- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടതിന്റെ ഉരുക്ക് കോട്ടയെന്ന് കോടിയേരി; ബിജെപിയുടെ കേരളത്തിലെ 'ഗുജറാത്ത്' എന്ന് കുമ്മനവും; ആദ്യം സമ്മതം മൂളിയ ഉമ്മൻ ചാണ്ടി അവസാനം ഭയന്നു വിറച്ചു; ചാനലിൽ എത്തി ധൈര്യ സമേതം ചലഞ്ചിന് തയ്യാറെന്ന് പറഞ്ഞ വടകര എംപി; ജയരാജനെ മലർത്തിയടിച്ച കരുത്തന് തുണയായത് ആന്റണി; നേമത്തുകൊമ്പനാനയുടെ തലയെടുപ്പുമായി മുരളീധരൻ; മാസ് എൻട്രി സാധ്യമായത് എകെ ഇഫക്ട്
ന്യൂഡൽഹി: കെ മുരളീധരന്റെ രാഷ്ട്രീയ പ്രവേശനം എകെ ആന്റണിയുടെ ഇടപെടലിന്റെ ഫലമായിരുന്നു. കോഴിക്കോട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുരളീധരനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് ആന്റണിയായിരുന്നു. അന്ന കോൺഗ്രസിന്റെ എല്ലാമെല്ലാമായിരുന്ന കെ കരുണാകരൻ എന്ന ലീഡർ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയ്ക്കിടെ പുറത്തേക്ക് പോയി. പ്രാഥമികാവശ്യ നിവർത്തിക്കായി കരുണാകരൻ പോയപ്പോൾ ആന്റണി കെ മുരളീധരന്റെ പേര് മുമ്പോട്ടു വച്ചു. അങ്ങനെ മുരളി കോഴിക്കോട്ടെ എംപിയായി. പിന്നെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു. ഇപ്പോൾ നേമത്ത് മറ്റൊരു വെല്ലുവളി മുരളീധരൻ ഏറ്റെടുക്കുന്നു. ഇവിടേയും നിർണ്ണായകമായത് എകെ ആന്റണിയുടെ മനസ്സാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് ലോക്‌സഭാ എംപിയായ മുരളി മത്സരിക്കുന്നതിൽ താൽപ്പര്യക്കുറവുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനമാണ് മുരളി നേമത്ത് സ്ഥാനാർത്ഥിയാകാൻ പകരം ചോദിച്ചതെന്ന് പോലും വാദമെത്തി. ഇതോടെ മുരളിക്ക് നേമത്തെ സാധ്യത മങ്ങി. ഇതിനിടെ ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദമായി. നേമത്ത് ബിജെപിയെ തോൽപിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്ന് ഡൽഹിയിൽ അറിയിച്ച ശേഷം പുതുപ്പള്ളിയിലെത്തിയ ഉമ്മൻ ചാണ്ടി പ്രവർത്തകരുടെയും വീട്ടുകാരുടെയും വൈകാരികമായ പ്രതികരണത്തെത്തുടർന്ന് മനസ്സു മാറ്റി. ഇതോടെ നേമത്തേക്ക് ആരുമില്ലാതെയായി.
നേമത്ത് മത്സരിക്കാനുള്ള സന്നദ്ധത ഏതാനും മാസങ്ങൾ മുൻപ് തന്നെ ഉമ്മൻ ചാണ്ടി സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. ബിജെപിയെ അവരുടെ മടയിൽ പോയി നേരിടാൻ തയാറാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ സാഹചര്യത്തിലാണ് നേമത്തേക്ക് മുരളിയുടെ പേര് പരിഗണിക്കാത്തതും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി, നേമം വെല്ലുവിളി ഏറ്റെടുക്കാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ സ്വയം അറിയിച്ചു. പക്ഷേ അവസാന നിമിഷം ചാണ്ടിക്ക് പേടിയായി. പതിയെ പിന്മാറി. ഇതിനിടെ തന്നെ നേമത്തെ ശക്തൻ ചർച്ചയായിരുന്നു. അതുവരെ മൗനം പാലിച്ച മുരളീധരൻ പിന്നെ പ്രത്യക്ഷത്തിൽ നിലപാട് പറഞ്ഞു.
