തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടു എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനും സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. സ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സർക്കാർ മാറിയെന്ന് കെ. മുരളീധരൻ പറഞ്ഞു.''മന്ത്രിമാരും മന്ത്രി പുത്രന്മാരുമായാണ് സ്വപ്നയുടെ ലിങ്ക്. അത്തരം ആരോപണങ്ങൾ ഞങ്ങൾ ഉന്നയിക്കുന്നില്ല, മന്ത്രി പുത്രനെക്കുറിച്ച് പത്രങ്ങളിൽ വാർത്ത കാണുന്നു. വരും ദിവസങ്ങളിൽ പുറത്ത് വരുമായിരിക്കും. സ്വർണ്ണകള്ളക്കടത്തിന്റെ പേരിൽ രാജ്യത്തെ ഒരു കോൺഗ്രസ് നേതാവിനേയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ല.

ചിദംബരം, ശിവകുമാർ അന്വേഷണങ്ങളെക്കെ വേറെ സംഭവങ്ങളുടെ പേരിലാണ്. മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയോയെന്ന സംശയം ഉയരാൻ കാരണക്കാരൻ ജലീൽ മാത്രമാണ്. ആവശ്യമില്ലാതെ മതത്തെ ഇതിലേക്ക് വലിച്ചടരുത്. ലാവ്‌ലിൻ കേസിൽ കോടതി പരാമർശം വന്നപ്പോൾ അന്ന് സിപിഎം പറഞ്ഞത് പിണറായി പാർട്ടി സെക്രട്ടറിയാണ്, മന്ത്രിയായിരുന്നങ്കിൽ രാജിവെച്ചേനേയെന്നാണ്. ജലീൽ പാർട്ടി സെക്രട്ടറിയല്ല , മന്ത്രിയാണ്

ജലീൽ രാജിവെക്കണം ഇല്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ച് വാങ്ങണം. രാജിവെക്കാതെ സമരത്തിൽ നിന്ന് മാറില്ല കോവിഡിന്റെ പേരിൽ സമരത്തിൽ നിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ല. ഇ.പി ജയരാജനും , ശശീന്ദ്രനും, തോമസ് ചാണ്ടിക്കുമില്ലാത്ത എന്ത് പ്രത്യേകതയാണ് ജലീലിനുള്ളത്''. കെ. മുരളീധരൻ ചേദിച്ചു.

അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തകാര്യം മൂടിവയ്ക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ ടി ജലീൽ ഇന്നു രംഗത്തുവന്നിരുന്നു. മറച്ചുവയ്‌ക്കേണ്ടത് മറച്ചുവയ്ക്കുകയും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധർമ്മ യുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും തന്നെക്കുറിച്ച് കെട്ടുകഥകളും നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ തനിക്ക് മനസില്ലെന്നും അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതലക്കെട്ടിലുള്ള ഫേസ്‌ബുക്ക് കുറിപ്പിൽ മന്ത്രി വ്യക്തമാക്കുന്നു. വീട്ടിൽ ആളുകളുടെ നിവേദനങ്ങളും പരാതികളും പരിശോധിക്കുന്നതിന്റെ ചിത്രവും മറുപടിക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്‌ബുക്ക്‌പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു:

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.

ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.