- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജിസ്റ്റർ മാരീജിന് ശേഷം മകന്റെ ഭാര്യയെ മകളെന്ന് പറഞ്ഞ് അവതരിപ്പിച്ചത് സ്നേഹത്തിനൊപ്പം പ്രാർത്ഥനയും ഇവർക്ക് വേണമെന്ന് ആവശ്യപ്പെട്ട്; രജിസ്ട്രാർ ഓഫീസിലെ വിവാഹത്തിന് എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം; ലീഡറിന്റെ മകൻ ചിന്തൻ ശിബർ ബഹിഷ്കരിച്ചതല്ല; ഒന്നും ആരോടും പറയാതെ മകനേയും മകളേയും ചേർത്ത് നിർത്തി കെ മുരളീധരൻ വ്യത്യസ്തനാകുമ്പോൾ
കോഴിക്കോട്: തീർത്തും വ്യക്തിപരമായ കാരണങ്ങളാലായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ.മുരളീധരന്റെ മകൻ ശബരിനാഥിന്റെ വിവാഹം ബന്ധുക്കളിൽ മാത്രം ഒതുക്കിയത്. കോഴിക്കോട് നടക്കുന്ന ചിന്തൻ ശിബർ മുരളീധരൻ ബഹിഷ്‌കരിച്ചുവെന്ന് പോലും വാർത്ത എത്തി. അപ്പോഴും അച്ഛന്റെ കടമ നിർവ്വഹിക്കുകയായിരുന്നു മുരളീധരൻ.
ഉയരങ്ങളിലേക്ക് കുതിക്കാൻ ആഗ്രഹിക്കുന്ന പല നേതാക്കളും രാഷ്ട്രീയ മൈലേജിന് വേണ്ടി പൊതു സമൂഹത്തിൽ ചർച്ചയാക്കുന്ന പലതും പൊതു സമൂഹത്തിൽ മുരളീധരൻ ചർച്ചയാക്കിയില്ലെന്നതാണ് വസ്തുത. രാഷ്ട്രീയ എതിരാളികളെ വിമർശിച്ച് മുന്നേറുന്ന നേതാവിന്റെ മറ്റൊരു സമാനതകളില്ലാത്ത ഇടപെടലായിരുന്നു മകന്റെ വിവാഹം. ഒന്നും ആരേയും അറിയിക്കാത്തതു കൊണ്ടാണ് മുരളീധരന്റെ രണ്ടാമത്തെ മകന്റെ വിവാഹം ഫെയ്‌സ് ബുക്കിലൂടെ അറിയുമ്പോൾ മലയാളി കൗതുകത്തിലായത്. ചിരിച്ച മുഖത്തോടെ എല്ലാ വെല്ലുവിളിയും അകലുമെന്ന പ്രതീക്ഷയിലാണ് രണ്ടാമത്തെ മകന്റെ വിവാഹം മുരളീധരൻ നടത്തുന്നത്.
സോണിയയാണ് വധു. രാവിലെ കോഴിക്കോട് രജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായാണ് വിവാഹം നടന്നത്. വിവാഹം ലളിതമായിരുന്നെന്നും ആരെയും വിളിക്കാത്തത് അതിനാലാണെന്നും കെ.മുരളീധരൻ പറഞ്ഞു. വിവാഹം ആഘോഷമായി നടത്തുന്ന രാഷ്ട്രീയ നേതാക്കളിൽനിന്നും വ്യത്യസ്ത ശൈലിയാണ് മകന്റെ വിവാഹ കാര്യത്തിൽ കെ. മുരളീധരൻ സ്വീകരിച്ചത്. ഇതിന് മക്കളുടെയും പൂർണ പിന്തുണയുണ്ടായിരുന്നു. ചില ആരോഗ്യപ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം.
കോഴിക്കോട്ട് കോൺഗ്രസിന്റെ ചിന്തൻശിബിർ ആരംഭിച്ച അതേ സമയത്തായിരുന്നു മകന്റെ വിവാഹം നടന്നത്. കോൺഗ്രസിന്റെ മുഴുവൻ നേതാക്കളും കോഴിക്കോടുണ്ടായിരുന്നു. ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചില്ലെന്നതും ശ്രദ്ധേയമായി. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്‌ബുക് കുറിപ്പിൽ കുറിച്ചു. കൂടുതലൊന്നും മുരളീധരൻ പുറത്തു പറയുന്നുമില്ല. ഇവിടെയാണ് കേരളത്തിലെ സമാനതകളില്ലാത്ത നേതാവായി കരുണാകരന്റെ മകൻ മാറുന്നത്.
മുരളീധരന്റെ മകന്റെ വിവാഹ പോസ്റ്റ് മലയാളികൾക്കിടയിൽ കൗതുകമായി മാറി. എന്തുകൊണ്ടാണ് ഇങ്ങനെ നടത്തിയതെന്ന ചർച്ച ഉയർന്നു. തുടർന്ന് കോൺഗ്രസ് നേതാക്കളോടാണ് കാര്യങ്ങൾ തിരക്കിയത്. മുരളീധരൻ എന്ന അച്ഛന്റെ വിജയമാണ് ഈ വിവാഹമെന്നായിരുന്നു അവരുടെ എല്ലാം മറുപടി. ആരോടും ഒന്നും പറയാത്ത പോരാളിയാണ് മുരളിയെന്നും അവർ കൂട്ടിച്ചേർത്തു.
മുരളിധരന്റെ കുറിപ്പ്:
എന്റെ മകൻ ശബരിനാഥന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.
മകന്റെ വിവാഹത്തെ കുറിച്ച് എല്ലാ സഹപ്രവർത്തകരോടും മുരളീധരൻ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും കൂടിചേരലുകൾ ഒഴിവാക്കേണ്ടി വന്നതെന്നും വിശദീകരിക്കുകയും ചെയ്തു. എല്ലാം അറിയാവുന്ന സഹപ്രവർത്തകരും നേതാക്കളും മുരളീധരന് പൂർണ്ണ പിന്തുണ നൽകി. അങ്ങനെ മകനേയും മരുമകളേയും ചേർത്ത് നിർത്തി രജിസ്റ്റർ മാരീജ്. വിവാഹത്തിന് ശേഷം മകന്റെ ഭാര്യയെ മകൾ എന്ന് വിളിച്ച് തന്നെ സമൂഹത്തിന് മുന്നിൽ ചേർത്ത് നിർത്തുകയാണ് മുരളീധരൻ എന്ന അച്ഛൻ.
മറുനാടന് മലയാളി ബ്യൂറോ