നേമത്ത് സ്ഥാനാർത്ഥിയാകാൻ തനിക്കു മടിയില്ലെന്ന് മുരളീധരൻ ചാനലുകളോടു പ്രതികരിച്ചു. എങ്കിൽ എന്തുകൊണ്ട് മുരളി ആയിക്കൂടാ എന്ന ചിന്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മുല്ലപ്പള്ളി പങ്കുവച്ചു. ആന്റണിയും ടിവിയിലെ അഭിമുഖം കണ്ടു. സ്ഥാനാർത്ഥിയാകാൻ തനിക്ക് ഒന്നും വേണ്ടെന്നും കരുണാകരൻ മക്കൾ അതിന് പഠിച്ചിട്ടില്ലെന്നും ചേർത്തു പറഞ്ഞു. ഇതോടെ ആന്റണി നേമത്തെ സ്ഥാനാർത്ഥിയെ ഉറപ്പിച്ചു. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ടു. നേമത്ത് മുരളിയാണ് നല്ലതെന്ന നിലപാടും അറിയിച്ചു. ഇതിന് ശേഷം മുരളിയുമായി ഫോണിൽ ബന്ധപ്പെട്ട എ.കെ. ആന്റണി അദ്ദേഹത്തിന്റെ മനസ്സറിഞ്ഞു.
മത്സരത്തിനു തയാറാണെന്നു മുരളി അറിയിച്ചതോടെ, ഡൽഹിയിലെ ചർച്ചകൾ ആ വഴിക്കു നീങ്ങി. കേരളത്തിലുള്ള ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ഫോണിൽ ബന്ധപ്പെട്ട മുല്ലപ്പള്ളി നേമത്ത് മുരളിയെ രംഗത്തിറക്കുന്ന കാര്യം ചർച്ച ചെയ്തു. ഇരുവരും സമ്മതം മൂളി. ഡൽഹിയിൽ വേണുഗോപാലിന്റെ ഫ്‌ളാറ്റിലേക്ക് ശനിയാഴ്ച രാത്രിയോടെ മുല്ലപ്പള്ളി എത്തി. പുലരുവോളം നീണ്ട ചർച്ചയിൽ മുരളിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. ആന്റണിയുടെ മനസ്സ് മുരളിക്ക് അനുകൂലമായതു കൊണ്ട് കെസിക്കും പിന്നെ എതിർക്കാനായില്ല. അതോടെ നേമത്ത് മുരളീധരൻ സ്ഥാനാർത്ഥിയായി.
ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഹിന്ദു, ന്യൂനപക്ഷ വോട്ടുകൾ പിടിക്കാനുള്ള പ്രതിച്ഛായ മുരളിക്കുണ്ടെന്നു നേതൃത്വം വിലയിരുത്തി. മുരളിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഡൽഹി കേരളാ ഹൗസിലെത്തിയ മുരളിയെ മധുരം നൽകിയാണു മുല്ലപ്പള്ളി സ്വീകരിച്ചത്. അങ്ങനെ നേമ ചലഞ്ച് മുരളിയുടെ തോളിലായി. കേരളത്തിൽ കോൺഗ്രസിന്റെ സ്റ്റാർ കാമ്പൈനറും. എംപിമാർ മത്സരിക്കേണ്ട എന്ന കടുത്ത തീരുമാനത്തിലായിരുന്നു ഹൈക്കമാൻഡ്.തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങൾക്കും കൂടി ബാധകമായ ആ നിബന്ധനയിലാണു മുരളിക്കു വേണ്ടി ഹൈക്കമാൻഡ് ഇളവു വരുത്തിയത്.
ഒരിക്കൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ചതിന്റെ പേരിൽ പാർട്ടി തന്നെ വിട്ടുപോകേണ്ടി വന്ന മുരളിയുടെ തിരിച്ചുവരവിലെ പ്രധാന ഏടായി തന്നെ ഇതോടെ നേമം മാറുകയാണ്. കോൺഗ്രസിൽ തിരിച്ചെടുത്ത ശേഷം 2011ൽ വട്ടിയൂർക്കാവ് പിടിച്ചെടുക്കാൻ നിയോഗിക്കപ്പെട്ട മുരളി അന്നും 2016ലും ആ മണ്ഡലത്തിൽ ത്രിവർണക്കൊടി പാറിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിവായതോടെ വടകര നിലനിർത്താൻ ആര് എന്ന ചോദ്യം ഉയർന്നു. ഈ വെല്ലുവളിയും മുരളീധരൻ ഏറ്റെടുത്തു. പി.ജയരാജനെ മലർത്തിയടിച്ച് മുരളി ലോക്‌സഭയിൽ എത്തി. ഈ പോരാട്ട മികവ് നേമത്തും വിജയമൊരുക്കുമെന്ന് കോൺഗ്രസ് കരുതുന്നു.
ഇടതിന്റെ ഉരുക്കുകോട്ടയെന്ന് കോടിയേരി ബാലകൃഷ്ണനും ബിജെപിയുടെ കേരളത്തിലെ 'ഗുജറാത്ത്'എന്നു കുമ്മനം രാജശേഖരനും അവകാശപ്പെടുന്ന നേമത്തുകൊമ്പനാനയുടെ തലയെടുപ്പോടെ കെ.മുരളീധരൻ കടന്നു വരുന്നു.
മറുനാടന് മലയാളി ബ്യൂറോ