- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര നയം മാറ്റി, അവരിപ്പോൾ മതേതര സംഘടനയെന്ന് കെ മുരളീധരൻ; നീക്കുപോക്കില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി; അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപിസിസി അധ്യക്ഷനുമുള്ളത്; വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് കേന്ദ്ര നിർദേശമെന്നും മുല്ലപ്പള്ളി
കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം കോൺഗ്രസിനുള്ളിൽ തുടർ തർക്കങ്ങൾക്ക് കാരണമാകുന്നു. ഇക്കാര്യത്തെ ചൊല്ലി ഇനിയും തർക്കങ്ങൾ ഉണ്ടാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 'ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ നയം മാറ്റി. മതേതരനയമാണ് അവരിപ്പോൾ പിന്തുടരുന്നത്.' വെൽഫെയറുമായുള്ള നീക്കുപോക്ക് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും കെ. മുരളീധരൻ പ്രതികരിച്ചു. 'പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാൽ പാർട്ടി പ്രവർത്തകർ അനുസരിക്കണം. ഇല്ലെങ്കിൽ നടപടിയെടുക്കും. ഇത് സ്വാഭാവികമാണ്.' മുരളി പ്രതികരിച്ചു.
അതേസമയം മുരളീധരനെ തള്ളിയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. ഘടകകക്ഷികളുമായല്ലാതെ ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് കോൺഗ്രസ് നേരത്തെ നിർദ്ദേശം കൊടുത്തിരുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വെൽഫെയർ- യു.ഡി.എഫ്. ബന്ധത്തെ എതിർത്ത മൂന്ന് കോൺഗ്രസുകാരെ മുക്കത്ത് കോഴിക്കോട് ഡി.സി.സിയുടെ നേതൃത്വത്തിൽ പുറത്താക്കിയല്ലോയെന്ന ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്നും പരിശോധിക്കുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
'അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിലപാടാണ് കെപിസിസി അധ്യക്ഷനുമുള്ളത്. വെൽഫെയർ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശം. അതാണ് ഞാൻ പറഞ്ഞത്.' തനിക്കായി മറ്റൊരു നിലപാടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മുരളിയുടെ പരാമർശത്തിൽ അദ്ദേഹത്തോട് തന്നെ ചോദിക്കൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇതിനിടെ, വെൽഫെയർ ബന്ധത്തിൽ കൃത്യമായ മറുപടി പറയാതെ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും ഒഴിഞ്ഞ് മാറി. എസ്.ഡി.പിഐയുമായാണ് സിപിഎമ്മിന് പലയിടത്തും സഖ്യമുള്ളത്. മലപ്പുറം മുനിസിപ്പാലിറ്റിയിലടക്കം കൂട്ടുകെട്ടുണ്ട്. ഇക്കാര്യങ്ങൾ നി പരിശോധിച്ചാൽ മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെൽഫയർ പാർട്ടിയുമായി സഖ്യമില്ലെന്നും നീക്കുപോക്കു മാത്രമാണുള്ളതെന്ന് എംഎം ഹസൻ വ്യക്തമാക്കി. ഭൂരിപക്ഷം ജില്ലകളിലും യു ഡി എഫ് നേട്ടം ഉണ്ടാക്കുമെന്നായിരുന്നു യു ഡി എഫ് കൺവീനർ എം എം ഹസന്റെ പ്രതികരണം. കോട്ടയത്ത് ആശങ്കയില്ലെന്നും ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേത് അതിരുകടന്ന ആത്മവിശ്വാസമാണെന്നും ഹസൻ പറഞ്ഞു.
കോട്ടയത്ത് നേരത്തെ ഉണ്ടായിരുന്ന ആധിപത്യം യു ഡി എഫിന് ഉണ്ടാകുമെന്നതിൽ സംശയമില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആർക്കാണ് ക്ഷീണം ഉണ്ടാകാൻ പോകുന്നത് എന്ന് പതിനാറിന് ഉച്ച കഴിഞ്ഞ് പറയാം. മുഖ്യമന്ത്രി കണ്ണടച്ച് രവീന്ദ്രനെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിക്ക് അതിര് കടന്ന ആത്മവിശ്വാസമാണുള്ളത്. പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇതുപോലെ ആയിരുന്നുവെന്ന് ഹസൻ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