തിരുവനന്തപുരം: കണ്ണൂരിൽ യുത്ത്‌കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളിധകരൻ.കെ സുധാകരന് കീഴിൽ കോൺഗ്രസ് രണ്ടും കൽപ്പിച്ചാണെന്ന് വ്യക്തമാക്കുന്നതാണ് മുരളിധരന്റെ മുന്നറിയിപ്പ്.ശരീരം തൊട്ട് കളി വേണ്ടെന്നും അടിച്ചാൽ തിരിച്ചടി ഉറപ്പെന്നും കെ മുരളീധരൻ മുന്നറിയിപ്പ് നൽകി.അത് എവിടെച്ചെന്ന് നിൽക്കുമെന്ന് പറയാൻ കഴിയില്ല. തല്ലിയാൽ തല്ലുകൊള്ളുന്നതല്ല സെമികേഡർ. തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിൽ സെമി കേഡർ ഉണ്ട്. കൊലപാതകമല്ല സെമി കേഡർ. തല്ലിയാൽ കൊള്ളുന്നതുമല്ല. തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയാണ്. അത് വേണ്ടിവരും. കാരണം വളഞ്ഞിട്ട് തല്ലിയാൽ പിന്നെ എന്തുചെയ്യും. പൊലീസിൽനിന്നും നീതി കിട്ടില്ല. ഗാന്ധിജി പറഞ്ഞ ആശയത്തിൽനിന്ന് ഞങ്ങൾ മാറിയിട്ടില്ല. ഇടത്തേ കവിളത്ത് അടിച്ചാൽ വലത്തേ കവിൾ കാണിച്ചുകൊടുക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. അതിനുശേഷം അദ്ദേഹം പറഞ്ഞിട്ടില്ല. അതുകൊണ്ട് തല്ലുന്നവന് തിരിച്ച് രണ്ട് കൊടുക്കുകയേ നിവൃത്തിയുള്ളൂ. അത് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകും.

ദേഹത്ത് തൊട്ടുള്ള കളിയാണ് തകരാറ്. ആരെയും വെല്ലുവിളിക്കാം കുഴപ്പമില്ല, പക്ഷെ ശരീരത്തിൽ തൊട്ടാൽ കളിമാറും. അത് എവിടെയൊക്കെ ചെന്നുനിൽക്കുമെന്ന് ആർക്കും അറിയില്ല. അതുകൊണ്ട് അതൊക്കെ നിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.വിഷയത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. പ്രമുഖ നേതാക്കൾ ഒക്കെത്തന്നെയും വിഷയത്തിൽ സിപിഎമ്മിനെ വിമർശിച്ച് രംഗത്ത് വന്നു.

സിൽവർ ലൈനുമായി ബന്ധപ്പെട്ട സമരങ്ങളെ ക്രൂരമായ അടിച്ചമർത്താമെന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആദ്യമായല്ല യോഗം നടക്കുന്ന സ്ഥലത്തേക്ക് യുവജന സംഘടനകൾ സമരം നടത്തുന്നത്. പത്തു പേരെ അറസ്റ്റു ചെയ്ത് നീക്കുന്നതിന് പകരം പൊലീസ് അവരെ പിടിച്ചുകൊടുക്കുകയായിരുന്നു. സിപിഎം ഗുണ്ടകളാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചത്. മന്ത്രിയുടെ ഗൺമാനും സിപിഎം നേതാക്കളുടെ ഡ്രൈവർമാരും ഉൾപ്പെടെയുള്ളവരാണ് മർദ്ദിച്ചത്. സിൽവർ ലൈനിന് എതിരായ സമരങ്ങളെ മർദ്ദനം കൊണ്ടും പൊലീസിനെ കാണിച്ചും അടിച്ചമർത്താമെന്നത് വെറും വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനൊക്കെ എതിരായ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരും. ബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലും സംഭവിച്ചത് സിപിഎമ്മിന് കേരളത്തിലും ഉണ്ടാകും. അവിടെയും സമരം ചെയ്തവരെ പാർട്ടി ഗുണ്ടകൾ വഴിയിലിട്ട് മർദ്ദിച്ചിട്ടുണ്ട്. സിംഗൂരും നന്ദിഗ്രാമുമാണ് കേരളത്തിലും ആവർത്തിക്കുന്നത്. സിപിഎമ്മിന്റെ ഇപ്പോൾ കാണിക്കുന്ന ധാർഷ്ട്യം അവരുടെ അവസാനത്തിന്റെ തുടക്കമാണ്. സിൽവർ ലൈന് എതിരായ സമരം അടിച്ചമർത്താമെന്നു കരുതേണ്ട. ഇത് ജനകീയ സമരമായി വളരുകയാണ്. കൊള്ള നടത്താൻ സർക്കാരിനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം റിജിൽ മാക്കുറ്റിയെ പരിഹസിച്ച് കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തി.മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം വിജയരാജൻ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിലായിരുന്നു പരിഹാസം.

' എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോൾ പാന്റില്. കള്ള സുവർ... സാധാരണ മുണ്ടും ഷർട്ടുമാണ്... ഖദർ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്സ് ആപ്പിൽ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോൾ റിജിൽ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോൾ പാന്റിൽ.'- ജയരാജൻ പറഞ്ഞു.

നേരത്തെ, പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് വേഷംമാറിവന്ന ഗുണ്ടകളാണെന്ന് എം വിജയരാജൻ ആരോപിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചവർ സമരക്കാരല്ല, കാറിലെത്തിയ ഗുണ്ടകളാണ്. ജനാധിപത്യപരമായ രീതിയിൽ നടത്തുന്ന സമരത്തെ ആരും എതിർക്കില്ല. പല സംഘടനകളും പല വിഷയങ്ങളിലും ഇതിനുമുമ്പും സമരങ്ങൾ നടത്തിയിട്ടുണ്ട്. അഞ്ചുപേർമാത്രം ദിനേശ് ഓഡിറ്റോറിയത്തിലെത്തിയത് സമരം നടത്താനല്ല. അക്രമം നടത്താനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പരിപാടിയിൽ പങ്കെടുത്തവർ ആത്മസംയമനം പാലിച്ചതിനാലും പൊലീസ് ഉടൻ തന്നെ ഗുണ്ടകളെ അറസ്റ്റ് ചെയ്ത് നീക്കിയതിനാലുമാണ് കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരുന്നത്. നാടിന്റെ സമാധാനം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന കെ-റെയിൽ വിശദീകരണ യോഗത്തിലേക്ക് കടന്നുകയറി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മർദ്ദനം ഏൽക്കേണ്ടിവന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവർക്ക് മർദ്ദനമേറ്റിരുന്നു.