ശുദ്ധ അസംബന്ധമാണ്. അങ്ങനെ അല്ല കരുണാകരൻ മക്കളെ വളർത്തിയതെന്നും മുരളീധരൻ പറഞ്ഞു. ഇതോടെ മുരളീധരൻ നേമത്ത് സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ശക്തമാകുകയാണ്. ഇക്കാര്യത്തിൽ ഹൈക്കമാണ്ട് ഉടൻ തീരുമാനം എടുക്കും.

പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയോടും ഹരിപ്പാട്ടുകാർക്ക് രമേശ് ചെന്നിത്തലയോടും പ്രത്യേക സ്‌നേഹം ഉണ്ടായിരുന്നു. കരുണാകരനോട് മാളക്കാർക്കും. അത്തരം നേതാക്കളല്ലാതെ ആർക്കും അവിടെ ജയിക്കാൻ കഴിയില്ല. നേമം സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു കഴിഞ്ഞു. അപ്പോൾ തന്നെ ജയം ഉറപ്പായി. പിന്നീട് നടന്നതെല്ലാം അപ്രസക്തമായ ചർച്ചകളാണ്. നേമത്ത് ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴക്കുന്നതിന് പിന്നിൽ തൽപ്പര്യ കക്ഷികളാണ്. വിവാദമുണ്ടായതു കൊണ്ട് നേമത്ത് ഇനി ശക്തനായ സ്ഥാനാർത്ഥിയെ തന്നെ വേണമെന്നും മുരളീധരൻ വ്യക്തമാക്കി. തീരുമാനം ഉടൻ ഹൈക്കമാണ്ട് എടുക്കുമെന്ന പ്രതീക്ഷയും മുരളീധരൻ വ്യക്തമാക്കി.

നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുക എകെ ആന്റണിയാകും. രാഹുൽ ഗാന്ധിയും ആന്റണിയും തമ്മിൽ ചർച്ച നടത്തി തീരുമാനം എടുക്കും. കെ മുരളീധരനും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പരിഗണനാ പട്ടികയിൽ ഉണ്ട്. ഇതിനൊപ്പം നടൻ ജഗദീഷിന്റെ പേരും സജീവമായി പരിഗണിക്കുന്നു. മേജർ രവിയേയും ചർച്ചകളിൽ നിർത്തുന്നു. എന്നാൽ ജഗദീഷും മേജർ രവിയും നേമത്തെ വെല്ലുവിളി ഏറ്റെടുക്കാൻ പോന്ന സ്ഥാനാർത്ഥികൾ അല്ലെന്ന പൊതുവികാരം ഉണ്ട്. ഏതായാലും ആന്റണിയുടെ നിലപാടാകും നേമം ചലഞ്ചിൽ നിർണ്ണായകമാകുക. ഇത് ഏറ്റെടുക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയാണ് മുരളീധരൻ.

എംപിമാർക്ക് മത്സര ഇളവ് കൊടുക്കേണ്ടതില്ലെന്നാണ് പൊതുവിലെ തീരുമാനം. എന്നാൽ നേമത്തെ പ്രത്യേക സാഹചര്യത്തിൽ കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്ന അഭിപ്രായം ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുണ്ട്. ഇക്കാര്യത്തിൽ ആന്റണി അനുകൂലമായ നിലപാട് എടുത്താൽ മുരളീധരന് ഇളവു കൊടുക്കും. എന്തു വെല്ലുവിളിയും ഏറ്റെടുക്കാമെന്ന് മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്. വിലപേശലുകൾക്ക് ശ്രമിക്കാതെയുള്ള മത്സര സന്നദ്ധത മുരളീധരൻ നടത്തിയെന്നാണ് സൂചന. ബിജെപിയുടെ സ്ഥാനാർത്ഥിയിൽ അന്തിമ തീരുമാനം വരാൻ വേണ്ടിയാണ് കാത്തിരിപ്പ് എന്നാണ് സൂചന.

മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും. എന്നാൽ ആൻണിയും രാഹുൽ തമ്മിൽ നടത്തുന്ന ചർച്ചയാകും അതിനിർണ്ണായകം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്ത് മത്സരിക്കില്ലെന്ന സൂചനയാണ് നിലവിൽ അണികൾക്ക് നൽകുന്നത്. ഉമ്മൻ ചാണ്ടി ഡൽഹിയിൽ നിന്ന് നേരെ എത്തുന്നത് പുതുപ്പള്ളിയിലുമാണ്. ഇവിടെ ഗ്രൂപ്പ് നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്. നേമത്ത് താൻ മത്സരിക്കില്ലെന്ന് തന്നെയാണ് ഉമ്മൻ ചാണ്ടി ഇപ്പോഴും പറയുന്നത്. രമേശ് ചെന്നിത്തലയും ഹരിപ്പാട് വിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകരുതെന്ന് കെ. മുരളീധരൻ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. നേമത്ത് കോൺഗ്രസിന് ജയിക്കാൻ കഴിയുന്ന സാഹചര്യമാണ് ഉള്ളത്. പാർട്ടി എവിടെ ആവശ്യപ്പെട്ടാലും മത്സരിക്കാൻ തയാറാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ നേമത്ത് മുരളീധരൻ തന്നെ മത്സരിക്കുമെന്ന സൂചനയാണ് സജീവമാകുന്നത്. നേമത്തേക്ക് പ്രമുഖന്മാർ വരാതെ തന്നെ യുഡിഎഫിന് ജയിക്കാൻ സാധിക്കും. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങൾ നീണ്ടുപോയി ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുതെന്നാണ് നേതാക്കളോട് തനിക്ക് അഭ്യർത്ഥിക്കാനുള്ളതെന്നും മുരളീധരൻ വ്യക്തമാക്കി.

'നേമത്ത് എന്നോട് മത്സരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എനിക്ക് ബിജെപിയെ നേരിടാൻ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാൻ എന്നും കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കും.' -മുരളി പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത്. അത് 100 ശതമാനം അനുസരിക്കും. സ്ഥാനാർത്ഥിയുടെ തൂക്കം നോക്കിയല്ല ശക്തനാണോ ദുർബലനാണോ എന്ന് നിശ്ചയിക്കുന്നത്.

എന്താണോ രാഹുൽ ഗാന്ധിയും നേതൃത്വവും പറയുന്നത് അത് 101 ശതമാനം അനുസരിക്കും. കരുണാകരനും കരുണാകരന്റെ മകനും സ്ഥാനാർത്ഥി ആവാൻ ഇതുവരെ പ്രതിഫലം ചോദിച്ചിട്ടില്ല. നേമത്ത് അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല. കൈപ്പത്തി ചിഹ്നത്തിൽ ആര് മത്സരിച്ചാലും ജയിക്കും. അത് കോൺഗ്രസ് മണ്ഡലമാണ്. കഴിഞ്ഞ തവണ സീറ്റ് പോയത് ചില പ്രത്യേക ആളുകൾക്ക് സീറ്റ് കൊടുത്തതുകൊണ്ടാണ്. പുലി വേണമെങ്കിൽ മണ്ഡലത്തിൽ പുലി തന്നെ ഇറങ്ങുമെന്നും മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു.