തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. രാഷ്ട്രപതിയുടെ സന്ദർശന വേളയിൽ ഉണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യക്കെതിരെ കെ മുരളീധരൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറിയത് വിവരമില്ലാത്തതുകൊണ്ടാണെന്ന് കെ മുരളീധരൻ വിമർശിച്ചു. ചട്ടങ്ങൾ പറഞ്ഞു കൊടുക്കാൻ സിപിഐമ്മിൽ ബുദ്ധിയുള്ള ആരുമില്ലേയെന്നും കെ മുരളീധരൻ ചോദിച്ചു.

'ആദ്യം തന്നെ തിരുവനന്തപുരത്തെ ഒരു മേയറുണ്ട്. അവരെ വിമർശിച്ചതിനാണ് എന്റെ പേരിൽ കേസ് എടുത്തത്. പക്ഷെ ഇപ്പോ അതിന് വിവരമില്ല എന്ന് കാര്യം മനസ്സിലായി. ആരെങ്കിലും ചെയ്യോ.... രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് ഹോണടിച്ചിട്ട് ഇടിച്ചു കയറ്റുകയാണ്. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ച് കയറിയാൽ സ്പോട്ടിൽ വെടിവെക്കുക എന്നതാണ് നയം. കീ... എന്ന് പറഞ്ഞ് ഹോണടിച്ചങ്ങ് കയറ്റുകയാണ്. അതിന് പകരം ഠേ എന്നായിരിക്കും മറുപടി.

ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാൻ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സിപിഐഎമ്മിലില്ലേ,' കെ മുരളീധരൻ ചോദിച്ചു.നേരത്തെയും ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരൻ വിവാദ പരാമർശം നടത്തിയിരുന്നു. കോർപ്പറേഷനെതിരായ നികുതി വെട്ടിപ്പ് ആരോപണത്തിലെ കോൺഗ്രസ് സമര വേദിയിലായിരുന്നു മുരളീധരന്റെ വാക്കുകൾ. 'കാണാൻ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ... പക്ഷെ വായിൽ നിന്നും വരുന്നതുകൊടുങ്ങല്ലൂർ ഭരണിപാട്ടിനേക്കാൾ ഭയാനകമായ വർത്തമാനങ്ങളാണ്.

ഇതൊക്കെ ഇന്നലെ പെയത മഴയത്ത് മാത്രം കിളിർത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും.ഇത്തരത്തിൽ നിരവധി പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കിൽ മേയറെ നോക്കി കനക സിംഹാസനത്തിൽ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.' എന്നായിരുന്നു മുരളീധരന്റെ പരാമർശം.